Kozhikode
മലൈബാര്‍ - ഹിമല്‍ മാനുസ്‌ക്രിപ്റ്റ് ഡിജിറ്റൈസേഷന്‍ പദ്ധതിക്ക് നോളജ് സിറ്റിയില്‍ തുടക്കമായി
അമൂല്യവും പൗരാണികവുമായ കൈയ്യെഴുത്ത് കൃതികള്‍ ഏറ്റവും സുരക്ഷിതമായി സംരക്ഷിക്കാനാണ് പദ്ധതി
നോളജ് സിറ്റി| മര്‍കസ് നോളജ് സിറ്റിയിലെ ഗവേഷണ സംരംഭമായ മലൈബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റും അമേരിക്കയിലെ ലോക പ്രസിദ്ധ ഗ്രന്ഥശാലയായ ഹില്‍ മ്യൂസിയം ആന്‍ഡ് മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയും (ഹിമല്‍) സംയുക്തമായി ആരംഭച്ച മലൈബാര്‍- ഹിമല്‍ മാനുസ്‌ക്രിപ്റ്റ് ഡിജിറ്റൈസേഷന്‍ പദ്ധതി ഹമദ് സാമി ഹുസൈന്‍ റശീദ് അല്‍ഫള്ല്‍ അല്‍ദൗസരി ബഹറൈന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ ആസ്ഥാനത്ത് വെച്ച് നടന്ന പ്രത്യേക ചടങ്ങളില്‍ അലി നാസര്‍ ഹമദ് അല്‍മഹ്റൂഖി ഒമാന്‍ മുഖ്യാഥിതിയായി. മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു.
രണ്ട് വര്‍ഷം നീണ്ട് നില്‍ക്കുന്ന ആദ്യഘട്ട പദ്ധതിയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, ലക്ഷദ്വീപ്, ആന്തമാന്‍ തുടങ്ങിയ ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്‍ ഉള്ള കൈയ്യെഴുത്ത് കൃതികള്‍ ആണ് ഡിജിറ്റൈസ് ചെയ്യുന്നത്. ലോകോത്തര നിലവാരമുള്ള ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാദേശിക ലൈബ്രറികള്‍ക്ക് പുറമെ മസ്ജിദുകള്‍, സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലുള്ള അമൂല്യവും പൗരാണികവുമായ കൈയ്യെഴുത്ത് കൃതികള്‍ ഏറ്റവും സുരക്ഷിതമായാണ് ഈ പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും പോയി ഡിജിറ്റൈസ് ചെയ്ത് ഹിമല്‍ രൂപകല്‍പന ചെയ്ത വെബ്‌സൈറ്റ് വഴി ലോകത്തുള്ള എല്ലാവര്‍ക്കും സൗജന്യമായി ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ കോപ്പികള്‍ ലഭ്യമാക്കാനാണ് പദ്ധതി മുഖേനെ ലക്ഷ്യമാക്കുന്നത്.
നാശോന്മുകമായി കൊണ്ടിരിക്കുന്ന മലാബാറിലെ പൗരാണിക ഗ്രന്ഥങ്ങള്‍ സംരക്ഷിക്കുക, മലബാറില്‍ നിന്നുള്ള അമൂല്യമായ വൈജ്ഞാനിക സ്രോതസ്സുകളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പണ്ഡിതന്മാര്‍- ഗവേഷകര്‍- വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് സൗജന്യമായി ലഭ്യമാക്കാനും ഈ പദ്ധതി സഹായകരമാവും എന്ന് മലൈബാര്‍ അധികൃതര്‍ പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയിലെ മസ്ജിദ് ഉള്‍പ്പെടുന്ന സാംസ്‌കാരിക കേന്ദ്രത്തിന്റെ ഭാഗമായി പണി തീര്‍ന്നുകൊണ്ടിരിക്കുന്ന ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കേന്ദ്രമായി മികച്ച മാനുസ്‌ക്രിപ്റ്റ് സെന്ററും പദ്ധതിയില്‍ ഉണ്ട്. സ്വകാര്യ ശേഖരത്തില്‍ ഉള്ള കൈയ്യെഴുത്ത് കൃതികളുടെ വിവരങ്ങള്‍ മലൈബാറിലെ മാനുസ്‌ക്രിപറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ അറിയിച്ചാല്‍ അവയെ സംരക്ഷിക്കാനുള്ള സഹായവും നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
ചടങ്ങില്‍ ഹിമല്‍ ദക്ഷിണേഷ്യന്‍ അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ റോഹന്‍ ചൗഹാന്‍, മര്‍കസ് നോളജ് സിറ്റി സി.എ.ഒ അഡ്വ. തന്‍വീര്‍ ഉമര്‍, മലൈബാര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നൂറുദ്ധീന്‍ മുസ്തഫ എന്നിവരും സംബന്ധിച്ചു.