Connect with us

Editorial

മലപ്പുറം പരാമർശത്തിൽ കടിച്ചു തൂങ്ങി ഗവർണർ

ഉത്തരവാദപ്പെട്ടവർ തന്നെ മലപ്പുറത്തെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പരാമർശങ്ങൾ നടത്തുന്നതും ചെറിയൊരു പ്രശ്‌നത്തെ പർവതീകരിച്ചു ദേശീയ തലത്തിൽ വിവാദമാക്കാനൊരുമ്പെടുന്നതും ഖേദകരവും അപക്വവുമാണ്. മലപ്പുറത്ത് തീവ്രവാദ പ്രവർത്തനം ശക്തമാണെന്ന ധാരണ സൃഷ്ടിക്കാനുള്ള നീക്കത്തിൽ നിന്ന് ഗവർണർ പിന്തിരിയണം.

Published

|

Last Updated

ഹിന്ദുപത്രവുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറത്തെക്കുറിച്ച വിവാദ പരാമര്‍ശം സര്‍ക്കാറിനെതിരായ പുതിയ ആയുധമാക്കാനുള്ള ശ്രമത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തും ഹവാല ഇടപാടുകളും രാജ്യ ദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണെന്ന ഹിന്ദുവിലെ പരാമര്‍ശത്തിലാണ് ഗവര്‍ണര്‍ കയറിപ്പിടിച്ചത്. ഇത്രയും ഗുരുതരമായ ഒരു വിഷയം എന്തുകൊണ്ട് മുഖ്യമന്ത്രി തന്നെ അറിയിച്ചില്ലെന്നു ചോദിച്ച ഗവര്‍ണര്‍ ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും വിശദീകരണം തേടുകയുമുണ്ടായി. രാജ്ഭവനിലെത്തി വിശദീകരണം നല്‍കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. അതേസമയം ചട്ടവിരുദ്ധവും അമിതാധികാര പ്രയോഗവുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്ന ഗവര്‍ണറുടെ നടപടിയെന്നാണ് സര്‍ക്കാര്‍ പക്ഷം. ഗവര്‍ണറുടെ അധികാര പരിധിയില്‍ പെട്ടതല്ല ഈ പ്രവൃത്തിയെന്ന് ഗവര്‍ണര്‍ക്കയച്ച കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയെന്നതാണ് സംസ്ഥാനത്ത് ഗവര്‍ണറായി അധികാരമേറ്റതു മുതല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. കുറേക്കാലം സര്‍വകലാശാലാ ബില്ലില്‍ കടിച്ചുതൂങ്ങി. അത് അവസാനിച്ചതോടെ പുതിയൊരു വിഷയം അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം വീണുകിട്ടിയത്. ആ പരാമര്‍ശം തന്റേതല്ലെന്നും മലപ്പുറത്ത് തീവ്രവാദ-ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരണം നല്‍കുകയും അത്തരമൊരു പരാമര്‍ശം വന്നതില്‍ ദി ഹിന്ദു പത്രം ഖേദപ്രകടനം നടത്തുകയും ചെയ്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ അതില്‍ കയറിപ്പിടിച്ചത് ശരിയായ നടപടിയായില്ല.

സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതോടൊപ്പം മലപ്പുറത്തെ താറടിച്ചു കാണിക്കാന്‍ അവസരം ഉപയോഗപ്പെടുത്തുക കൂടിയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നാണ് മനസ്സിലാകുന്നത്. മലപ്പുറത്തെക്കുറിച്ച് ഹിന്ദുപത്രത്തില്‍ വന്ന പരാമര്‍ശത്തെ പൊക്കിപ്പിടിച്ച് രാഷ്ട്രപതിക്ക് റിപോര്‍ട്ട് നല്‍കാനുള്ള ഗവര്‍ണറുടെ നീക്കം ഇതിന്റെ ഭാഗമായി വേണം കാണാന്‍. സംഘ്പരിവാര്‍ വൃത്തങ്ങളുടെ ജോലി ഏറ്റെടുക്കുകയാണ് ഇതുവഴി ഗവര്‍ണര്‍. മുസ്ലിം ഭൂരിപക്ഷ ജില്ലയെന്ന ഒരൊറ്റ കാരണത്താല്‍ മലപ്പുറത്തെ കരിവാരിത്തേക്കാന്‍ അവസരം പാര്‍ത്തു കഴിയുന്നരാണ് സംഘ്പരിവാര്‍ വൃത്തങ്ങള്‍. കിട്ടുന്ന ഒരവസരവും അവര്‍ പാഴാക്കാറില്ല. പാലക്കാട് ജില്ലയിലെ വനത്തില്‍ ഗര്‍ഭിണിയായ ആന പന്നിപ്പടക്കം കടിച്ചു ചത്തപ്പോള്‍, സംഭവം മലപ്പുറം ജില്ലയിലാണെന്ന് തെറ്റായി പ്രചരിപ്പിച്ച് മലപ്പുറത്തുകാരെ അക്രമ സ്വഭാവക്കാരും ക്രൂരമനസ്‌കരുമായി അധിക്ഷേപിച്ചതു മറക്കാറായിട്ടില്ല.’മലപ്പുറത്ത് ആനകളെ മാത്രമല്ല കൊല്ലുന്നത്, വഴികളില്‍ വിഷം വിതറി നൂറുകണക്കിന് പക്ഷികളെയും നായകളെയും കൊന്നൊടുക്കുന്നു’ണ്ടെന്നായിരുന്നല്ലോ ബി ജെ പി നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ മേനകാഗാന്ധി അന്ന് തട്ടിവിട്ടത്.

‘മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വില്‍ക്കാന്‍ അവകാശമില്ല. ഹിന്ദുക്കളെ ഭൂമി വില്‍ക്കാനും കച്ചവടങ്ങള്‍ ചെയ്യാനും അനുവദിക്കുന്നില്ല. ഭീതിയോടെയാണ് മലപ്പുറത്ത് ഹിന്ദുക്കള്‍ താമസിക്കുന്നത്’ തുടങ്ങി കടുത്ത വിദ്വേഷ പ്രചാരണങ്ങളാണ് മലപ്പുറത്തിനെതിരെ ദേശീയ തലത്തില്‍ സംഘ്പരിവാര്‍ നടത്തി വരുന്നത്. ഭൂരിപക്ഷ സമുദായത്തിനു നേരെ ന്യൂനപക്ഷങ്ങള്‍ പൈശാചിക ആക്രമണം നടത്തുകയാണെന്നും അതിനുദാഹരണമാണ് കശ്മീരിലെ ഹിന്ദുക്കളും കേരളത്തിലെ മലപ്പുറവുമെന്ന് ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യ സ്വാമിയുടെ പരാമര്‍ശം ഇതിന്റെ ഭാഗമായിരുന്നു. ഹിന്ദുപത്രത്തിലെ തെറ്റായ പരാമര്‍ശങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്ന് സംഘ്പരിവാറിന്റെ മലപ്പുറം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് കൊഴുപ്പു കൂട്ടാനുള്ള തത്രപ്പാടിലാണ് ഗവര്‍ണര്‍ ഇപ്പോള്‍.

55 വര്‍ഷമായി മലപ്പുറം ജില്ല നിലവില്‍ വന്നിട്ട്. 1969ല്‍ ജില്ല രൂപവത്കൃതമായതിനു ശേഷം ഇന്നുവരേക്കും ഒരു വര്‍ഗീയ കലാപമോ തീവ്രവാദ പ്രവര്‍ത്തനമോ ഇവിടെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബാബരി മസ്ജിദ് ഹിന്ദുത്വ കാപാലികര്‍ തകര്‍ത്ത ഘട്ടത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തെങ്കിലും മലപ്പുറം ശാന്തമായിരുന്നു. അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള സമരമുള്‍പ്പെടെ നിരവധി പോരാട്ടങ്ങള്‍ക്ക് ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും അതിലൊന്ന് പോലുമില്ല വര്‍ഗീയ സംഘട്ടനം. സംഘ്പരിവാര്‍ ജില്ലയില്‍ പലപ്പോഴും വര്‍ഗീയ സംഘര്‍ഷത്തിന് കോപ്പ് കൂട്ടിയിരുന്നെങ്കിലും അവരുടെ കെണിയില്‍ അകപ്പെടാതെ മലപ്പുറത്തുകാര്‍ അവരുടെ മതേതര പാരമ്പര്യം കാത്തുസൂക്ഷിച്ചു. അങ്ങാടിപ്പുറത്തെ തളിക്ഷേത്രത്തിനു തീവെച്ച സംഭവത്തെ തുടര്‍ന്ന് രൂപപ്പെട്ടുവന്നിരുന്ന ഒരു വലിയ വര്‍ഗീയ കലാപം ഇല്ലാതാക്കിയത് ജില്ലയിലെ മുസ്ലിം നേതാക്കളുടെ പക്വമായ ഇടപെടലായിരുന്നു.

സംഘ്പരിവാറിന്റെ നിറംപിടിപ്പിച്ച നുണപ്രചാരണങ്ങള്‍ കേട്ട് ഭീതിയോടെയും ആശങ്കയോടെയും മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും ജോലിക്കെത്തിയ തെക്കന്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരിലും അധ്യാപകരിലും പലരും പിന്നീട് മലപ്പുറത്തുകാരുടെ സ്നേഹം തൊട്ടറിഞ്ഞ് നാട്ടിലേക്ക് മടങ്ങാതെ ജില്ലയില്‍ സ്ഥലം വാങ്ങി വീടുവെച്ചു താമസിച്ചതാണ് ചരിത്രം. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പറഞ്ഞതു പോലെ ഇസ്ലാമോഫോബിയ ഉപയോഗപ്പെടുത്തി ഛിദ്രശക്തികള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നതാണ് മുസ്ലിം പേടിയും മലപ്പുറം പേടിയും.

എന്നിട്ടും ഉത്തരവാദപ്പെട്ടവര്‍ തന്നെ മലപ്പുറത്തെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതും ചെറിയൊരു പ്രശ്നത്തെ പര്‍വതീകരിച്ചു ദേശീയ തലത്തില്‍ വിവാദമാക്കാനൊരുമ്പെടുന്നതും ഖേദകരവും അപക്വവുമാണ്. മലപ്പുറത്ത് തീവ്രവാദ പ്രവര്‍ത്തനം ശക്തമാണെന്ന ധാരണ സൃഷ്ടിക്കാനുള്ള നീക്കത്തില്‍ നിന്ന് ഗവര്‍ണര്‍ പിന്തിരിയണം. ഇതോടൊപ്പം പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വാതുറക്കുന്നതിനു മുമ്പേ ആലോചന അനിവാര്യമാണെന്ന കാര്യം കൂടി ഉണര്‍ത്തട്ടെ.

 

Latest