National
മഹുവ മൊയ്ത്ര ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു
എം.പി സ്ഥാനം റദ്ദാക്കിയതോടെ വസതിക്ക് അവകാശം ഉന്നയിക്കാനാവില്ലെന്ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയ ഉത്തരവിട്ടു.
ന്യൂഡല്‍ഹി| ലോക്‌സഭയില്‍ നിന്ന് അയോഗ്യയാക്കപ്പെട്ട മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു. ഔദ്യോഗിക വസതി ഒഴിയാന്‍ എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്ചയായിരുന്നു വസതി ഒഴിയാനുളള അവസാന തീയതി. ഈ നോട്ടീസിനെതിരെ മഹുവ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.
എം.പി സ്ഥാനം റദ്ദാക്കിയതോടെ വസതിക്ക് അവകാശം ഉന്നയിക്കാനാവില്ലെന്ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയ ഉത്തരവിട്ടു. പാര്‍ലമെന്റ് പുറത്താക്കിയതിന് സ്റ്റേ ഇല്ലാത്തതിനാല്‍ വസതി നിലനിര്‍ത്താന്‍ ഉത്തരവിടാനാകില്ലെന്ന് കോടതി പറഞ്ഞു. വസതിയില്‍ നിന്ന് ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിച്ച് പുറത്താക്കുമെന്ന് മഹുവയ്ക്ക് സര്‍ക്കാര്‍ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് നോട്ടീസ് അയച്ചിരുന്നു.
പുറത്താക്കപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് മഹുവ മൊയ്ത്രയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഒഴിയാന്‍ മൊയ്ത്ര തയാറായിരുന്നില്ല. ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയത്. എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് നടപടി. ഇതോടെ മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം നഷ്ടമായി. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ ബിസിനസുകാരനായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് കോഴ കൈപ്പറ്റിയെന്നായിരുന്നു മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണം.