National
മഹാരാഷ്ട്ര കാവൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നേരത്തെ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഷിൻഡെ രോഗം ഭേദമായി സതാരയിലെ സ്വന്തം ഗ്രാമത്തിൽ നിന്ന് മുംബൈയിലേക്ക് മടങ്ങി ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്.

മുംബൈ | മഹാരാഷ്ട്രയിൽ സർക്കാര രൂപവത്കരണ ശ്രമങ്ങൾ സജീവമായി നടക്കുന്നതിനിടെ കാവൽ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെയെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ പരിശോധനകൾക്ക് വിധേയമാക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഷിൻഡെയുടെ ആരോഗ്യനില പൂർണ്ണമായി പരിശോധിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
ആശുപത്രിയിലേക്ക് പോകുന്നതിനിടെ, ആരോഗ്യനില സംബന്ധിച്ച ചോദ്യത്തിന് ‘എല്ലാം നല്ലത്’ എന്ന് ഷിൻഡേ മറുപടി നൽകി.
ഏക്നാഥ് ഷിൻഡെയ്ക്ക് തൊണ്ടയിലെ അണുബാധ, ക്ഷീണം, പനി എന്നിവയുണ്ടെന്ന് ശിവസേന നേതാവ് ഉദയ് സമന്ത് പറഞ്ഞു. അദ്ദേഹത്തെ രക്തപരിശോധനയ്ക്ക് വിധേയനാക്കും. ഇതൊരു പതിവ് പരിശോധനയാണ്. അതിനുശേഷം അദ്ദേഹം മുംബൈയിലെ ഔദ്യോഗിക വസതിയായ വര്ഷയിലേക്ക് മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഷിൻഡെ രോഗം ഭേദമായി സതാരയിലെ സ്വന്തം ഗ്രാമത്തിൽ നിന്ന് മുംബൈയിലേക്ക് മടങ്ങി ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്.
അതേസമയം, ഡിസംബർ അഞ്ചിന് നടക്കാനിരിക്കുന്ന മഹായുതി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ബിജെപി ഒരുക്കങ്ങൾ സജീവമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിന്റെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ ബിജെപി നേതാവ് ഗിരീഷ് മഹാജൻ ഏക്നാഥ് ഷിൻഡെയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.