malala marriage
മലാല യൂസഫ്സായ് വിവാഹിതയായി
പാക്ക് ക്രിക്കറ്റ് ബോര്‍ഡില്‍ ഉന്നത സ്ഥാനം വഹിക്കുന്ന അസര്‍ മാലികാണ് വരന്‍
ലണ്ടന്‍ | നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായ് വിവാഹിതയായി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലികാണ് വരന്‍. മലാലയുടെ ബര്‍മിംഗ്ഹാമിലെ വസതിയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. മലാല തന്നെയാണ് വിവാഹക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ദിവസമാണ്. അസറും ഞാനും ജീവതകാലം മുഴുവന്‍ പങ്കാളികളായിരിക്കാന്‍ തീരുമാനിച്ചു. ബര്‍മിംഗ്ഹാമിലെ വീട്ടില്‍ കുടുംബക്കാരോടൊപ്പം ചെറിയ നിക്കാഹ് ചടങ്ങ് നടത്തി. എല്ലാവരുടേയും പ്രാര്‍ത്ഥന ഒപ്പം വേണം’. -മലാല ട്വിറ്ററില്‍ കുറിച്ചു.
2012ല്‍ വിദ്യാര്‍ഥിയായിരിക്കെ പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ സ്വാത് താഴ്‌വരയില്‍വെച്ച് താലിബാന്റെ വെടിയേറ്റതോടെയാണ് മലാല ശ്രദ്ധേയരാകുന്നത്. ഗുരതര പരുക്കേറ്റ മലാല വിദേശത്തെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പിന്നീട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. 16-ാം വയസില്‍ യു എന്‍ പൊതുസഭയില്‍ പ്രസംഗിച്ചു. തൊട്ടടുത്ത വര്‍ഷം തന്നെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരവും മലാലയെ തേടിയെത്തി.