nawab malik ncp
മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിനെ ഇ ഡി അറസ്റ്റ് ചെയ്തു
ഇന്ന് രാവിലെ മുതൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മുംബൈ | മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലികിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. മുംബൈ അധോലോകവുമായും ദാവൂദ് ഇബ്‌റാഹീമും കൂട്ടാളികളുമായും ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമാണ് മന്ത്രിക്കെതിരെ ഇ ഡി ഉയര്‍ത്തിയത്. ഇന്ന് രാവിലെ മുതൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഈയടുത്ത് ഇ ഡി നിരവധിയിടങ്ങളില്‍ റെയ്ഡ് നടത്തുകയും ദാവൂദ് ഇബ്‌റാഹീമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെ അറസ്റ്റും ചെയ്തിരുന്നു. നവാബ് മാലികിന്റെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഇ ഡിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
രാവിലെ ആറ് മണിക്കാണ് മാലികിന്റെ വസതിയില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയത്. അവിടെ വെച്ച് ഒരു മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം ഇ ഡി ഓഫീസിലെത്തി മണിക്കൂറുകളോളം ചോദ്യം ചെയ്യുകയായിരുന്നു. കേന്ദ്ര ഏജന്‍സികളും ബി ജെ പിയും തമ്മിലുള്ള ബന്ധം തുടര്‍ച്ചയായി വെളിപ്പെടുത്തിയതിനാലാണ് മാലികിനെ അറസ്റ്റ് ചെയ്തതെന്ന് എന്‍ സി പി വക്താവ് സഞ്ജയ് തത്കാരെ പറഞ്ഞു. ശിവസേനയും എന്‍ സി പിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള പുതിയ പോരിന് കൂടി ഇത് ഇടയാക്കും.