Kerala
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ആത്മസായൂജ്യമണിഞ്ഞ് ഭക്തർ
ചൊവ്വാഴ്ച വൈകീട്ട് 6.45നാണ് പൊന്നമ്പലമേട്ടിൽ മൂന്ന് തവണ മകര ജ്യോതി തെളിഞ്ഞത്.
പത്തനംതിട്ട | ശബരിമല പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ ആത്മീയ നിർവൃതിയിൽ അലിഞ്ഞ് ഭക്തർ. ചൊവ്വാഴ്ച വൈകീട്ട് 6.45നാണ് പൊന്നമ്പലമേട്ടിൽ മൂന്ന് തവണ മകര ജ്യോതി തെളിഞ്ഞത്. ആയിരക്കണക്കിന് ഭക്തർ മകരജ്യോതി ദർശിച്ചു.
മകര വിളക്ക് ദിനമായ ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് നട തുറന്നു. തുടർന്ന് 8.55ന് തന്ത്രിമാരായ കണ്ഠരര് രാജീവര് , മകൻ കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ മകരസംക്രമ പൂജ നടന്നു. ഉച്ചപൂജയ്ക്ക് അടച്ച നട വൈകിട്ട് അഞ്ചിന് വീണ്ടും തുറന്നു. ശേഷം തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനുള്ള സംഘം അനുജ്ഞ വാങ്ങി സന്നിധാനത്ത് നിന്നും ശരംകുത്തിയിലേക്ക് പുറപ്പെട്ടു.
വൈകിട്ട് ആറേകാലോടെ പതിനെട്ടാം പടി കയറി എത്തിയ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, മെമ്പർമാരായ അഡ്വ.എ അജികുമാർ, ജി. സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. നടയിൽ എത്തിയ പേടകം തന്ത്രി കണ്ഠരര് രാജീവരരും മകൻ കണ്ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി.
തുടർന്ന് അമൂല്യ രത്നങ്ങൾ അടങ്ങിയ തിരുവാഭരണം ചാർത്തി ദീപാരാധന നടന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊന്നമ്പലമേട്ടിൽ മൂന്ന് വട്ടം മകരജ്യോതി തെളിഞ്ഞണഞ്ഞു.
17വരെ ഭക്തർക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. 18 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാവു. 18ന് ദീപാരാധനയ്ക്ക് ശേഷം മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 19ന് രാത്രി 10ന് മാളികപ്പുറം സന്നിധിയിൽ വലിയ ഗുരുതി. 19ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.