mahathma gandhi
മഹാത്മാവിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വയസ്സ്
അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ഗോഡ്‌സെ തൊട്ടടുത്ത് നിന്ന് വെടിവെക്കുകയായിരുന്നു.
ന്യൂഡല്‍ഹി | രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വയസ്സ്. 1948 ജനുവരി 30നാണ് ഹിന്ദു മഹാസഭ നേതാവും മുന്‍ ആര്‍ എസ് എസ് അനുയായിയുമായ നാഥുറാം ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ച് കൊന്നത്. 75ാം രക്തസാക്ഷിത്വ വാര്‍ഷികത്തില്‍ രാജ്യം മഹാത്മാവിനെ അനുസ്മരിക്കും. രാവിലെ 11ന് രണ്ട് മിനുട്ട് മൌനമാചരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
സത്യം, അഹിംസ എന്നീ തത്വങ്ങള്‍ ജീവിതവ്രതമാക്കിയ ഗാന്ധിജിയാണ് സ്വാതന്ത്ര്യസമരത്തെ ഏകോപിപ്പിച്ചതും ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ പ്രധാന ചാലകശക്തിയായതും. വിഭജനാനന്തരമുള്ള ഹിന്ദു- മുസ്ലിം സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും അക്ഷീണം പ്രയത്‌നിച്ചിരുന്നു ഗാന്ധിജി. ആ ശ്രമം തന്നെയാണ് ഗോഡ്‌സെയിലൂടെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ സംഘപരിവാരത്തിന് പ്രേരണയായതും.
1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന പ്രിയ ബാപ്പുജി ജനിച്ചത്. സായന്തന പ്രാര്‍ഥനക്ക് വേണ്ടി ബിര്‍ള ഹൗസില്‍ മുറ്റത്തേക്ക് വരികയായിരുന്ന അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ഗോഡ്‌സെ തൊട്ടടുത്ത് നിന്ന് വെടിവെക്കുകയായിരുന്നു. രക്തസാക്ഷിത്വ ദിനമായാണ് ജനുവരി 30 രാജ്യം ആചരിക്കുന്നത്.