Connect with us

National

പാര്‍ലമെന്റ് എത്തിക്‌സ് കമ്മറ്റിക്ക് വിശദീകരണം നല്‍കാന്‍ സമയം നീട്ടിച്ചോദിച്ച് മഹുവ മൊയ്ത്ര

നവംബര്‍ നാലു വരെ തിരക്കാണെന്നും അതുകഴിഞ്ഞ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാമെന്നുമാണ് മഹുവ പറഞ്ഞത്.

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ സമയം നീട്ടിച്ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. അദാനിക്കെതിരെ ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരനന്ദാനിക്ക് മഹുവമൊയ്ത്ര തന്റെ പാര്‍ലമെന്ററി ലോഗിന്‍ ഐ.ഡിയും പാസ്‌വേഡും കൈമാറിയെന്നാണ് ആരോപണം. ഇതേക്കുറിച്ചാണ് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി അന്വേഷിക്കുന്നത്.

വിശദീകരണം നല്‍കാന്‍ മഹുവ ഒക്ടോബര്‍ 31ന് ഹാജരാകണമെന്നാണ്‌ കമ്മിറ്റി നിര്‍ദേശം. എന്നാല്‍ തനിക്ക് ആ ദിവസം ഒഴിവാക്കാന്‍ പറ്റാത്ത മറ്റൊരു പരിപാടിയുണ്ടെന്നും, നവംബര്‍ നാലു വരെ തിരക്കാണെന്നും അതുകഴിഞ്ഞ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാമെന്നുമാണ് മഹുവ പറഞ്ഞത്.പരാതിക്കാരനായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, സുപ്രീംകോടതി അഭിഭാഷകനും മഹുവയുടെ മുന്‍ പങ്കാളിയുമായ ജയ് ആനന്ദ് ദേഹാദ്രായ് എന്നിവരുടെ മൊഴി വ്യാഴാഴ്ച എത്തിക്‌സ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു.

സര്‍ക്കാരിനെയും അദാനി ഗ്രൂപ്പിനെയും ലക്ഷ്യമിട്ട് പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ അനുമതി നല്‍കുക വഴി പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവക്കെതിരായ ആരോപണം. ഐ.ഡിയും പാസ്‌വേഡും നല്‍കിയതു വഴി ഹിരനന്ദാനി ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ദുബെ ആരോപിച്ചു.

 

 

Latest