First Gear
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ മഹീന്ദ്രയും ഹീറോയും ഒന്നിക്കുന്നു
ഹീറോ ഇലക്ട്രിക്കും മഹീന്ദ്ര ഗ്രൂപ്പും തമ്മിലുള്ള പങ്കാളിത്തം ഏകദേശം 150 കോടി മൂല്യമുള്ളതാണ്.
ന്യൂഡല്‍ഹി| ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ ഇലക്ട്രിക് മഹീന്ദ്ര ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യക്കായി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സംയുക്ത സംരംഭം പ്രഖ്യാപിച്ചു. ഹീറോ ഇലക്ട്രിക്കും മഹീന്ദ്ര ഗ്രൂപ്പും തമ്മിലുള്ള പങ്കാളിത്തം ഏകദേശം 150 കോടി മൂല്യമുള്ളതാണെന്നും അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇത് തുടരുമെന്നുമാണ് റിപ്പോര്‍ട്ട്. മഹീന്ദ്ര ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിന്റെ സഹായത്തോടെ, ഈ വര്‍ഷം അവസാനത്തോടെ പ്രതിവര്‍ഷം ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് ഹീറോ ഇലക്ട്രിക് ലക്ഷ്യമിടുന്നത്. ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി ഹീറോ ഇലക്ട്രിക്കിന്റെ ഉടമസ്ഥതയിലുള്ള ലുധിയാന പ്ലാന്റിന്റെ വിപുലീകരണത്തിനായി ഇരു കമ്പനികളും ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ഇതോടനുബന്ധിച്ച് ഇരു കമ്പനികളും സംയുക്തമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കായി വിതരണ ശൃംഖലയും ഷെയര്‍ പ്ലാറ്റ്ഫോമും നിര്‍മ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യും. കരാര്‍ പ്രകാരം, മഹീന്ദ്ര ഗ്രൂപ്പ് ഹീറോ ഇലക്ട്രിക്കിന്റെ ഒപ്റ്റിമ, എന്‍വൈഎക്‌സ് സ്‌കൂട്ടറുകള്‍ നിര്‍മ്മാതാവിന്റെ പിതാംപൂര്‍ ഫെസിലിറ്റിയില്‍ നിര്‍മ്മിക്കും.