Connect with us

National

സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കാനുള്ള തീരുമാനം; പ്രതിഷേധത്തിനുശേഷം ഉത്തരവ് പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

ഹിന്ദി ഓപ്ഷണല്‍ വിഷയമാകുമെന്നും മറാത്തിയും ഇംഗ്ലീഷും മുന്‍ഗണനാ ഭാഷകളായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ അറിയിച്ചു.

Published

|

Last Updated

മുംബൈ| സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ശിവസേന ഉദ്ധവ് പക്ഷവും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് തീരുമാനം. ഹിന്ദി ഓപ്ഷണല്‍ വിഷയമാകുമെന്നും മറാത്തിയും ഇംഗ്ലീഷും മുന്‍ഗണനാ ഭാഷകളായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ അറിയിച്ചു.

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധമാക്കി ഏപ്രില്‍ 16 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഈ വ്യവസ്ഥ സംസ്ഥാന സ്‌കൂള്‍ കരിക്കുലം ഫ്രെയിംവര്‍ക്ക്-2024 ല്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി എതിര്‍പ്പ് അറിയിക്കുകയായിരുന്നു. പിന്നാലെ ‘നിര്‍ബന്ധിതം’ എന്ന പദം നീക്കം ചെയ്യുമെന്നും ഹിന്ദി ഓപ്ഷണല്‍ വിഷയമായി പഠിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ഹിന്ദി പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് മറാത്തിക്കും ഇംഗ്ലീഷിനുമൊപ്പം പഠിക്കാം. പരിഷ്‌കരിച്ച ഭാഷാ നയം വിശദീകരിക്കുന്ന പുതിയ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും.

 

 

Latest