Connect with us

National

മഹാരാഷ്ട്ര ഡി ജി പി രശ്മി ശുക്ലയെ സ്ഥലം മാറ്റാൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസും ശിവസേന(ഉദ്ദവ് താക്റെ) യും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

Published

|

Last Updated

മുംബൈ | മഹാരാഷ്ട്ര ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) രശ്മി ശുക്ലയെ സ്ഥലം മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസും ശിവസേന(ഉദ്ദവ് താക്റെ) യും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നവംബർ 20ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം.

കേഡറിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് ചുമതല കൈമാറാൻ ശുക്ലയോട് ആവശ്യപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. ഡിജിപിയായി നിയമിക്കുന്നതിന് മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ അടങ്ങിയ പാനൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കകം അയയ്ക്കാനും ചീഫ് സെക്രട്ടറിയോട് ഇസി ആവശ്യപ്പെട്ടു.

ശുക്ല പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ്, ശിവസേന (യുബിടി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്ചന്ദ്ര പവാർ) നേതാക്കൾ ഒക്ടോബർ 31 ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പൂനെ പോലീസ് കമ്മീഷണറായിരുന്നപ്പോൾ പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തിയതായി പരാതിയിൽ ആരോപിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി (എംവിഎ) അധികാരത്തിലിരുന്നപ്പോൾ, ശിവസേന (യുബിടി) എംപി സഞ്ജയ് റാവുത്തിനെപ്പോലുള്ള നേതാക്കളുടെ ഫോൺ ചോർത്തി എന്നാരോപിച്ച് ശുക്ലയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഏകനാഥ് ഷിൻഡെ – ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് കേസുകൾ അവസാനിപ്പിച്ചത്.