First Gear
ഏപ്രിലില്‍ 62,294 യൂണിറ്റ് വില്‍പ്പന നടത്തി മഹീന്ദ്ര
എസ്യുവികളുടെ വില്‍പ്പനയാണ് മഹീന്ദ്രയുടെ ഈ നേട്ടത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹി| വാഹന മേഖലയില്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര മികച്ച വില്‍പ്പനയാണ് ഏപ്രില്‍ മാസത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. ഏപ്രില്‍ മാസം 62,294 യൂണിറ്റുകളാണ് മഹീന്ദ്ര വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 36 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. എസ്യുവികളുടെ വില്‍പ്പനയാണ് മഹീന്ദ്രയുടെ ഈ നേട്ടത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. സെമി കണ്ടക്ടറുകളുടെ ലഭ്യത കുറവ്, ക്രാഷ് സെന്‍സറുകള്‍, എയര്‍ബാഗിന്റെ ഇസിയുവിലുണ്ടായ വിതരണ തടസം എല്ലാം ഉണ്ടായിട്ടും മൊത്തം വില്‍പ്പനയില്‍ 34,694 യൂണിറ്റുകള്‍ എസ്യുവി സെഗ്മെന്റുകളില്‍ നിന്നാണ്. കയറ്റുമതി ചെയ്ത വാഹനങ്ങളുടെ കണക്ക് നോക്കിയാല്‍ 1,813 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്.
മഹീന്ദ്ര കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ ഏപ്രില്‍ മാസം 20,231 യൂണിറ്റുകളാണ് വിറ്റത്. അടുത്തിടെ മഹീന്ദ്ര പുറത്തുവിട്ട വിവരം അനുസരിച്ച് 1.19 ലക്ഷം യൂണിറ്റുകളാണ് ബ്രാന്‍ഡ് ഇനിയും വിതരണം ചെയ്യാനുള്ളത്. അതിനിടയ്ക്ക് വിദേശ വിപണികളിലേക്കുള്ള സ്‌കോര്‍പിയോയുടെ കയറ്റുമതിയും മഹീന്ദ്ര തുടങ്ങിയിരുന്നു. മഹീന്ദ്ര അടുത്തിടെ ഓസ്ട്രേലിയന്‍ വിപണിയില്‍ സ്‌കോര്‍പിയോ എന്‍ അവതരിപ്പിച്ചിട്ടുണ്ട്.