First Gear
ബൊലേറോയുടെ ഫെയ്‌സ് ലിഫ്റ്റ് മോഡലുമായി മഹീന്ദ്ര; അവതരണം 2022 ജനുവരിയില്‍
ന്യൂഡല്‍ഹി| മഹീന്ദ്രയുടെ വാഹനങ്ങളിലെ താരങ്ങളാണ് ബൊലേറോയും സ്‌കോര്‍പിയോയും.
രണ്ട് ദശാബ്ദത്തിലേറെയായി നഗര-ഗ്രാമീണ കേന്ദ്രങ്ങളിലെ ഉപഭോക്താക്കള്‍ക്കായി ബൊലേറോ തെരഞ്ഞെടുക്കപ്പെട്ട വാഹനമാണ്. മഹീന്ദ്ര, ബൊലേറോയുടെ മുഖം മിനുക്കാന്‍ തീരുമാനിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഉടന്‍ ബൊലേറോയുടെ ഒരു ഫെയ്സ്ലിഫ്റ്റ് മോഡല്‍ മഹീന്ദ്ര അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ചെറിയ കോസ്‌മെറ്റിക് പരിഷ്‌ക്കാരങ്ങളോടെയാകും വാഹനത്തെ കമ്പനി അവതരിപ്പിക്കുക. 2022 ആദ്യത്തില്‍ ചെറിയ മാറ്റങ്ങളുമായി വാഹനത്തെ നിരത്തില്‍ പ്രതീക്ഷിക്കാം.
തൊണ്ണൂറുകളില്‍ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‌കരിച്ചാണ് 2000ത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ ബൊലേറോയെ വിപണിയില്‍ എത്തിക്കുന്നത്. അന്നു മുതല്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലും ബൊലേറോയാണ്. രണ്ടാം നിര നഗരങ്ങളിലും ഗ്രാമീണ വിപണികളിലുമാണ് ബൊലേറോയ്ക്ക് ആവശ്യക്കാര്‍ കൂടുതലുള്ളത്. ഇതിനോടകം തന്നെ 15 ലക്ഷം യൂണിറ്റ് വില്‍പ്പനയാണ് ഈ 21 വര്‍ഷംകൊണ്ട് ബൊലേറോ സമ്പാദിച്ചിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയും ചിപ്പുകളുടെ ആഗോള ക്ഷാമവും കാരണം ബൊലേറോ ഫെയ്സ്ലിഫ്റ്റിന്റെ അവതരണം വൈകുകയായിരുന്നു. കൂടാതെ, മഹീന്ദ്ര എക്‌സ് യുവി700 എസ്യുവിയുടെ തിരക്കിലുമായിരുന്നു. 2022 ജനുവരിയോടെ കമ്പനി ഫെയ്സ്ലിഫ്റ്റ് ചെയ്ത ബൊലേറോ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്രയുടെ ചില തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ ഫെയ്‌സ് ലിഫ്റ്റ് മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുമുണ്ട്.
2022 ബൊലേറോ ഫെയ്സ്ലിഫ്റ്റിനൊപ്പം മഹീന്ദ്ര പുതിയ കളര്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്‌തേക്കാം. ഫെയ്സ്ലിഫ്റ്റ് ബൊലേറോയിലെ ഫീച്ചര്‍ ലിസ്റ്റ് അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ ആവര്‍ത്തനത്തില്‍ എയുഎക്‌സ്, യുഎസ്ബി കണക്റ്റിവിറ്റിയുള്ള ബ്ലൂടൂത്ത് പ്രാപ്തമാക്കിയ മ്യൂസിക് സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് എന്‍ട്രി, മാനുവല്‍ എസി തുടങ്ങിയ സവിശേഷതകള്‍ ബൊലേറോ വാഗ്ദാനം ചെയ്യുന്നു. സുരക്ഷക്കായി ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി തന്നെ മഹീന്ദ്ര വാഗ്ദാനം ചെയ്യും.
74 ബിഎച്ച്പി കരുത്തും 210 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3 സിലിണ്ടര്‍, എംഹോക് 75 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയായിരിക്കും ബൊലേറോയ്ക്ക് കരുത്ത് പകരുക. ഈ എഞ്ചിന്‍ സ്റ്റാന്‍ഡേര്‍ഡായി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി തന്നെയാകും ജോടിയാക്കുക. വാഹനം ഒരു റിയര്‍ വീല്‍ ഡ്രൈവ് ഓപ്ഷനാണ്. ഫെയ്സ്ലിഫ്റ്റ് ചെയ്ത മോഡലിലും ഇതേ സജ്ജീകരണം തന്നെ കമ്പനി മുന്നോട്ടു കൊണ്ടുപോവും. പരിഷ്‌ക്കരിച്ച ബൊലേറോയുടെ വില നിലവിലെ മോഡലിനേക്കാള്‍ നേരിയ തോതില്‍ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും ജനപ്രിയവും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതുമായ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളില്‍ ഒന്നാണ് മഹീന്ദ്ര ബൊലേറോ.