National
ക്രിപ്‌റ്റോ കറന്‍സി തെറ്റായ കൈകളില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണം: നരേന്ദ്ര മോദി
ആഗോളരംഗത്ത് മത്സരത്തിനുള്ള ഏറ്റവും വലിയ ഉപകരണമായി ടെക്‌നോളജി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി| ക്രിപ്‌റ്റോ കറന്‍സി തെറ്റായ കൈകളില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഡ്‌നി ഡയലോഗിനെ വിഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. എല്ലാ ജനാധിപത്യ രാജ്യങ്ങളും ഇതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും തെറ്റായ കരങ്ങളില്‍ ഡിജിറ്റല്‍ കറന്‍സി എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മോദി പറഞ്ഞു. ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യയില്‍ വന്‍ പുരോഗതിയുണ്ടാവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഗവേണ്‍സ്, എംപവര്‍മെന്റ്, കണക്ടിവിറ്റി, ഡെലിവറി, വെല്‍ഫെയര്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. ആഗോളരംഗത്ത് മത്സരത്തിനുള്ള ഏറ്റവും വലിയ ഉപകരണമായി ടെക്‌നോളജി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി. എന്നാല്‍, ഇത് ദുരുപയോഗം ചെയ്യരുതെന്നും മോദി നിര്‍ദേശിച്ചു.
ക്രിപ്‌റ്റോ കറന്‍സിക്ക് നിരോധനമേര്‍പ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍, ക്രിപ്‌റ്റോ കറന്‍സിക്ക് അനുമതി നല്‍കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട സമിതിക്ക് മുമ്പാകെ എം.പിമാര്‍ ആവശ്യപ്പെട്ടത്. അതേസമയം, ക്രിപ്‌റ്റോ കറന്‍സിക്കെതിരെ ശക്തമായ നിലപാടാണ് ആര്‍.ബി.ഐ സ്വീകരിച്ചിരിക്കുന്നത്.