National
മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും ഇന്ന് വിധിയെഴുതുന്നു; പോളിംഗ് തുടങ്ങി
മഹാരാഷ്ട്രയില്‍ 288 മണ്ഡലങ്ങളില്‍ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ വിജയം ആര്‍ക്കെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
മുംബൈ | മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ഏഴിന് ആരംഭിച്ചു. മഹാരാഷ്ട്രയില്‍ 288 മണ്ഡലങ്ങളില്‍ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ വിജയം ആര്‍ക്കെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ശിവസേനയെയും എന്‍സിപിയെയും പിളര്‍ത്തിയാണ് സംസ്ഥാനത്ത് എന്‍ഡിഎ ഭരണം ഉറപ്പിച്ചത്. പിളര്‍ന്നവരില്‍ ആര്‍ക്കൊപ്പമാണ് വോട്ടര്‍മാരെന്നാണ് ഇനി കണ്ടറിയേണ്ട്. പരമാവധി സീറ്റുകളില്‍ വിജയിക്കുക എന്നതില്‍ കവിഞ്ഞ് യാതൊന്നും പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നില്ല.മഹായുതി സഖ്യം തുടര്‍ഭരണമാണ് ലക്ഷ്യമിടുന്നത്.
4136 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1,00,186 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്.9.7 കോടി വോട്ടര്‍മാരാണ് വോട്ടര്‍പട്ടികയിലുള്ളത്. 23നാണ് വോട്ടെണ്ണല്‍.
ഝാര്‍ഖണ്ഡില്‍ രണ്ടാം ഘട്ടത്തില്‍ 38 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. ഈ മാസം 13 നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്.മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറണ്ടി, പ്രതിപക്ഷ നേതാവ് അമര്‍ ബൗരി, സ്പീക്കര്‍ രവീന്ദ്രനാഥ് മഹാതോ, ജെഎംഎം നേതാവ് കല്‍പ്പന സോറന്‍, മുഖ്യമന്ത്രിയുടെ സഹോദരന്‍ ബസന്ത് സോറന്‍, മന്ത്രി ഇര്‍ഫാന്‍ അന്‍സാരി, മുന്‍ ഉപമുഖ്യമന്ത്രി സുധേഷ് മഹാതോ തുടങ്ങിയവര്‍ ഇന്ന് ജനവിധി തേടുന്നുണ്ട്.