Connect with us

Articles

മഹാരാഷ്ട്ര: ജാഗ്രതയോടെ മുന്നണികള്‍

അഭിപ്രായ സര്‍വേകളില്‍ മഹായുതി സഖ്യത്തിന് മുന്‍തൂക്കമുണ്ടെങ്കിലും സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവും അഴിമതിയും കര്‍ഷക പ്രശ്നങ്ങളും വോട്ടായി മാറിയാല്‍ 'ഇന്ത്യ' സഖ്യത്തിന് ഇരുപത് സീറ്റെങ്കിലും പിടിക്കാനാകും.

Published

|

Last Updated

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ലോക്സഭയിലേക്ക് അയക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം വലതുപക്ഷ രാഷ്ട്രീയത്തിന്റെ പരീക്ഷണശാല കൂടിയാണ്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനമായതിനാല്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും കോര്‍പറേറ്റ് താത്പര്യങ്ങളും ഇടപെടാറുണ്ട് എന്നത് മറ്റൊരു സവിശേഷതയാണ്. സമീപകാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ച കുതിരക്കച്ചവടത്തിനും കൂറുമാറ്റങ്ങള്‍ക്കും ശേഷമുണ്ടായ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പ് എന്ന നിലയിലും വര്‍ഷാവസാനം സംസ്ഥാന അസംബ്ലിയിലേക്ക് കൂടി തിരഞ്ഞെടുപ്പ് നടക്കുന്നു എന്ന നിലയിലും ഇരു മുന്നണികളും വലിയ ജാഗ്രതയോടെ സമീപിക്കുന്ന സംസ്ഥാനം കൂടിയാണിത്. അതേസമയം ഒരു ലോക്സഭാ തിരഞ്ഞെടുപ്പിനെ സംസ്ഥാന രാഷ്ട്രീയത്തിന്റെ സ്വഭാവം വെച്ച് വിലയിരുത്തുന്നതില്‍ പൂര്‍ണതയില്ലെങ്കിലും മഹാരാഷ്ട്രയിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടക്കാലത്ത് ഉണ്ടായ എല്ലാ ചലനങ്ങളുടെയും സ്വാധീനമുണ്ടാകുമെന്നുറപ്പാണ്.

കഴിഞ്ഞ പത്ത് വര്‍ഷം സംസ്ഥാനം ഭരിച്ച എല്ലാ മുഖ്യമന്ത്രിമാരും വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രചാരകരാണ് എന്നതാണ് ഏറ്റവും അപകടം പിടിച്ച യാഥാര്‍ഥ്യം. 2019ല്‍ ബി ജെ പി സഖ്യം ഉപേക്ഷിച്ച് വന്ന ശിവസേനയെ കൂടി ഉള്‍പ്പെടുത്തി നേരത്തേയുള്ള കോണ്‍ഗ്രസ്സ് – എന്‍ സി പി സഖ്യം മഹാവിഖാസ് അഘാഡി എന്ന പേരില്‍ വിശാല സഖ്യമുണ്ടാക്കി അധികാരം പിടിച്ചപ്പോഴും മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് തന്നെയായിരുന്നു. പിന്നീട് ബി ജെ പി ശിവസേനയെ പിളര്‍ത്തി സേനയുടെ ആകെയുള്ള 56ല്‍ 40 എം എല്‍ എമാരെയും ഒപ്പം കൂട്ടി ഏക്നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി. പിന്നീട് ശരദ് പവാറിന്റെ എന്‍ സി പിയെ പിളര്‍ത്തി ആകെയുള്ള 54 എം എല്‍ എമാരില്‍ 40 അംഗങ്ങളെയും ഒപ്പം കൂട്ടി പവാറിന്റെ അനന്തരവന്‍ അജിത്ത് പവാറിനെ ഉപമുഖ്യമന്ത്രിയുമാക്കി. 104 സീറ്റുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്‍വലിഞ്ഞതില്‍ വിശാലമായ താത്പര്യങ്ങളുണ്ട്. ഈ വലിയ ത്യാഗത്തിന് ഭാവിയില്‍ നേട്ടമുണ്ടാക്കാം എന്ന കണക്കുകൂട്ടലിലാണ് ബി ജെ പി. എങ്ങനെയെങ്കിലും അധികാരം പിടിക്കുക എന്നതിനപ്പുറം സംസ്ഥാനത്തെ പ്രബലരായ രണ്ട് രാഷ്ട്രീയ കക്ഷികളെ പിളര്‍ത്തി ഇല്ലാതാക്കുക എന്നതായിരുന്നു ബി ജെ പിയുടെ ഈ നീക്കത്തിന്റെ കാതലായ ലക്ഷ്യം. അതുകൊണ്ട് തന്നെ ശരദ് പവാര്‍, അജിത് പവാര്‍, ഉദ്ദവ് താക്കറെ, ഏക്നാഥ് ഷിന്‍ഡെ തുടങ്ങിയ നേതാക്കള്‍ക്കിത് കരുത്ത് തെളിയിക്കാനും വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലേക്ക് നിലമൊരുക്കാനും ഉള്ള വേദി കൂടിയാണ്.

ബി ജെ പിയുടെ കുതിരക്കച്ചവടത്തില്‍ അധികാരവും പാര്‍ലിമെന്ററി രംഗത്തെ സ്വാധീനവും നഷ്ടപ്പെട്ട രണ്ട് നേതാക്കളാണ് ശരദ് പവാറും ഉദ്ദവ് താക്കെറയും. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് ഇരിക്കെ തന്നെ പാര്‍ട്ടിയുടെ ചിഹ്നം വിമതര്‍ കൊണ്ടുപോയതാണ് ഈ രണ്ട് നേതാക്കളും തിരഞ്ഞെടുപ്പില്‍ നേരിടാനിരിക്കുന്ന വലിയ വെല്ലുവിളി. ബി ജെ പി സഖ്യം ഉപേക്ഷിച്ച ഉദ്ദവ് താക്കറെ അധികാരം നഷ്ടപ്പെട്ടിട്ടും ബി ജെ പിയോട് സന്ധിയില്ലാതെ പോരാടിയതോടെ ശിവസേനയുടെ പരമ്പരാഗത അണികള്‍ക്കിടയില്‍ ഉദ്ദവ് വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. അതേസമയം പാര്‍ലിമെന്ററി സംവിധാനത്തിനകത്ത് സ്വാധീനം നഷ്ടപ്പെട്ട ഉദ്ദവിന് ശക്തി തെളിയിക്കേണ്ട ബാധ്യത കൂടി ഈ തിരഞ്ഞെടുപ്പിലുണ്ട്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയം പ്രസംഗിക്കുന്ന ഷിന്‍ഡെക്ക് താനാണ് യഥാര്‍ഥ ശിവസേനക്കാരന്‍ എന്ന് അവകാശപ്പെടാനും കഴിയുന്നുണ്ട്. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം എം എല്‍ എമാരെയും എം പിമാരെയും ഒപ്പം കൂട്ടിയ ഷിന്‍ഡെക്ക് തിരഞ്ഞെടുപ്പില്‍ വലിയ മുന്‍തൂക്കമുണ്ട്. ആകെയുണ്ടായിരുന്ന 18 ലോക്സഭാ എം പിമാരില്‍ 13 പേരും ഷിന്‍ഡെ അനുകൂലികളാണ്. പക്ഷേ ഉദ്ദവിന്റെ പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തോട് ഒപ്പമെത്താന്‍ ഷിന്‍ഡെക്ക് ആകുന്നില്ല എന്നതാണ് മറ്റൊരു സത്യം. ‘ഇന്ത്യ’ സഖ്യത്തിനൊപ്പം 21 സീറ്റുകളില്‍ മത്സരിക്കുന്ന ഉദ്ദവ് തന്നെയാണ് ‘ഇന്ത്യ’ മുന്നണിയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. അതേസമയം എന്‍ സി പിയില്‍ സമാനമായ വെല്ലുവിളി നേരിടുന്ന ശരദ് പവാറിന് ആകെയുള്ള ആശ്വാസം സിറ്റിംഗ് എം പിമാരില്‍ നാലില്‍ മൂന്ന് പേരും തനിക്കൊപ്പമാണ് എന്നത് മാത്രമാണ്. പാര്‍ട്ടിയിലെ തന്റെ ഏറ്റവും വിശ്വസ്തന്‍ കൂടിയായിരുന്ന പ്രഫൂല്‍ പട്ടേല്‍ കൂടി അജിത്തിനൊപ്പം പോയതോടെ പവാറിന് ഈ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ നന്നായി വിയര്‍ക്കേണ്ടി വരും. അതിന് കഴിയാതെ പോയാല്‍ 83 വയസ്സ് പിന്നിട്ട പവാറിന് പിന്നീട് ഒരു തിരിച്ചു വരവ് സാധ്യമായിരിക്കില്ല. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് ബാരമതി. പവാറിലൂടെ എന്‍ സി പി ജയിച്ചു തുടങ്ങിയ മണ്ഡലത്തില്‍ 2009 മുതല്‍ മകള്‍ സുപ്രിയ സുലേയാണ് ജയിച്ചു വന്നത്. 2019ല്‍ രണ്ടാമതായി ഫിനിഷ് ചെയ്ത ബി ജെ പിയേക്കാള്‍ 12 ശതമാനം കൂടുതല്‍ വോട്ട് പെട്ടിയിലാക്കാന്‍ സുപ്രിയക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തവണ മണ്ഡലത്തില്‍ അജിത് പവാറിന്റെ ഭാര്യയാണ് എന്‍ ഡി എ സഖ്യത്തിന്റെ സ്ഥാനാര്‍ഥി. ഈ മണ്ഡലത്തിന്റെ വിധി എഴുത്ത് എന്‍ സി പിയിലെ അധികാര വടംവലിയുടെ വിജയ പരാജയത്തെ കൂടി അടയാളപ്പെടുത്തുന്നതാകും. ‘ഇന്ത്യ’ സഖ്യത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരെ ചര്‍ച്ച ചെയ്യപ്പെട്ട പവാറിന്റെ പേര് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ മാത്രമായി കെട്ടിയിട്ട ബി ജെ പിയുടെ പത്മവ്യൂഹം തകര്‍ക്കാനാകാതെ പോയാല്‍ പവാര്‍ എന്ന രാഷ്ട്രീയ ചാണക്യനെ രാഷ്ട്രീയ വനവാസത്തിലേക്ക് അയച്ച തിരഞ്ഞെടുപ്പ് കൂടിയായിട്ടാകും ഈ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുക.

കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകള്‍
മഹാ വിഘാസ് അഖാഡി സഖ്യത്തില്‍ ഉദ്ദവിന്റെ ശിവസേനയുമായും ശരദ് പവാറിന്റെ എന്‍ സി പിയുമായും ഉണ്ടായ സീറ്റ് തര്‍ക്കത്തില്‍ അവസാന നിമിഷം വരെ തര്‍ക്കം നിലനിന്ന സാംഗ്ലി, ഭിവണ്ടി സീറ്റുകള്‍ വിട്ടുകൊടുത്താണ് കോണ്‍ഗ്രസ്സ് സഖ്യത്തിന്റെ കെട്ടുറപ്പ് ഭദ്രമാക്കിയത്. മഹാരാഷ്ട്രയില്‍ എത്രമാത്രം കോണ്‍ഗ്രസ്സ് പക്വതയോടെ ഇടപെടുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവായി ഇതിനെ കാണാം. 21 സീറ്റ് ഉദ്ദവിനും 10 സീറ്റ് എന്‍ സി പിക്കും വിട്ടുനല്‍കിയ കോണ്‍ഗ്രസ്സ് 17 സീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. അതേസമയം സഖ്യത്തില്‍ മൂന്ന് പാര്‍ട്ടികളുടെയും വോട്ട് വിഹിതം ഒപ്പത്തിനൊപ്പമാണ് എന്ന കണക്കിലാണ് കോണ്‍ഗ്രസ്സ് പ്രതീക്ഷവെക്കുന്നത്. സംഘടനാപരമായി വലിയ വെല്ലുവിളികള്‍ ഇല്ലാതിരുന്ന സംസ്ഥാനത്ത് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ പ്രധാന മുഖവുമായിരുന്ന അശോക് ചവാന്റെ ബി ജെ പിയിലേക്കുള്ള കൂടുമാറ്റമാണ് ഇപ്പോള്‍ ബാധ്യതയായിരിക്കുന്നത്. ഭാരത് ജോഡോ ന്യായ് യാത്ര സമാപന സമ്മേളനത്തില്‍ കണ്ട ആള്‍ക്കൂട്ടവും കോണ്‍ഗ്രസ്സ് പ്രതീക്ഷകളെ ഉയര്‍ത്തിയിട്ടുണ്ട്. മാത്രവുമല്ല, 11 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ രണ്ടോ മൂന്നോ സീറ്റിനപ്പുറം വലിയ വിഭജനം ഉണ്ടാക്കാനിടയില്ല എന്നതും കോണ്‍ഗ്രസ്സിന് പ്രതീക്ഷയാണ്. കോണ്‍ഗ്രസ്സിന്റെ വോട്ട് പെട്ടിയില്‍ വലിയ ചോര്‍ച്ചയുണ്ടാക്കാന്‍ സാധ്യതയുള്ളത് പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയാണ്. ദളിത് രാഷ്ട്രീയം സംസാരിക്കുന്ന പ്രകാശ് അംബേദ്കര്‍ കഴിഞ്ഞ തവണ അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എമ്മുമായി ചേര്‍ന്ന് 7.08 ശതമാനം വോട്ട് പിടിച്ചിരുന്നു. കോണ്‍ഗ്രസ്സുമായി സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും അവസാന നിമിഷം ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.

മഹാ യുതിയിലെ പ്രതിസന്ധി
ഏക്നാഥ് ഷിന്‍ഡെയെയും അജിത് പവാറിനെയും സഖ്യത്തിലേക്ക് കൊണ്ടുവന്ന ബി ജെ പിക്ക് ഇപ്പോള്‍ വലിയ തലവേദനയായിരിക്കുന്നത് സീറ്റ് വിഭജനമാണ്. നേരത്തേ മുഖാമുഖം ഏറ്റുമുട്ടിയിരുന്ന പാര്‍ട്ടികള്‍ ഒരേ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്നതിലെ പ്രശ്നങ്ങളാണ് താനെ, നാസിക് അടക്കമുള്ള ഏഴ് സീറ്റുകളില്‍ തര്‍ക്കം തുടരുന്നതിന്റെ കാരണം. പ്രത്യയശാസ്ത്രപരമായി രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം സീറ്റ് വിഭജനം പൂര്‍ത്തിയായാലും വോട്ടെടുപ്പില്‍ പാലം വലിക്കാനുള്ള സാധ്യതയിലേക്കും നീണ്ടുപോകും. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി വിമര്‍ശകനായിരുന്ന രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന മഹായുതിക്ക് നല്‍കിയ പിന്തുണ മുന്നണിക്ക് സഹായകമാകും. രാജ് താക്കറെയുടെ നിലപാടിനെ ചൊല്ലി പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെങ്കിലും കിട്ടുന്നതത്രയും മുന്നണിക്ക് ബോണസാണ്. അതേസമയം ശിവസേനയുടെ പിളര്‍പ്പോടെ മറാത്ത വോട്ട് ബേങ്കില്‍ ഉണ്ടായേക്കാവുന്ന ചോര്‍ച്ചയാണ് മഹായുതിക്ക് നേരിടേണ്ടി വന്നേക്കാവുന്ന വലിയ വെല്ലുവിളി. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും പത്ത് ശതമാനം സംവരണം നല്‍കിയത് ഷിന്‍ഡെക്ക് പ്രചാരണത്തില്‍ ഉദ്ദവിനേക്കാള്‍ മേല്‍ക്കൈ നല്‍കും. മഹാരാഷ്ട്രയില്‍ ഇടക്കാലത്ത് ഉണ്ടായ കര്‍ഷക സമരവും ബി ജെ പി സഖ്യത്തിന് തിരിച്ചടിയാകും. കഴിഞ്ഞ വര്‍ഷം മാത്രം മൂവായിരത്തോളം കര്‍ഷക ആത്മഹത്യയാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. അഭിപ്രായ സര്‍വേകളില്‍ മഹായുതി സഖ്യത്തിന് മുന്‍തൂക്കമുണ്ടെങ്കിലും സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവും അഴിമതിയും കര്‍ഷക പ്രശ്നങ്ങളും വോട്ടായി മാറിയാല്‍ ‘ഇന്ത്യ’ സഖ്യത്തിന് ഇരുപത് സീറ്റെങ്കിലും പിടിക്കാനാകും. വര്‍ഷാവസാനം വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി പരിഗണിക്കപ്പെടുന്ന അങ്കം ശിവസേന, എന്‍ സി പി പാര്‍ട്ടികളുടെ ഭാവി പ്രവചിക്കപ്പെടുന്ന പോരാട്ടമായിട്ടാകും അവസാനിക്കുക.

 

Latest