Connect with us

Malabar Movement 1921

മലബാര്‍ സമരം ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷമുള്ള വലിയ പോരാട്ടം: സ്പിക്കര്‍ എം ബി രാജേഷ്

Published

|

Last Updated

കോഴിക്കോട് | 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം തദ്ദേശീയരും ബ്രിട്ടീഷുകാരും തമ്മില്‍ നടന്ന ഏറ്റവും വലിയ പോരാട്ടമായിരുന്നു മലബാര്‍ കലാപമെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. ചിലര്‍ ഇത് കേള്‍ക്കുമ്പോള്‍ പ്രകോപിതരാകും, എന്നാല്‍, പ്രകോപിതരായിട്ടു കാര്യമില്ല, അന്നത്തെ കോണ്‍ഗ്രസ് നേതാവ് മാധവന്‍ നായരും ഖിലാഫത്ത് സമരത്തില്‍ പങ്കാളിയായിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് അടക്കമുള്ളവരും ഈ രീതിയില്‍ മലബാര്‍ സമരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും എം ബി രാജേഷ് വ്യക്തമാക്കി.

1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതികാലങ്ങള്‍ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അക്കാദമിക് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത സ്പര്‍ദയോ വിദ്വേഷമോ ആയിരുന്നില്ല മലബാര്‍ സമരത്തിന് കാരണമെന്നും രാഷ്ട്രീയ കാരണങ്ങളും പോലീസിന്റെ അതിക്രമങ്ങളുമായിരുന്നുവെന്നും ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ഖിലാഫത്ത് സ്മരണ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഈ പുസ്തകം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ധീരദേശാഭിമാനിയായി ചരിത്രം രേഖപ്പെടുത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രാജ്യദ്രോഹിയും ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്തവര്‍ രാജ്യസ്‌നേഹികളുമായി ചിത്രീകരിക്കപ്പെടുന്നത് ചരിത്രം തലകുത്തി നില്‍ക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. വാഗണ്‍ട്രാജഡിയിലെ രക്തസാക്ഷികള്‍ പോലും സ്വാതന്ത്ര്യ സമര സേനാനികളല്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദം അത്ഭുതകരമാണ്. ചരിത്രത്തെ വര്‍ഗീയവത്കരിക്കുകയെന്നത് ഫാസിസത്തിന്റെ ഏറ്റവും വലിയ ആയുധമാണെന്നും രാജേഷ് പറഞ്ഞു.

സാമ്രാജ്യത്വത്തിനെതിരെയും ജന്‍മിത്വത്തിനെതിരെയുമായി നടന്ന മലബാര്‍ സമരം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചില തത്പര കക്ഷികള്‍ കയറിക്കൂടി വര്‍ഗീയമാക്കിയിട്ടുണ്ടാവാം. എന്നാല്‍, സമരം പൂര്‍ണമായും വര്‍ഗീയമായിരുന്നുവെന്ന് സാമാന്യവത്കരിച്ചത് ബ്രിട്ടീഷുകാരും അവരുടെ കൂട്ടാളികളായ ജന്‍മിമാരുമായിരുന്നു. മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ സമരമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നത് ചരിത്രവിരുദ്ധവും വര്‍ഗീയ താത്പര്യവുമാണ്.

അഹിംസാധിഷ്ഠിത സമരത്തിന് ആഹ്വാനം ചെയ്ത മഹാത്മാഗാന്ധി നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമരത്തിനിടയില്‍ ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനര്‍ത്ഥം സമരത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജി അതിന് ഉത്തരവാദിയാണെന്നതാണോ? എം ബി രാജേഷ് ചോദിച്ചു. ആലിമുസ്‌ലിയാര്‍ക്കും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും എതിരെ ചുമത്തിയിരിക്കുന്ന കുറ്റം ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ്. ഈ തരത്തില്‍ കേസ് ചുമത്തപ്പെട്ടിരിക്കെ എങ്ങിനെയാണ് ഇവരുടെ സമരം ബ്രിട്ടീഷുകാര്‍ക്കെതിരെ ആവാതിരിക്കുന്നതെന്നും രാജേഷ് ചോദിച്ചു.