Connect with us

From the print

മഹാരാഷ്ട്ര: മോദി വന്നിടത്തെല്ലാം തോറ്റു

18 ലോക്സഭാ മണ്ഡലങ്ങളിലാണ് മോദി റാലികളും മറ്റ് പരിപാടികളും സംഘടിപ്പിച്ചത്. ചിലയിടങ്ങളില്‍ ഒന്നിലധികം തവണ പ്രധാനമന്ത്രിയെത്തി. പക്ഷേ, ഇവയില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ബി ജെ പിക്ക് ജയിക്കാനായത്

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 23 സീറ്റില്‍ നിന്ന് ഒമ്പതിലേക്കുള്ള ബി ജെ പിയുടെ പതനം നരേന്ദ്ര മോദിയുടെ പ്രതിച്ഛായാ നഷ്ടം കൂടി അടയാളപ്പെടുത്തുന്നു. നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയ ഭൂരിപക്ഷം സീറ്റിലും ബി ജെ പി ദയനീയമായി തോറ്റു. 18 ലോക്സഭാ മണ്ഡലങ്ങളിലാണ് മോദി റാലികളും മറ്റ് പരിപാടികളും സംഘടിപ്പിച്ചത്. ഇവയില്‍ ചിലയിടങ്ങളില്‍ ഒന്നിലധികം തവണ പ്രധാനമന്ത്രിയെത്തി. പക്ഷേ, ഇവയില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ബി ജെ പിക്ക് ജയിക്കാനായത്. മുംബൈയില്‍ മാത്രം ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ മോദി പ്രചാരണത്തിനെത്തി. നാലിടത്തും തോറ്റു. മുംബൈ നോര്‍ത്തില്‍ നിന്ന് പിയൂഷ് ഗോയലും നോര്‍ത്ത്- വെസ്റ്റ് സീറ്റില്‍ നിന്ന് രവീന്ദ്ര വെയ്ക്കറുമാണ് വിജയിച്ചത്.

മുംബൈ നോര്‍ത്ത്- ഈസ്റ്റ് മണ്ഡലത്തിലെ ഗോട്കോപാറില്‍ മോദി കൂറ്റന്‍ റോഡ് ഷോ നടത്തിയിരുന്നു. ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി മിഹിര്‍ കൊട്ടേച, ശിവസേനാ (ഉദ്ധവ്) സ്ഥാനാര്‍ഥി സഞ്ജയ് ദിനാ പാട്ടീലിനോട് 29,000 വോട്ടുകള്‍ക്ക് തോറ്റു. പൂണെയില്‍ ബി ജെ പി സ്ഥാനാര്‍ഥി മുരളീധര്‍ മൊഹോളിനായി മോദി എത്തിയെങ്കിലും ജയിച്ചത് കോണ്‍ഗ്രസ്സിലെ രവീന്ദ്ര ധാന്‍ഗേകറായിരുന്നു. ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം.

നാസിക്കില്‍ ഷിന്‍ഡെ വിഭാഗത്തിനായി മോദി വന്നു. ഇവിടെയും ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തോറ്റു. നന്ദേദില്‍ സിറ്റിംഗ് ബി ജെ പി. എം പി പ്രതാപ് ഗോവിന്ദ റാവു ചിഖലിഗാര്‍ പാട്ടീലിനായി പ്രചാരണ റാലിയില്‍ പ്രസംഗിച്ചെങ്കിലും മോദി മാജിക് ഏശിയില്ല. ഇതുപോലെ ചന്ദ്രപൂര്‍, റാംടെക്, വാര്‍ധ, പര്‍ഭാനി, കോലാപ്പൂര്‍, സോളാപ്പൂര്‍, സത്താര, മാധ, ധാരാശിവ്, ലത്തൂര്‍, അഹമദ്നഗര്‍, ബീഡ്, നാന്ദുര്‍ബാര്‍, കല്യാണ്‍, ദിന്ദോരി തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം മോദി വന്‍ റാലികളില്‍ പങ്കെടുത്തെങ്കിലും എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ പച്ചതൊട്ടില്ല. മഹാരാഷ്ട്രയില്‍ 2019ലെ വിജയം ആവര്‍ത്തിക്കാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു മോദി ഇത്രയേറെ റാലികളില്‍ പങ്കെടുത്തത്.

 

Latest