calicut university
എസ് എസ് എഫ് പെന്‍സ്‌ട്രൈക്കിന് മലപ്പുറം ഗവ. കോളജ് ക്യാമ്പസില്‍ ഐക്യദാര്‍ഢ്യസമരം നടത്തി

മലപ്പുറം | പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളുമായി നീങ്ങുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കെതിരെ എസ് എസ് എഫ് നടത്തുന്ന പെന്‍സ്ട്രൈക്ക് സമരത്തിനു മലപ്പുറം ഗവ. കോളജിലെ വിദ്യാര്‍ഥികള്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകള്‍ക്ക് മുന്നിലാണ് പ്രതീകാത്മകമായി പേന ഉയര്‍ത്തിയും പ്ലകാര്‍ഡ് പിടിച്ചും ഐക്യദാര്‍ഢ്യ സംഗമം നടന്നത്. കൊവിഡ് കാലത്തും വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ മാത്രമെടുക്കുന്ന സര്‍വകലാശാലക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തിയത്. നിരന്തരം വിദ്യാര്‍ഥികള്‍ പ്രശ്നം ഉന്നയിച്ചിട്ടും യൂനിവേഴ്സിറ്റി അധികൃധരുടെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥവും കുട്ടികളുടെ ഭാവി അപകടത്തിലാക്കുകയാണ്. എസ് എസ് എഫ് സംസ്ഥാന സിന്‍ഡിക്കേറ്റാണ് യൂനിവേഴ്‌സിറ്റിക്ക് മുന്‍പിലുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
മലപ്പുറം ഗവ. കോളജിന് മുന്നില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമം എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി കെ തജ്മല്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി പി ഉസാമത്ത് വിഷയാവതരണം നടത്തി. യൂനിവേഴ്‌സിറ്റിയുടെ നിലവിലെ അവസ്ഥ വിദ്യാര്‍ത്ഥികളെ തികച്ചും ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്ന് എസ് എസ് എഫ് ക്യാമ്പസ് യൂണിറ്റ് ജനറല്‍ സെക്രട്ടറി ആദില്‍ പങ്കു വെച്ചു. വിദ്യാര്‍ഥി പ്രതിനിധി സഈദ് അവകാശ പത്രിക വായിച്ചു. എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ ഭാരവാഹികളായ സ്വാലിഹ് ശുഹൈദ്, അനസ് എന്നിവര്‍ സംബന്ധിച്ചു.