National
വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ
ഇതുൾപ്പെടെ വഖഫ് നിയമത്തിന് എതിരായ ഹരജികൾ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഈ മാസം 16ന് പരിഗണിക്കും

ന്യൂഡൽഹി | വഖഫ് ഭേദഗതി നിയമം 2025 ൻ്റെ സാധുത ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു. ഭേദഗതിയിൽ നഗടപടിക്രമങ്ങളിൽ ഗുരുതര പിഴവുകൾ സംഭവിച്ചത് മാത്രമല്ല, ഭരണഘടന ഉറപ്പുനൽകുന്ന നിരവധി മൗലികാവകാശങ്ങളുടെ ലംഘനവും സംഭവിച്ചിട്ടുണ്ടെന്ന് അവർ ഹരജിയിൽ വ്യക്തമാക്കി. നിയമത്തിന് എതിരെ നിരവധി സംഘടനകളും വ്യക്തികളും നേരത്തെ സുപ്രീം കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഈ ഹരജികൾ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഈ മാസം 16ന് പരിഗണിക്കും. പത്തിലധികം ഹരജികളാണ് കോടതി പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
പുതിയ നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 14 (നിയമത്തിനു മുന്നിൽ തുല്യത), 15(1) (വിവേചനം പാടില്ല), 19(1)(എ), (സി) (സംസാരിക്കാനും സംഘടിക്കാനുമുള്ള സ്വാതന്ത്ര്യം), 21 (ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം), 25, 26 (മതസ്വാതന്ത്ര്യം), 29, 30 (ന്യൂനപക്ഷാവകാശങ്ങൾ), ആർട്ടിക്കിൾ 300 എ (സ്വത്തവകാശം) എന്നിവ ലംഘിക്കുന്നുവെന്ന് മഹുവ മൊയ്ത്ര ഹർജിയിൽ ചൂണ്ടിക്കാട്ടി. നടപടിക്രമപരമായ ക്രമക്കേടുകളും ഭരണഘടനാപരമായ ലംഘനങ്ങളും ചൂണ്ടിക്കാട്ടി നിയമം പൂർണ്ണമായി റദ്ദാക്കണമെന്ന് മൊയ്ത്ര ആവശ്യപ്പെട്ടു.
എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, എഎപി നേതാവ് അമാനത്തുള്ള ഖാൻ, അസോസിയേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്, അർഷാദ് മദനി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, അൻജും ഖാദരി, തയ്യബ് ഖാൻ സൽമാനി, മുഹമ്മദ് ഷാഫി, മുഹമ്മദ് ഫസലുർറഹീം, ആർജെഡി നേതാവ് മനോജ് കുമാർ ഝാ എന്നിവരും ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് (എഐഎംപിഎൽബി), ജംഇയ്യത്ത് ഉലമാ-ഇ-ഹിന്ദ്, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), കോൺഗ്രസ് എംപിമാരായ ഇമ്രാൻ പ്രതാപ്ഗർഹി, മുഹമ്മദ് ജാവേദ് എന്നിവരും ഈ കേസിൽ പ്രധാന ഹർജിക്കാർ ആണ്.