Connect with us

From the print

മൈനാഗപ്പള്ളി അപകടം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സംഭവത്തില്‍ കൊല്ലം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദേശിച്ചു.

Published

|

Last Updated

തിരുവനന്തപുരം | കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രിക കാറിടിച്ച് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ കൊല്ലം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദേശിച്ചു.

അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ കാറിലുണ്ടായിരുന്നത്, ചെയ്യുന്ന തെറ്റിന്റെ ഗൗരവം നന്നായി മനസ്സിലാവുന്ന വനിതാ ഡോക്ടറാണെന്ന റിപോര്‍ട്ടുകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് ബീനാകുമാരി പറഞ്ഞു. വനിതാ ഡോക്ടറെയും ഡ്രൈവറെയും പോലീസ് പിടികൂടിയിരുന്നു.

ഇരുവരും മദ്യപിച്ചിരുന്നുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍, സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

സ്‌കൂട്ടറില്‍ നിന്ന് റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയും ആളുകള്‍ ഓടിക്കൂടിയതോടെ നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) ആണ് മരിച്ചത്.

ഇവരുടെ ഒപ്പമുണ്ടായിരുന്ന ഫൗസിയ ചികിത്സയിലാണ്. വെളുത്തമണല്‍ സ്വദേശി അജ്മല്‍ ആണ് കാറോടിച്ചിരുന്നത്. വനിതാ ഡോക്ടറായ ശ്രീക്കുട്ടിയാണ് ഇയാളുടെ കൂടെയുണ്ടായിരുന്നത്. ശ്രീക്കുട്ടിയെ ഇന്നലെയും അജ്മലിനെ പുലര്‍ച്ചെ ശാസ്താംകോട്ട പതാരത്തുനിന്നുമാണ് പോലീസ് പിടികൂടിയത്.

 

Latest