Connect with us

Educational News

വിദ്യാര്‍ഥി സംരംഭവുമായി മഹ്‌ളറ വിദ്യാര്‍ഥികള്‍

വ്യത്യസ്ത സംരംഭങ്ങള്‍ ആരംഭിക്കുകയും ആദ്യ ഉത്പന്നത്തിന്റെ പ്രദര്‍ശനം കോളജില്‍ നടത്തുകയും ചെയ്തു.

Published

|

Last Updated

മാവൂര്‍  | നാലുവര്‍ഷ ഡിഗ്രി പഠനത്തിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആവിഷ്‌കരിച്ച മൈനര്‍ കോഴ്‌സിന്റെ സിലബസില്‍ വ്യത്യസ്ത പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി മഹ്‌ളറ കോളജിലെ കൊമേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റ്. ഓപണ്‍ മൊഡ്യൂളിന്റെ ഭാഗമായി മുഴുവന്‍ വിദ്യാര്‍ഥികളും സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് ആശയം. ഈ ആശയം ഉള്‍ക്കൊണ്ട് വിവിധങ്ങളായ സംരംഭങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് വിദ്യാര്‍ഥികള്‍.

കേക്ക് നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം, എംബ്രോയിഡറി വര്‍ക്കുകള്‍, ക്ലോക്ക് നിര്‍മ്മാണം, ക്രാഫ്റ്റ് വര്‍ക്കുകള്‍, അച്ചാര്‍ നിര്‍മ്മാണം തുടങ്ങിയ വ്യത്യസ്ത സംരംഭങ്ങള്‍ ആരംഭിക്കുകയും ആദ്യ ഉത്പന്നത്തിന്റെ പ്രദര്‍ശനം കോളജില്‍ നടത്തുകയും ചെയ്തു. ആദ്യമായി നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ കോളജിലെ വിവിധ ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ വില്‍പന നടത്തുകയും ചെയ്തു.

സംരംഭക ക്ലബുമായി യോജിച്ച് സ്വന്തം ബിസിനസ്സ് ശക്തിപ്പെടുത്തുക എന്ന ആശയമാണ് കോളജ് മുന്നോട്ടുവെക്കുന്നത്. വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച വിദ്യാര്‍ഥികള്‍ പുതിയ കമ്പനിയുടെ പേര് കണ്ടെത്തുകയും പ്രഥമ ഉത്പന്നങ്ങളുടെ വിതരണം നടത്തുകയും ചെയ്യും. കോളജിലെ അധ്യാപകരില്‍ നിന്നും വലിയ സഹകരണമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. പഠനത്തോടൊപ്പം വരുമാനം നേടുകയെന്ന ആശയമാണ് കോളജ് ആവിഷ്‌കരിക്കുന്നത്.

 

Latest