Connect with us

National

മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ നവംബർ 13 മുതൽ രണ്ട് ഘട്ടങ്ങളിലായി

രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നവംബർ 23-ന് നടക്കും

Published

|

Last Updated

ന്യൂഡൽഹി | മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ നവംബർ 13 മുതൽ രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജാർഖണ്ഡിൽ രണ്ട് ഘട്ടങ്ങളിലായി നവംബർ 13, 20 തീയതികളിലും മഹാരാഷ്ട്രയിൽ ഒരു ഘട്ടമായി നവംബർ 20 നും വോട്ടെടുപ്പ് നടക്കും. ഇതോടൊപ്പം 47 നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പും നവംബർ 13ന് നടക്കും.

രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നവംബർ 23-ന് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

മഹാരാഷ്ട്രയിൽ 9.63 കോടി വോട്ടർമാരുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1.31 കോടി പുരുഷ വോട്ടർമാരും 1.29 കോടി സ്ത്രീ വോട്ടർമാരുമുള്ള ജാർഖണ്ഡിൽ ആകെ 2.60 കോടി വോട്ടർമാരുണ്ട്. സംസ്ഥാനത്ത് 11.84 ലക്ഷം കന്നി വോട്ടർമാരും 66.84 ലക്ഷം യുവ വോട്ടർമാരുമുണ്ട്.

രണ്ട് ഘട്ടങ്ങളിലേക്കുള്ള ഗസറ്റ് വിജ്ഞാപനം യഥാക്രമം ഒക്ടോബർ 18, 22 തീയതികളിൽ പുറപ്പെടുവിക്കുമെന്നും രാജീവ് കുമാർ അറിയിച്ചു. നാമനിർദേശക പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര് 25, 29, നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബര് 28, 30, നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി യഥാക്രമം ഒക്ടോബര് 30, നവംബര് 1 എന്നിങ്ങനെയാണ്.

85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം.

മഹാരാഷ്ട്രയിൽ 288 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 145 സീറ്റുകൾ വിജയിക്കുന്ന കക്ഷികൾ കേവല ഭൂരിപക്ഷം നേടും.

ജാർഖണ്ഡിൽ, 81 നിയമസഭാ സീറ്റുകളുണ്ട്. 42 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ. ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി 5 ന് അവസാനിക്കും.