Connect with us

Kerala

മാള ഡി സോണ്‍: കെ എസ് യു നേതാക്കള്‍ക്കെതിരെ പോലീസ് വധശ്രമ കുറ്റം ചുമത്തി

കെ എസ് യു സംസ്ഥാന ട്രഷറര്‍ സച്ചിന്‍ ടി പ്രദീപ്, തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍, എക്‌സിക്യൂട്ടീവ് അംഗം സുദേവ് എസ് എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുന്നു

Published

|

Last Updated

തൃശൂര്‍ | മാളയില്‍ ഡി സോണ്‍ കലോത്സവത്തിനിടെ എസ് എഫ് ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ കെ എസ് യു നേതാക്കളായ ഗോകുല്‍ ഗുരുവായൂര്‍, സച്ചിന്‍ പ്രദീപ്, സുദേവ് എന്നിവര്‍ക്കെതിരെ പോലീസ് വധശ്രമ കുറ്റം ചുമത്തി.

പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ കെ എസ് യു സംസ്ഥാന ട്രഷറര്‍ സച്ചിന്‍ ടി പ്രദീപ്, തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍, എക്‌സിക്യൂട്ടീവ് അംഗം സുദേവ് എസ് എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിരുന്നു. കലോത്സവ നടത്തിപ്പിലെ അപാകത ചോദ്യം ചെയ്തതിന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കെഎസ്‌യു നേതാക്കള്‍ മര്‍ദിച്ചുവെന്നാണ് പോലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഒരു എസ് എഫ് ഐ മക്കളെയും പുറത്ത് വിടില്ലെന്നും ഇന്ന് നിന്നെ കൊല്ലുമെടാ എന്നും ആക്രോശിച്ചായിരുന്നു ആക്രമണം എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മുളവടി, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെ കെ എസ് യു ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എസ് എഫ് ഐ നേതാക്കളായ ആശിഷ്, അഗ്‌നിവേഷ് എന്നിവരുടെ പരാതിയില്‍ അറസ്റ്റിലായ കെഎസ് യു നേതാക്കളെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. സംഭവം നടന്നശേഷം ആലുവയില്‍ ഒളിവില്‍ പോയ മൂന്നുപേരെയും മാള പോലീസ് പിടികൂടുകയായിരുന്നു. കെ എസ് യു നേതാക്കള്‍ സഞ്ചരിച്ചിരുന്ന ആംബുലന്‍സ് ആക്രമിച്ച സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന നാല് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൊരട്ടി പൊലീസ് കേസ് എടുത്തിട്ടുണ്ട്. എസ് എഫ് ഐ പ്രവര്‍ത്തകരെ ആക്രമിച്ച ശേഷം ആംബുലന്‍സില്‍ രക്ഷപ്പെട്ട കെ എസ് യു നേതാക്കള്‍ എടുത്ത സെല്‍ഫി പുറത്തുവന്നിരുന്നു.

കെഎസ്യുവിന്റെ സെന്റ് തോമസ് കോളേജ് മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരാണ് ചിത്രത്തിലുള്ളത്. കസ്റ്റഡിയില്‍ ആയ കെ എസ് യു പ്രവര്‍ത്തകരെ നിയമപരമായും രാഷ്ട്രീയമായും പിന്തുണയ്ക്കുമെന്ന് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു.

 

Latest