Connect with us

Uae

പ്രിയപ്പെട്ട യു എ ഇ ഭരണാധികാരികളുടെ 1000 കാലിഗ്രാഫി ചിത്രങ്ങള്‍ വരച്ച് വീട് അലങ്കരിച്ച് മലയാളി വിദ്യാര്‍ഥിനി

ഭരണാധികാരികളുടെ മുന്നില്‍ ചിത്രം അവതരിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫാത്തിമ ബീവി

Published

|

Last Updated

അബൂദബി |  യു എ ഇ യുടെ 50 മത് ദേശീയ ദിനത്തില്‍ യു എ ഇ ഭരണാധികാരികളുടെ ചിത്രങ്ങള്‍ വരച്ചു വീടിന്റെ ചുമരില്‍ പതിച്ചു ശ്രദ്ധേയമാവുകയാണ് അബുദാബി ഷൈനിംഗ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ ബീവി. ഏഴു മാസത്തെ പരിശ്രമ ഫലമായാണ് യുഎഇയുടെ പ്രിയപ്പെട്ട ഭരണാധികാരികളുടെ 1000 കാലിഗ്രാഫി ഛായാചിത്രങ്ങളാല്‍ തന്റെ വീടിന്റെ ചുവരുകളില്‍ അലങ്കരിച്ചിരിക്കുന്നത് .

യുഎഇയുടെ സ്ഥാപക പിതാവായ പരേതനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും എന്നിവരുടെ ചിത്രങ്ങളാണ് കൂടുതലും. ഫാത്തിമക്ക് കുട്ടിക്കാലം മുതല്‍ തന്നെ കല ഇഷ്ടമായിരുന്നു, ഒരു കാലിഗ്രാഫി എക്സിബിഷന്‍ സന്ദര്‍ശിച്ചതിന് ശേഷം അവളുടെ അഭിനിവേശം കൂടുതല്‍ വളര്‍ന്നു -പിതാവ് അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. ഞാന്‍ 3, 4 ക്ലാസുകളില്‍ പഠിക്കുമ്പോള്‍, അബുദാബിയിലെ പ്രകൃതിദൃശ്യങ്ങള്‍ വരക്കുകയും പെയിന്റ് ചെയ്യുകയും ചെയ്യുമായിരുന്നു.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍, ഞങ്ങളുടെ സ്‌കൂള്‍ ഞങ്ങളെ അറബിക് കാലിഗ്രാഫി എക്‌സിബിഷനിലേക്ക് ഒരു വിദ്യാഭ്യാസ പര്യടനത്തിന് കൊണ്ടുപോയിരുന്നു- ഫാത്തിമ ബീവി പറഞ്ഞു. അവിടെ, ചില കലാകാരന്മാര്‍ ഞങ്ങളെ കാലിഗ്രാഫിയുടെ അടിസ്ഥാനകാര്യങ്ങള്‍ പഠിപ്പിച്ചു. എനിക്ക് അത് വളരെ ആകര്‍ഷകമായി തോന്നി. ഞാന്‍ ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിച്ച് കാലിഗ്രഫി ചെയ്യാന്‍ തുടങ്ങി. പിന്നീട് അറബി അക്ഷരങ്ങളിലേക്ക് മാറി. യുഎഇയുടെ 50-ാം വര്‍ഷത്തില്‍, ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ അചഞ്ചലമായ സ്‌നേഹത്തിനും പരിചരണത്തിനും അവസരങ്ങള്‍ക്കും നേതാക്കള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിച്ചു ഫാത്തിമ കൂട്ടി ചേര്‍ത്തു. ഞാന്‍ ജനിച്ചതും വളര്‍ന്നതും അബുദാബിയിലാണ്. ജീവിക്കാനും പഠിക്കാനും ജോലി ചെയ്യാനും ജീവിതം ആസ്വദിക്കാനുമുള്ള മികച്ച അവസരമാണ് നേതാക്കള്‍ നമുക്ക് നല്‍കിയത്. ഞങ്ങള്‍ ഏറ്റവും സമാധാനത്തിലും ഐക്യത്തിലും ലോകോത്തര സൗകര്യങ്ങളോടെയും ജീവിക്കുന്നു. അതിനാല്‍, യുഎഇ അതിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുമ്പോള്‍, നേതൃത്വത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിച്ചു. അപ്പോഴാണ് ചിത്രരചനയിലെ എന്റെ കഴിവ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം എന്ന് ഞാന്‍ ചിന്തിച്ചത്. ഇതാണ് എന്റെ സമ്മാനം, നന്ദി പറയാനുള്ള എന്റെ വഴി അവള്‍ വ്യക്തമാക്കി.

കഴിഞ്ഞ മെയ് മാസത്തിലാണ് ചിത്രം നിര്‍മ്മാണം ആരംഭിച്ചത്, ദേശീയ ദിനത്തിന് മുന്നോടിയായി 1,000 ഛായാചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദിന്റെ 600 ഛായാചിത്രങ്ങളും മറ്റ് നാല് നേതാക്കളുടെയും 100 ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഭരണാധികാരികളുടെ മുന്നില്‍ ചിത്രം അവതരിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫാത്തിമ ബീവി. അബുദബി മുറൂര്‍ റോഡിലെ ബഖാല ഉടമയും കാസര്‍ഗോട് ജില്ലയിലെ കാഞ്ഞങ്ങാട് ഇക്ബാല്‍ റോഡ് സ്വദേശിയുമായ അബ്ദുള്‍ റഹ്‌മാന്‍ ചേക്കു, സുഹറ എന്നിവരുടെ മകളായ ഫാത്തിമ ബീവിക്ക് അഞ്ച് സഹോദരങ്ങളുണ്ട്: ഇംതിയാസ്, ഇര്‍ഫാന്‍, ഇഹ്തിഷാം, ഫര്‍ഹാന്‍, ഐഷ റിദ.