Connect with us

Articles

മഹുവയും ഭരണകൂട ഭയങ്ങളും

മാസങ്ങള്‍ മാത്രമേ തിരഞ്ഞെടുപ്പിന് ബാക്കിയുള്ളൂ. അവശേഷിക്കുന്ന ദിനങ്ങളില്‍ കൂടുതല്‍ പൊല്ലാപ്പുകളുയര്‍ത്താന്‍ സാധ്യതയുള്ളവരെ ഒതുക്കാന്‍ ഭരണകൂടത്തിന്റെ പക്കല്‍ നിന്ന് കൃത്യമായ ശ്രമങ്ങളുണ്ടാകുന്നുണ്ട്. ശക്തമായ രീതിയിലും ഭാഷയിലും മഹുവ മൊയ്ത്ര ഉന്നയിക്കുന്ന വാദങ്ങളെയും ചോദ്യങ്ങളെയും നേരിടാനാകാതെ ഭരണപക്ഷ എം പിമാര്‍ വിയര്‍ക്കുന്നത് പാര്‍ലിമെന്റില്‍ പലപ്പോഴും കണ്ടിട്ടുള്ളതാണ്.

Published

|

Last Updated

പ്രൗഢമായ പ്രസംഗങ്ങളും ഭരണപക്ഷത്തിനെതിരെ ചാട്ടുളി പോലുള്ള ചോദ്യങ്ങളുമായി പാര്‍ലിമെന്റില്‍ നിറഞ്ഞു നിന്നിരുന്ന സ്ത്രീ ശബ്ദമാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് എം പി മഹുവ മൊയ്ത്ര. ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എം പിയെ ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം പാര്‍ലിമെന്റില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. നടപടിക്കെതിരെ ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ദിവസം ഔദ്യോഗിക വസതി ഒഴിയണമെന്ന നിര്‍ദേശം ലഭിച്ചതോടെ എം പി സ്ഥാനം നഷ്ടപ്പെടുമെന്ന് തീര്‍ച്ചയായി.
ബി ജെ പി. എം പി നിഷികാന്ത് ദുബെ നല്‍കിയ പരാതിയോടെയാണ് കേസ് ആരംഭിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിക്സ് പാനലിനോട് അന്വേഷണം നടത്താന്‍ ലോക്സഭാ സ്പീക്കര്‍ ഉത്തരവിടുകയായിരുന്നു. വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദേശ പ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് ലോക്സഭയില്‍ മഹുവ ചോദ്യങ്ങള്‍ ചോദിച്ചെന്നും ഇതിന് പകരമായി സമ്മാനങ്ങള്‍ കൈപ്പറ്റിയെന്നുമായിരുന്നു ദുബെയുടെ ആരോപണം. ഈ ആരോപണം വിശദമായി അന്വേഷിക്കാന്‍ തീരുമാനിച്ച ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി 500 പേജുള്ള റിപോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാന്‍ ശിപാര്‍ശ ചെയ്യുന്ന റിപോര്‍ട്ട് സഭ പാസ്സാക്കുകയും ചെയ്തു.

ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും ദര്‍ശന്‍ ഹിരാനന്ദാനിയെ വിളിച്ചുവരുത്താനും അദ്ദേഹത്തെ ക്രോസ് വിസ്താരം ചെയ്യാനും അവസരം നല്‍കണമെന്നും ഒട്ടേറെ ആവശ്യപ്പെട്ടിട്ടും മഹുവ മൊയ്ത്രയെ ചെവിക്കൊള്ളാന്‍ സമിതി അധ്യക്ഷന്‍ തയ്യാറായില്ല. തന്റെ ലോക്സഭാ വെബ്സൈറ്റിലേക്കുള്ള പാസ്സ്വേര്‍ഡ് അടക്കമുള്ള ലോഗിന്‍ വിവരങ്ങള്‍ എം പി ഹിരാനന്ദാനിയുമായി പങ്കിട്ടു എന്നും ഇത് അധാര്‍മികവും സഭാ അവഹേളനവുമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഈ ഐഡി വഴി ലോഗിന്‍ നടന്നതായി കണ്ടെത്തുകയും ചെയ്തു. എം പിമാര്‍ തങ്ങളുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഓഫീസിലെ ഇന്റേണുകളുമായും അസ്സിസ്റ്റന്റുമാരുമായും പതിവായി പങ്കിടാറുണ്ടെന്ന് മൊയ്ത്ര വിശദീകരിച്ചെങ്കിലും ഗുരുതരമായ തെറ്റാണെന്ന് വിശേഷിപ്പിച്ച സമിതി നിയമപരമായ അന്വേഷണം നടത്തി ശിക്ഷ നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു.

ഏതൊരു നിയമനിര്‍മാണ സഭക്കും തെറ്റ് ചെയ്തുവെന്ന് തെളിയുന്ന പക്ഷം അംഗങ്ങളെ ശിക്ഷിക്കാനുള്ള അധികാരവും നിയമങ്ങളുമുണ്ട്. എന്നാല്‍ ഭൂരിപക്ഷ തീരുമാനത്തിലൂടെ അത്തരം ശിക്ഷ നടപ്പാക്കുമ്പോള്‍ പിന്തുടരുന്ന നടപടിക്രമത്തിന്റെ സമഗ്രതയും നീതിയും ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മറ്റൊരു കാര്യത്തിലുമില്ലാത്ത വേഗതയും ധൃതിയും ശുഷ്‌കാന്തിയും തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ഒരു ജനപ്രതിനിധിയെ സ്ഥാനത്ത് നിന്ന് നീക്കാന്‍ പ്രയോഗിക്കുന്നത് തന്നെ ജനാധിപത്യ രീതിക്കു ചേര്‍ന്നതല്ല. തൃണമൂല്‍ കോണ്‍ഗ്രസ്സ് എം പിയായ മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ സംഭവത്തിന് പല കാരണങ്ങളാലും ചില സവിശേഷതകളുണ്ട്. ഒന്നാമതായി, ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് ഒരാളെ പുറത്താക്കാന്‍ ശിപാര്‍ശ ചെയ്യാനുള്ള അധികാരമുണ്ടോ എന്നത് ഇപ്പോഴും വ്യക്തമല്ല. പാര്‍ലിമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് ദുബൈ ആസ്ഥാനമായുള്ള ഒരു വ്യവസായിയില്‍ നിന്ന് പണം കൈപ്പറ്റിയെന്നതാണല്ലോ മൊയ്ത്രക്കെതിരെയുള്ള പ്രധാന കുറ്റം. ചോദ്യങ്ങള്‍ ചോദിക്കുന്നതിനോ മറ്റ് പാര്‍ലിമെന്ററി ജോലികള്‍ ചെയ്യുന്നതിനോ ഒരു എം പി പണം സ്വീകരിക്കുകയാണെങ്കില്‍, അത് സഭയുടെ പ്രത്യേകാവകാശങ്ങളുടെ കടുത്ത ലംഘനമായി കണക്കാക്കി അയാള്‍ കുറ്റക്കാരനായിത്തീരും. എന്നാല്‍, അത്തരം കേസുകള്‍ വന്നാല്‍ ഒന്നുകില്‍ പ്രത്യേകാവകാശ കമ്മിറ്റിയോ (രീാാശേേലല ീള ുൃശ്ശഹലഴല)െ അല്ലെങ്കില്‍ സഭ രൂപവത്കരിക്കുന്ന പ്രത്യേക സമിതിയോ അന്വേഷണം നടത്തണം. ഇവരോട് നിര്‍ദിഷ്ട ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനും സത്യം കണ്ടെത്താനും ശിക്ഷ നിര്‍ദേശിക്കാനും സഭ വ്യക്തമായ ഉത്തരവ് നല്‍കണം. ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ ഉചിതമായ സാഹചര്യത്തില്‍, അംഗത്തെ സഭയില്‍ നിന്ന് പുറത്താക്കാന്‍ ശിപാര്‍ശ ചെയ്യാന്‍ ഈ കമ്മിറ്റികള്‍ക്ക് കഴിയും. ഒരു എം പി കൈക്കൂലി വാങ്ങുന്നത് പദവിയുടെ ഗുരുതരമായ ലംഘനവും സഭയെ അവഹേളിക്കുന്നതുമായതിനാല്‍ സമിതിയുടെ ശിപാര്‍ശകള്‍ക്കനുസരിച്ച് സഭ നടപടിയെടുക്കുകയും ചെയ്യണം. പക്ഷേ, ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, സഭയുടെയും അംഗങ്ങളുടെയും പ്രത്യേകാവകാശ ലംഘനങ്ങളും സഭയെ അവഹേളിച്ച കേസുകളും അന്വേഷിക്കാന്‍ മാത്രമായി ചുമതലപ്പെടുത്തിയ പ്രത്യേകാവകാശ കമ്മിറ്റി ഇതൊന്നുമറിയുന്നില്ല എന്നതാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ മൊയ്ത്രയുടെ കേസ് പ്രത്യേകാവകാശ ലംഘന കേസാവേണ്ടതാണ്. പ്രത്യേകാവകാശ സമിതിയായിരുന്നു അത് അന്വേഷിക്കേണ്ടിയിരുന്നത്. പകരം ആരുടെയൊക്കെയോ ബലത്താല്‍ അത് എത്തിക്‌സ് കമ്മിറ്റിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടു. എം പി അദാനിക്കെതിരെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ മറ്റൊരു ബിസിനസ്സുകാരന്‍ നല്‍കിയതാണെന്നും അവര്‍ക്ക് സുപ്രധാനമായ ലോഗിന്‍ വിവരങ്ങള്‍ പങ്കുവെക്കുന്നത് അധാര്‍മികമാണെന്നും അവര്‍ കണ്ടെത്തി.

എം പിമാരുടെ ധാര്‍മികതയും അധാര്‍മികതയും ലിഖിത നിയമങ്ങളാല്‍ നിര്‍വചിക്കപ്പെട്ട കാര്യമൊന്നുമല്ല. ഉപദേശം, ശാസന അല്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍ സഭാ സമ്മേളനങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യല്‍ തുടങ്ങിയ ചെറിയ ശിക്ഷകള്‍ ശിപാര്‍ശ ചെയ്യാന്‍ ധാര്‍മിക കമ്മിറ്റിക്ക് കഴിഞ്ഞെന്ന് വരാം. എന്നാല്‍ സഭയിലെ അംഗങ്ങള്‍ക്ക് സഭ നല്‍കുന്ന ഏറ്റവും ഗുരുതരമായ ശിക്ഷയാണ് സഭയില്‍ നിന്ന് പുറത്താക്കല്‍. പരമ്പരാഗതമായി തന്നെ ഈ ശിക്ഷ ഗൗരവമേറിയതാണ്. പ്രതിപക്ഷം ഒന്നിച്ച് പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോന്ന ശേഷം ആദ്യമായി മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ മുതല്‍, പുറത്താക്കാന്‍ കല്‍പ്പിക്കാന്‍ നിങ്ങള്‍ക്കെന്ത് അവകാശം എന്നാണ് മഹുവ മൊയ്ത്ര ചോദിച്ചു കൊണ്ടിരിക്കുന്നത്.

ഒരു പാര്‍ലിമെന്റേറിയന്‍ തന്റെ സ്വകാര്യ പാസ്സ്വേര്‍ഡും ലോഗിന്‍ വിശദാംശങ്ങളും ബിസിനസ്സ് താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് അനാശാസ്യം എന്നു വിളിക്കാവുന്ന കുറ്റം തന്നെയാണ്. സാങ്കേതികമായി, എം പി കാണാതെ ഒരാള്‍ക്ക് ലോക്‌സഭാ പോര്‍ട്ടലിലൂടെ ചോദ്യങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ കഴിയില്ല. എം പി കണ്ടിട്ടുണ്ടെങ്കില്‍ ആ ചോദ്യങ്ങള്‍ അവര്‍ അംഗീകരിച്ചിട്ടുണ്ട് എന്ന് തന്നെയാണ് അനുമാനം. ഇങ്ങനെ ലോക്‌സഭാ സെക്രട്ടേറിയറ്റിലേക്ക് സമര്‍പ്പിക്കുന്ന ചോദ്യങ്ങള്‍ ചട്ടങ്ങള്‍ക്കനുസൃതമായി പരിശോധിക്കുകയും സ്പീക്കര്‍ അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്യും. സ്പീക്കര്‍ ചോദ്യങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍, അവക്ക് സര്‍ക്കാര്‍ മറുപടി നല്‍കുകയും വേണം. സ്പീക്കര്‍ ഒരു ചോദ്യം അംഗീകരിക്കുകയും അതിന് സര്‍ക്കാര്‍ മറുപടി നല്‍കുകയും ചെയ്താല്‍ പിന്നെ കൂടുതല്‍ പ്രശ്നങ്ങള്‍ ചികഞ്ഞന്വേഷിക്കേണ്ട കാര്യമുണ്ടോ. സര്‍ക്കാറിന് ഉത്തരവാദിത്വമില്ലാത്ത ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ കുറിച്ചുള്ള ചോദ്യം സ്പീക്കര്‍ അനുവദിക്കില്ലല്ലോ. അതുപോലെ, ഇന്ത്യന്‍ സര്‍ക്കാറിന് നേരിട്ട് ബന്ധമില്ലാത്ത ഒരു വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സ്പീക്കര്‍ അംഗീകരിക്കില്ല. അതുകൊണ്ട് തന്നെ പാര്‍ലിമെന്റിലൂടെ ഏതെങ്കിലും വ്യക്തിയുടെ ബിസിനസ്സ് താത്പര്യം പ്രോത്സാഹിപ്പിക്കുന്ന എം പിയുടെ ചോദ്യമാണ് എന്ന വാദം തത്ത്വത്തില്‍ നിലനില്‍ക്കുന്നില്ല. ഇവിടെയും വ്യക്തമാകുന്നത് മറ്റു പല താത്പര്യങ്ങളുമാണ് പുറത്താക്കലിനു പിന്നില്‍ എന്നാണ്. മാസങ്ങള്‍ മാത്രമേ തിരഞ്ഞെടുപ്പിന് ബാക്കിയുള്ളൂ. അവശേഷിക്കുന്ന ദിനങ്ങളില്‍ കൂടുതല്‍ പൊല്ലാപ്പുകളുയര്‍ത്താന്‍ സാധ്യതയുള്ളവരെ ഒതുക്കാന്‍ ഭരണകൂടത്തിന്റെ പക്കല്‍ നിന്ന് കൃത്യമായ ശ്രമങ്ങളുണ്ടാകുന്നുണ്ട്. ശക്തമായ രീതിയിലും ഭാഷയിലും മഹുവ മൊയ്ത്ര ഉന്നയിക്കുന്ന വാദങ്ങളെയും ചോദ്യങ്ങളെയും നേരിടാനാകാതെ ഭരണപക്ഷ എം പിമാര്‍ വിയര്‍ക്കുന്നത് പാര്‍ലിമെന്റില്‍ പലപ്പോഴും കണ്ടിട്ടുള്ളതാണ്. ഒരു മുസ്ലിം എം പിയെ ഭരണസിരാ കേന്ദ്രത്തില്‍ വെച്ച് പരസ്യമായി അറ്റം മുറിച്ചവനെന്ന് വിളിച്ച് അധിക്ഷേപിച്ചപ്പോഴൊന്നും കാണാത്ത അധാര്‍മികത മഹുവ മൊയ്ത്രയില്‍ പ്രയോഗിക്കുന്നുണ്ടെങ്കില്‍ ധാര്‍മിക കമ്മിറ്റിയുടെ താത്പര്യം അത്രകണ്ട് ധാര്‍മികമല്ല എന്നേ ഊഹിക്കാനാകൂ.