Kerala
ശ്രീറാമിനെ കലക്ടറാക്കിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളി: പി കെ കുഞ്ഞാലിക്കുട്ടി
നാട്ടിലെന്തൊക്കെ നടന്നാലും തങ്ങളിങ്ങനെയൊക്കയേ ചെയ്യൂ എന്ന സർക്കാർ മനോഭാവം ഭരണകൂട ധാർഷ്ട്യമാണെന്നും കുഞ്ഞാലിക്കുട്ടി
കേഴിക്കോട് | നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയതോടെ സർക്കാർ നടത്തിയതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലകളക്ടറാക്കിയതിൽ പ്രിതിഷേധിച്ച് കെ.യു.ഡ.ബ്ല്യുജെ-കെ.എൻ.ഇ.എഫ് നേതൃത്വത്തിൽ കിഡ്‌സൺ കോർണറിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ഏതു പോസ്റ്റിലേക്കും സർക്കാരിന് നിയമിക്കാം. പക്ഷെ ശ്രീറാമിനെപ്പോലുള്ളൊരാൾ ഒരു കൊലപാതകക്കേസിൽ ആരോപണ വിധേയനാണ്. അതും ഒരു മാധ്യമപ്രവർത്തകനെ പാതിരാത്രിയിൽ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിൽ. പൊതു സമൂഹം ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നാട്ടിലെന്തൊക്കെ നടന്നാലും തങ്ങളിങ്ങനെയൊക്കയേ ചെയ്യൂ എന്ന സർക്കാർ മനോഭാവം ഭരണകൂട ധാർഷ്ട്യമാണ്. പൊതുസമൂഹത്തിന്റെ മുഖത്താണ് ഇത്തരമൊരു നടപടിയിലൂടെ സർക്കാർ കരിവാരിതേച്ചിരിക്കുന്നത്. യു.ഡി.എഫും മുസ്‍ലിം ലീഗും ഇത്തരമൊരു നിയമനത്തെ ഒരുതരത്തിലും അനുവദിക്കില്ല. സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി.
കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി പി.എസ്. രാകേഷ്, പ്രസിഡന്റ് ഫിറോസ് ഖാൻ, സിറാജ് എഡിറ്റർ ഇൻ ചാർജ് ടി കെ അബ്ദുൽ ഗഫൂർ, കെ.യു.ഡബ്യു.ജെ. മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, കെ.എൻ. ഇ.എഫ്. ജില്ലാ വൈസ് പ്രസിഡന്റ് സി. രതീഷ് കുമാർ, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഫിറോസ്, ജില്ലാ ട്രഷറർ പി.വി. നജീബ് എന്നിവർ സംസാരിച്ചു.
ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടര്‍ ആക്കിയതിനെതിരെയും കെ എം ബഷീറിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും എറണാകുളത്തെ മാധ്യമ പ്രവര്‍ത്തകര്‍ കെ യു ഡബ്ല്യു ജെയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.