National
ബെംഗളുരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതി കസ്റ്റഡിയില്‍
കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ നിന്നാണ് ഷബീര്‍ എന്ന ആളിനെ എന്‍ഐഎ പിടികൂടിയത്
ബെംഗളുരു|ബെംഗളുരുവിലെ പ്രശസ്തമായ രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ നിന്നാണ് ഷബീര്‍ എന്ന ആളിനെ എന്‍ഐഎ പിടികൂടിയത്. നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി എന്‍ഐഎയുടെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
മാര്‍ച്ച് ഒന്നിനായിരുന്നു ബെംഗളുരുവിലെ ഐ ടി പി എല്‍ റോഡിലെ രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആദ്യം ലോക്കല്‍ പോലീസ് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് കേസ് കേന്ദ്ര ആഭ്യന്തരവകുപ്പ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎക്ക്) കൈമാറി. പ്രതിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട എന്‍ഐഎ സംഘം ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കഫേയിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തീവ്രത കുറഞ്ഞ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്ന് ടൈമറും ഐ.ഇ.ഡിയുടെ ഭാഗങ്ങളും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. അതിനിടെയാണ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയത്.