First Gear
ഥാര്‍ എര്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് മഹീന്ദ്ര; വില 15.40 ലക്ഷം രൂപ
ടോപ്പ് സ്‌പെക്ക് ഡീസല്‍ ഓട്ടോമാറ്റിക്കിന് 17.60 ലക്ഷം രൂപയുമാണ് വില വരുന്നത്.
ന്യൂഡല്‍ഹി|മഹീന്ദ്ര ആഭ്യന്തര വിപണിയില്‍ ജനപ്രിയ മോഡലായ ഥാറിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. മഹീന്ദ്ര ഥാര്‍ എര്‍ത്ത് എഡിഷന്‍ എന്നാണ് പ്രത്യേക പതിപ്പിന് കമ്പനി പേരിട്ടിരിക്കുന്നത്. 15.40 ലക്ഷം രൂപയാണ് പെട്രോള്‍ മാനുവല്‍ (എംടി) മോഡലിന്റെ എക്‌സ്‌ഷോറൂം വില. ടോപ്പ് സ്‌പെക്ക് ഡീസല്‍ ഓട്ടോമാറ്റിക്കിന് 17.60 ലക്ഷം രൂപയുമാണ് വില വരുന്നത്. മഹീന്ദ്ര ഥാര്‍ എര്‍ത്ത് എഡിഷന്റെ പെട്രോള്‍ ഓട്ടോമാറ്റിക്കിന് 16.99 ലക്ഷം രൂപയും ഡീസല്‍ മാനുവല്‍ ട്രിമ്മിന് 16.15 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയുള്ളത്.
എക്‌സ്‌ക്ലൂസീവ് സാറ്റിന്‍ മാറ്റ് പെയിന്റ് സ്‌കീമിലാണ് പ്രത്യേക പതിപ്പ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തിന്റെ ഇന്റീരിയറും മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഡോര്‍ പാഡുകളില്‍ ഡെസേര്‍ട്ട് ഫ്യൂറി ഥാര്‍ ബ്രാന്‍ഡിംഗ് നല്‍കിയിട്ടുണ്ട്. ടു-ടോണ്‍ എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍, പിയാനോ കറുപ്പ് നിറത്തിലുള്ള എച്ച് വി എ സി ഹൗസിംഗ് എന്നിവയും വാഹനത്തിലുണ്ട്.
2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുകളിലാണ് മഹീന്ദ്ര ഥാര്‍ എര്‍ത്ത് എഡിഷനുകള്‍ എത്തുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 150 ബി.എച്ച്.പി പവറും 320 എന്‍.എം ടോര്‍ക്കും, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 130 ബി.എച്ച്.പി പവറും 300 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളിലാണ് ഈ വാഹനം എത്തുന്നത്.