Ongoing News
പൊതുമാപ്പ് കാരുണ്യത്തിന്റെ മഹാഹസ്തം, ഉപയോഗപ്പെടുത്തുക
സന്ദർശക വിസയിലെത്തി ജീവിതോപാധി കണ്ടെത്താനാകാതെ ദുരിതത്തിലായവർക്കും അവസരമാണ് പൊതുമാപ്പ്.
യു എ ഇയിൽ പൊതുമാപ്പ് ആരംഭിക്കാൻ ഏതാനും ദിവസങ്ങളേയുള്ളു. ഉദ്യോ
ഗസ്ഥർ ഒരുക്കം നടത്തിയിട്ടുണ്ട്. അനധികൃത താമസക്കാരായ വിദേശികളോട് ഉദാര സമീപനമാണ് ഉദ്ദേശ്യം. വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയടക്കാതെ നാട്ടിലേക്ക് മടങ്ങാം. തൊഴിൽ വാഗ്ദാനമുണ്ടെങ്കിൽ അങ്ങോട്ട് മാറാം. തൊഴിലുടമയുമായി തർക്കമുണ്ടെങ്കിൽ പരിഹരിക്കാം. യാതൊരു രേഖയുമില്ലാത്തവർക്ക്, അതാത് നയതന്ത്ര കാര്യാലയത്തിൽ നിന്ന് ഔട്പാസ് സംഘടിപ്പിച്ചാൽ നാട്ടിലേക്ക് പോകാം. പുതിയ പാസ്പോർട്ടുമായി തിരിച്ചു വരുമ്പോൾ പ്രവേശ നിരോധം ഉണ്ടാകില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. പ്രവേശ നിരോധം ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയവർക്കുള്ളതാണ്. സന്ദർശക വിസയിലെത്തി ജീവിതോപാധി കണ്ടെത്താനാകാതെ ദുരിതത്തിലായവർക്കും അവസരമാണ് പൊതുമാപ്പ്. ധാരാളം സ്ഥാപനങ്ങൾ, സംഘടനകൾ സഹായ ഹസ്തവുമായി രംഗത്തുണ്ട്. ഉപയോഗപ്പെടുത്താതിരിക്കുന്നത് ശരിയല്ല. പാശ്ചാത്യ നാടുകളിൽ ഇത്തരം ഔദാര്യം ഇല്ലെന്നാണ് അറിവ്. ഗൾഫ് നാടുകളിൽ മാത്രമേയുള്ളൂ. ജീവിതോപാധിക്ക് വേണ്ടിയെത്തിയവരിൽ കുറച്ച് പേർ ലക്ഷ്യം കാണാതെ കുടുങ്ങിപ്പോകുന്നു. അവർ, നിരാശരായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടേക്കാം. അധികൃതർക്ക് ഉൽക്കണ്ഠ എന്ന് പറയാൻ ഇത് മാത്രമേയുള്ളൂ. കൂട്ടത്തിൽ കേരളീയ സമൂഹത്തോട് പ്രത്യേക മമതയുണ്ട്. പൊതുവെ നിയമം പാലിക്കുന്നവരാണവർ എന്നാണ് സ്വദേശികളുടെ അനുഭവം. അതിനാൽ കുറേക്കൂടി ഔദാര്യം പ്രതീക്ഷിക്കാം. പൊതുമാപ്പുമായി സഹകരിക്കാൻ ഇന്ത്യൻ സംഘടനകളോട് ഉദ്യോഗസ്ഥർ അഭ്യർഥിച്ചിട്ടുണ്ട്. കടലാസ് പണികൾ വേഗത്തിലാക്കാൻ അവർക്ക് സാധിക്കും. ഉദ്യോഗസ്ഥരുടെ സാമീപ്യമുണ്ടാകും. സങ്കീർണമായ നിയമക്കുരുക്കിൽ പെട്ടവർക്ക് പോലും രക്ഷപ്പെടാൻ പൊതുമാപ്പ് വാതിൽ തുറന്നിടുന്നു.
2018 പൊതുമാപ്പ് വേളയിൽ ആയിരക്കണക്കിനാളുകളാണ് താമസ കുടിയേറ്റ വകുപ്പിന്റെ പൊതു മാപ്പ് കേന്ദ്രങ്ങളിൽ എത്തി “പദവി’ ശരിയാക്കിയത്. ദുബൈയിലും അബൂദബിയിലും ആദ്യ പത്ത് ദിവസത്തിനകം 30,000 ഓളം ആളുകൾ പൊതുമാപ്പ് തേടിയെത്തി. ഷാർജ, അജ്മാൻ തുടങ്ങി മറ്റ് വടക്കൻ എമിറേറ്റുകളിൽ ഇത്ര തന്നെ അനധികൃത താമസക്കാർ, രക്ഷപ്പെടാൻ വഴി തേടിയിരിക്കും. പിഴ ഇനത്തിൽ കോടിക്കണക്കിന് ദിർഹം യു എ ഇ ഭരണകൂടം വേണ്ടെന്ന് വെച്ചു. തൊഴിൽ ലഭിക്കാൻ സാധ്യതയുള്ള ആളുകൾക്ക് ആറ് മാസ വിസ നൽകി. യുദ്ധമോ പ്രകൃതി ദുരന്തമോ നേരിടുന്ന പ്രദേശത്ത് നിന്നുള്ളവർക്ക് ഒരു വർഷം യു എ ഇ യിൽ തുടരാൻ അനുമതി കൊടുത്തു. ഒരു ഭരണകൂടം ഇതിൽപരം, എന്ത് ഔദാര്യമാണ് കാണിക്കേണ്ടത്? ഏതൊക്കെ തരത്തിൽ മനുഷ്യർ നിസ്സഹായരും അന്തർമുഖരും ആയിപ്പോയെന്ന് പൊതുമാപ്പ് കാണിച്ചു തന്നു.
അബൂദബിയിൽ പത്തു വയസ്സുകാരി വർഷങ്ങളായി വീടിന് പുറത്തിറങ്ങാറില്ലായിരുന്നു. അനധികൃത താമസക്കാരിയാണ്. മാതാപിതാക്കൾ സാമ്പത്തികമായി തകർന്നതിനാൽ വിസ പുതുക്കാൻ കഴിഞ്ഞില്ല. ചെക്ക് കേസിൽ മാതാവ് ജയിലിൽ. ഈ സ്ത്രീയുടെ ആദ്യ വിവാഹത്തിലെ കുട്ടി നാട്ടിൽ ബന്ധുക്കളുടെ സംരക്ഷണയിൽ. പത്ത് വയസ്സുകാരി രണ്ടാം ക്ലാസിൽ പഠനം നിർത്തി. വിസ പുതുക്കാത്തതിനാൽ, പിതാവും അനധികൃത താമസക്കാരൻ തന്നെ. ചെക്ക് കേസിൽ പെട്ട് ഏതാനും മാസങ്ങൾ ജയിലിൽ ആയിരുന്നു. പെൺകുട്ടിയെ പൊതുമാപ്പ് വഴി നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞു. ജനിച്ച നാൾ തൊട്ടു അനധികൃത താമസക്കാരായ എത്ര പേരാണുള്ളത്. ഫുജൈറയിൽ ഒരു യമനിയുടെ കഥ ആരുടേയും ഉള്ളുരുക്കും. യമൻ പൗരന് പാകിസ്ഥാനി ഭാര്യയിൽ ജനിച്ച 24കാരന് യാതൊരു രേഖയുമില്ല. യുവാവിന് നാല് വയസ്സുള്ളപ്പോൾ മാതാവ് വിവാഹമോചനം നേടി പാകിസ്ഥാനിലേക്ക് പോയി. യമനിയായ പിതാവിന് വേറെ ഭാര്യ ഉണ്ട്. മക്കളുമുണ്ട്. ഏതാനും വർഷം മുമ്പ് ഇവരെയൊക്കെ ഇട്ടെറിഞ്ഞ് പിതാവ് യമനിലേക്ക്. ഈ കൗമാരക്കാരൻ ഒറ്റപ്പെട്ടു. അർധ സഹോദരന്റെ തണലിൽ ആയി ജീവിതം. ജനന സാക്ഷ്യപത്രമില്ല. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം പോയിട്ടില്ല. വീടില്ല, നാടില്ല. അനധികൃത താമസക്കാരനായതിന്റെ പിഴ എട്ട് ലക്ഷത്തിലധികം ദിർഹം. ഭരണകൂടം അത് ഒഴിവാക്കികൊടുത്തു. യമനിൽ ഹൂത്തി കലാപമായതിനാൽ ഒരു വർഷം കൂടി യു എ ഇയിൽ തുടരാൻ വിസ അനുവദിച്ചു. താത്കാലിക ആശ്വാസമായി. ഇങ്ങനെ എത്ര ആളുകൾ. യാതൊരു രേഖയും ഇല്ലാത്തവർ, പാസ്പോർട്ട് ഉണ്ടെങ്കിലും വിസ കാലാവധി തീർന്നവർ, സ്‌പോൺസറുടെ കീഴിൽ നിന്ന് കടന്നുകളഞ്ഞവർ എന്നിങ്ങനെ പല തരക്കാരാണ് വിദേശി സമൂഹത്തിൽ. യാതൊരു രേഖയും ഇല്ലാത്തവർ, സാക്ഷ്യപ്പെടുത്തിയ നാട്ടിലെ താമസ രേഖ വരുത്തി, നയതന്ത്ര കാര്യാലയത്തിൽ നിന്നോ കോൺസുലാർ സേവന ഏജൻസിയിൽ നിന്നോ ഔട്പാസ് സംഘടിപ്പിക്കണം. അതും, വിമാന ടിക്കറ്റുമായി പൊതുമാപ്പ് കേന്ദ്രത്തിലെത്തണം. യു എ ഇയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവരും ആദ്യം സമീപിക്കേണ്ടത് നയതന്ത്ര കാര്യാലയത്തെ. യു എ ഇ താമസ കുടിയേറ്റ വകുപ്പ് അവിടെ പാസ്പോർട് എത്തിച്ചിരിക്കാം. പാസ്പോർട്ട് പകർപ്പുണ്ടെങ്കിൽ പോലീസ് രേഖ സംഘടിപ്പിക്കാം. വിസ കാലാവധി തീർന്നവർക്ക് അമർ, തസ്്ഹീൽ സെന്ററുകളെ ആശ്രയിക്കാം. താത്കാലിക വിസ ലഭ്യമാക്കാം. ഈ സൗകര്യങ്ങൾ ഇത്തവണയും പ്രതീക്ഷിക്കാം.
മുമ്പ് നാട്ടിലെത്തിയ ചിലർക്ക് പ്രവേശ നിരോധം ഉണ്ടാകാം. എടുത്തുകളയാൻ അപേക്ഷ നൽകാം. അതാത് രാജ്യങ്ങളിലെ യു എ ഇ നയതന്ത്ര കാര്യാലയത്തിലാണ് അപേക്ഷ നൽകേണ്ടത്. കേരളത്തിലുള്ളവർക്ക് തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റിനെ ആശ്രയിക്കാം. പ്രവേശ നിരോധം നിലനിൽക്കുന്നുണ്ടോയെന്ന് യു എ ഇ താമസ കുടിയേറ്റ വകുപ്പ് പരിശോധിക്കും. പ്രവേശ നിരോധം നേരിട്ടവർ എല്ലാവരും കുറ്റവാളികൾ എന്ന നിലപാടല്ല യു എ ഇ ഭരണകൂടത്തിനുള്ളത്. അതുകൊണ്ട് തന്നെ ഒരു ശ്രമം നടത്തുന്നത് തെറ്റല്ല. പാസ്പോർടുള്ളവർ, വിസ സംഘടിപ്പിച്ച് യു എ ഇയിൽ തുടരാൻ ആഗ്രഹിക്കുന്നു. ആറ് മാസ വിസക്ക് ആവശ്യക്കാർ ഏറെ.ഉപയോഗപ്പെടുത്തുക തന്നെ. സെപ്തംബർ ഒന്നിന് പൊതുമാപ്പ് ആരംഭിക്കും. കുറഞ്ഞത് രണ്ട് മാസം നീണ്ടുനിൽക്കും. അനധികൃത താമസക്കരെ സംബന്ധിച്ചു ആശ്വാസത്തിന്റെ നാളുകളാണിനി.