Connect with us

Articles

മലപ്പുറത്തിന് വേണം ഒരു എം റെയില്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്കു ചില ന്യൂനതകളുണ്ടെന്നത് പറയാതെ വയ്യ. തെക്കു വടക്കായി 530 കി.മീറ്ററില്‍ നീണ്ടു നിവര്‍ന്നു പോകുന്ന പാത ഏറെക്കുറെ തീരപ്രദേശം ചേര്‍ന്നാണ് കടന്നു പോകുന്നത്. ഇത് ചില ജില്ലക്കാര്‍ക്കെങ്കിലും തീര്‍ത്തും അപ്രാപ്യമാണ്. ഏറ്റവുമധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ പടിഞ്ഞാറു തീരം ചേര്‍ന്നാണ് സില്‍വര്‍ ലൈന്‍ കടന്നു പോകുന്നത്. തിരൂരില്‍ മാത്രമാണ് ജില്ലയില്‍ സ്റ്റേഷനുള്ളത്. 45 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന മലപ്പുറത്തെ 35 ലക്ഷം പേര്‍ക്കും കെ റെയില്‍ ഉപകാരപ്പെടില്ല.

Published

|

Last Updated

എത്രയൊക്കെ രാഷ്ട്രീയ കോലാഹലങ്ങള്‍ ഉണ്ടായാലും ഒടുവില്‍ സില്‍വര്‍ ലൈന്‍ എന്ന കെ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാകുക തന്നെ ചെയ്യും. അത്രമേല്‍ ഗതാഗത രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കെല്‍പ്പുള്ള റെയില്‍വേ ലൈന്‍ പദ്ധതിയാണത്. മലയാളികള്‍ക്ക് അത്രമേല്‍ യാത്രാ സൗകര്യം പ്രതീക്ഷിക്കാവുന്ന പദ്ധതിക്കു പക്ഷേ ചില ന്യൂനതകളുണ്ടെന്നത് പറയാതെ വയ്യ. തെക്കു വടക്കായി 530 കി.മീറ്ററില്‍ നീണ്ടു നിവര്‍ന്നു പോകുന്ന പാത പക്ഷേ ഏറെക്കുറെ തീരപ്രദേശം ചേര്‍ന്നാണ് കടന്നു പോകുന്നത്. ഇത് ചില ജില്ലക്കാര്‍ക്കെങ്കിലും തീര്‍ത്തും അപ്രാപ്യമാണ്. ഏറ്റവുമധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ പടിഞ്ഞാറു തീരം ചേര്‍ന്നാണ് സില്‍വര്‍ ലൈന്‍ കടന്നു പോകുന്നത്. തിരൂരില്‍ മാത്രമാണ് ജില്ലയില്‍ സ്റ്റേഷനുള്ളത്. 45 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന മലപ്പുറത്തെ 35 ലക്ഷം പേര്‍ക്കും കെ റെയില്‍ ഉപകാരപ്പെടില്ല. കിഴക്ക് നിലമ്പൂരോ ഏറനാടോ ഉള്ള ആളുകള്‍ക്ക് തൃശൂരിലോ കൊച്ചിയിലോ പോകാന്‍ തിരൂര്‍ വരെ റോഡ് മാര്‍ഗം സഞ്ചരിക്കണം. 70 കി.മീറ്ററോളം സഞ്ചരിക്കാന്‍ രണ്ട് മണിക്കൂറിലധികം സമയമെടുക്കും. അതിനാല്‍ തന്നെ സമയത്തെ തോല്‍പ്പിക്കാന്‍ കൊണ്ടുവരുന്ന സില്‍വര്‍ ലൈന്‍ മലപ്പുറത്തിന്റെ കിഴക്കന്‍ മധ്യ മേഖലകളിലുള്ളവര്‍ക്ക് ഉപകാരപ്പെടുന്നില്ല. രണ്ടര മണിക്കൂര്‍ സമയമെടുത്ത് തിരൂരെത്തി പിന്നെ കെ റെയില്‍ വഴി തൃശൂരെത്തുമ്പോഴേക്ക് മൂന്നര മണിക്കൂറാകും. അത്ര സമയം വേണ്ട നിലമ്പൂരുകാര്‍ക്ക് റോഡ് മാര്‍ഗം നേരേ തൃശൂരിലെത്താന്‍.

മലപ്പുറത്തിന്റെ കാര്യം ഒരുദാഹരണം മാത്രമാണ്. തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കും പാലക്കാട് ജില്ലക്കാര്‍ക്കും ഇതേ പ്രശ്നം വരുന്നുണ്ട്. അതുപോലെ ഇടുക്കി ജില്ലക്കാര്‍ക്കും കോട്ടയത്തിന്റെ വലിയൊരു ഭൂപ്രദേശത്തിനും കെ റെയില്‍ സ്റ്റേഷന്‍ അപ്രാപ്യമാണ്. അതിനാല്‍ തന്നെ കിഴക്കു പടിഞ്ഞാറു ദിശയില്‍ സില്‍വര്‍ ലൈനിന് കണക്റ്റിവിറ്റി ലൈനായി ചുരുങ്ങിയത് മൂന്ന് പാതയെങ്കിലും ഒരുക്കിയാലേ മുഴുവന്‍ മലയാളികള്‍ക്കും കെ റെയിലിന്റെ ‘സമയത്തെ തോല്‍പ്പിക്കുക’ എന്ന പ്രയോജനം ലഭിക്കുകയുള്ളൂ. ഈ കണക്റ്റിവിറ്റി ലൈനുകളുടെ നിര്‍മാണ ചുമതല അതത് ജില്ലാ പഞ്ചായത്തുകള്‍ക്ക് ഏറ്റെടുക്കാമെങ്കില്‍ സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇവയുടെ നിര്‍മാണവും പൂര്‍ത്തിയാക്കാവുന്നതാണ്.

ഈ കണക്റ്റിവിറ്റി പാതകള്‍ സഗൗരവം പരിഗണിക്കുകയാണെങ്കില്‍ ഏറ്റവുമധികം ജനങ്ങള്‍ അധിവസിക്കുന്ന മലപ്പുറത്താണ് ആദ്യം അത് വരേണ്ടത്. മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരിക്കുന്നവര്‍ ഈ ഒരാശയം നടപ്പാക്കാന്‍ മുന്‍കൈ എടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് മലപ്പുറത്തെ സംബന്ധിച്ച് ഗതാഗത രംഗത്തെ വിപ്ലവാത്മകമായ ചുവടുവെപ്പ് കൂടിയാകും.

നിലമ്പൂര് തൊട്ട് തിരൂര്‍ വരെ 65 കി.മീറ്റര്‍ ദൂരത്തില്‍ കെ റെയിലിന് കണക്റ്റിവിറ്റി ലൈനായി മലപ്പുറം പദ്ധതി പ്ലാന്‍ ചെയ്യുന്നുവെങ്കില്‍ സൗകര്യത്തിനായി നമുക്കതിനെ എം റെയില്‍ എന്നു വിളിക്കാം. ജില്ലയുടെ കിഴക്ക് നിലമ്പൂര് നിന്ന് തുടങ്ങിയാല്‍ എടവണ്ണ, മഞ്ചേരി, മലപ്പുറം, കോട്ടക്കല്‍ വഴി തിരൂര്‍ വരെ ഏകദേശം 65 കി.മീറ്റര്‍ ദൂരം വരും എം റെയിലിന്.

കെ റെയിലിന് കണക്റ്റിവിറ്റി ആയി കിഴക്ക് പടിഞ്ഞാറായി മലപ്പുറത്ത് എം റെയില്‍ വന്നാല്‍ അത് സില്‍വര്‍ ലൈന്‍ പിടിക്കാന്‍ തിരൂര്‍ എത്താന്‍ മാത്രമല്ല, തേക്കിന്റെ നാടായ നിലമ്പൂരിലേക്ക് സഞ്ചാരികള്‍ക്ക് എത്താനും ഉപകരിക്കും. മാത്രമല്ല ജില്ലയിലെ വിവിധ ടൗണുകളിലെ ഗതാഗതക്കുരുക്കുകള്‍ക്കും ഒരു പരിധി വരെ പരിഹാരമാകും ഈ കിഴക്കു പടിഞ്ഞാറ് അതിവേഗ റെയില്‍ പാത.

ജില്ലയുടെ കിഴക്കന്‍ മേഖലകളിലുള്ളവര്‍ക്ക് തിരൂര്‍ അടങ്ങുന്ന പടിഞ്ഞാറന്‍ മേഖലകളിലേക്ക് റോഡ് മാര്‍ഗം എത്തല്‍ നിലവില്‍ ദുഷ്‌കരമാണ്. നിലമ്പൂര്‍, എടവണ്ണ, മഞ്ചേരി, മലപ്പുറം, കോട്ടക്കല്‍, തിരൂര്‍ എന്നീ ആറ് സ്റ്റേഷനുകള്‍ അടങ്ങുന്ന എം റെയില്‍ യാഥാര്‍ഥ്യമായാല്‍ ജില്ലയിലെ ടൂറിസം മേഖലയിലും ചരക്കു ഗതാഗതത്തിലും വന്‍ ഉണര്‍വ് ഉണ്ടാകും. ജില്ലയുടെ പടിഞ്ഞാറന്‍ തീരപ്രദേശം സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങും. കിഴക്ക് നിലമ്പൂരിന്റെ കാനന ഭംഗി കാണാനും സഞ്ചാരികള്‍ക്ക് എളുപ്പത്തിലെത്താന്‍ കഴിയും. ഈ അതിവേഗ ലൈന്‍ നിലവില്‍ വരുന്നതോടെ നിലമ്പൂരില്‍ നിന്ന് തിരൂര്‍ എത്താന്‍ അര മണിക്കൂര്‍ വേണ്ടി വരില്ല. തുടക്കത്തില്‍ ദിവസം മൂന്നോ നാലോ സര്‍വീസുകള്‍ മതിയാകും. സില്‍വര്‍ ലൈനിന്റെ കണക്കു പ്രകാരമാണെങ്കില്‍ ഈ 65 കി.മീറ്റര്‍ ലൈനിന് ഏകദേശം 8,000 കോടി ചെലവു വരും. ഈ ചെറിയ ദൂരത്തില്‍ ആറ് സ്റ്റേഷനുകള്‍ വരുന്നതിനാല്‍ എസ്റ്റിമേറ്റ് തുക അതിലും കൂടാനും വകയുണ്ട്.

മലപ്പുറം എം റെയില്‍ യാഥാര്‍ഥ്യമാക്കിയാല്‍ വയനാട്ടുകാര്‍ക്കു കൂടിയാണ് അതുപകാരപ്പെടുക. വയനാട് ജില്ലയിലെ ഭൂരിഭാഗം പേര്‍ക്കും നിലമ്പൂരിലേക്ക് എത്താന്‍ സൗകര്യമാണ്. മാത്രമല്ല ഊട്ടിയിലേക്കു പോകേണ്ട മലപ്പുറം ജില്ലക്കാര്‍ക്കും ഏറെ സമയ ലാഭം ലഭിക്കും പദ്ധതി പൂര്‍ത്തിയായാല്‍. നിലമ്പൂരെത്തിയാല്‍ അതുവഴി ഊട്ടി, മൈസൂര്‍ പിടിക്കാന്‍ എളുപ്പമാണല്ലോ.

സില്‍വര്‍ ലൈനിന് കണക്റ്റിവിറ്റി ലൈന്‍ എന്ന ആശയത്തിന് മലപ്പുറം മുന്‍കൈ എടുത്ത് മാതൃകയായാല്‍ പാലക്കാടും ഇടുക്കിയും തുടര്‍ന്ന് അതേറ്റു പിടിച്ചോളും. തൃശൂരും കോട്ടയവുമാണ് യഥാക്രമം അവരുടെ സ്റ്റേഷനുകള്‍. കെ റെയിലിലെ ചെങ്ങന്നൂര്‍ സ്റ്റേഷന്‍ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതാകയാല്‍ അവിടങ്ങളിലൊന്നും കണക്റ്റിവിറ്റി ലൈനിന്റെ ആവശ്യമില്ല. ബാക്കിയുള്ള എല്ലാ ജില്ലക്കാര്‍ക്കും സില്‍വര്‍ ലൈനിന്റെ നിര്‍ദിഷ്ട സ്റ്റേഷനുകള്‍ തന്നെ മതിയായതാണ്.

കിഴക്കു പടിഞ്ഞാറ് ദിശയിലായി മലപ്പുറത്തിന്റെ ഒത്ത നടുവിലൂടെ കടന്നു പോകുന്ന ഈ നിര്‍ദിഷ്ട കണക്റ്റിവിറ്റി ലൈന്‍ കെ റെയില്‍ സ്റ്റേഷനില്‍ ചെന്നു മുട്ടും എന്നതിലുപരി ട്രാഫിക് ജാമില്‍ വീര്‍പ്പുമുട്ടുന്ന മലപ്പുറത്തെ ടൗണുകള്‍ക്കൊക്കെ വലിയൊരാശ്വാസവും കൂടിയാകും. മാത്രമല്ല ജില്ലയുടെ ടൂറിസം വികസനത്തിനും ചരക്കു ഗതാഗത സൗകര്യത്തിനും ഗതി വേഗം വര്‍ധിപ്പിക്കുന്നതുമാകും ഈ അതിവേഗ റെയില്‍വേ പദ്ധതി.

അക്ഷരാര്‍ഥത്തില്‍ മലപ്പുറത്ത് മാറ്റത്തിന്റെ മാറ്റൊലി മുഴക്കുന്ന ഈ സ്വപ്ന പദ്ധതിയുടെ ഫീസിബിലിറ്റി സ്റ്റഡിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍കൈ എടുക്കണം. ഇനി കെ റെയില്‍ വന്നില്ലെങ്കില്‍ പോലും നിലമ്പൂര്‍ മുതല്‍ തിരൂര്‍ വരെ എത്തുന്ന ഈ കിഴക്കു പടിഞ്ഞാറന്‍ അതിവേഗ റെയില്‍ പദ്ധതി ഭാവി മലപ്പുറത്തിന്റെ വികസന ചര്‍ച്ചകളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്തതായി മാറും, തീര്‍ച്ച!

 

Latest