Connect with us

gulf flood

ദുരിതബാധിതരുടെ കണ്ണിരൊപ്പാനായി മലയാളി സന്നദ്ധ സംഘങ്ങള്‍ രംഗത്ത്

അബൂ ശഗാറ, അല്‍ മജാസ്, അല്‍ ഖാസിമിയ, അല്‍ വഹ്്ദ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും സേവനം ചെയ്യുന്നത്. കുടിവെള്ളം, ഭക്ഷണ സാധനങ്ങള്‍ എന്നിവ ഇവര്‍ വിതരണം ചെയ്യുന്നു.

Published

|

Last Updated

ഷാര്‍ജ | മഴക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി മലയാളി സന്നദ്ധസംഘങ്ങള്‍ രംഗത്തിറങ്ങി. ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടിനെത്തുടര്‍ന്ന് താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ ദുരിതത്തിലായ സ്ത്രീകളും കുട്ടികളുമടങ്ങുന്നവരെ സഹായിക്കാനാണ് വെള്ളക്കെട്ടിലൂടെ സംഘങ്ങള്‍ സഹായങ്ങളുമായെത്തിക്കൊണ്ടിരിക്കുന്നത്. അബൂ ശഗാറ, അല്‍ മജാസ്, അല്‍ ഖാസിമിയ, അല്‍ വഹ്്ദ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും സേവനം ചെയ്യുന്നത്. കുടിവെള്ളം, ഭക്ഷണ സാധനങ്ങള്‍ എന്നിവ ഇവര്‍ വിതരണം ചെയ്യുന്നു.

ഭക്ഷ്യ വസ്തുക്കളുള്‍പ്പെടെ വാഹനങ്ങളിലെത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ചില ഭാഗങ്ങളില്‍ ഒരാള്‍ പൊക്കത്തില്‍ പോലും വെള്ളം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വാഹന ഗതാഗതം ദുഷ്‌കരമാണ്. പ്ലാസ്റ്റിക് പലകകളിലും മറ്റും കയറ്റിയാണ് പ്രവര്‍ത്തകര്‍ ഭക്ഷ്യവസ്തുക്കളടക്കമുള്ളവ ദുരിതബാധിതര്‍ക്ക് എത്തിച്ചുനല്‍കുന്നത്. സഹായം തേടിയുള്ള നിരവധി അഭ്യര്‍ഥനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സന്നദ്ധ പ്രവര്‍ത്തനത്തിലുള്ള ഐ സി എഫ് ഭാരവാഹികള്‍ പറഞ്ഞു. അഭ്യര്‍ഥനകള്‍ വര്‍ധിച്ചതോടെ പ്രയാസകരമാണെന്ന് മനസ്സിലായിട്ടും സഹജീവികളുടെ ജീവന്‍ രക്ഷിക്കാനായി പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി ശേഖരിക്കാവുന്നത്ര വസ്തുക്കളുമായി ദുരിത ബാധിതരെ കണ്ടെത്തി വിതരണം ചെയ്യാന്‍ രംഗത്തിറങ്ങുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ മിക്കതും അടഞ്ഞുകിടക്കുന്നത് ദുരിതം കൂടുതല്‍ വര്‍ധിപ്പിച്ചു.

ദുരിതബാധിതര്‍ക്ക് എല്ലാ സഹായങ്ങളും ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രസിഡന്റ് നിസാര്‍ തളങ്കര, ജനറല്‍ സെക്രട്ടറി ശ്രീ പ്രകാശ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ആര്‍ എസ് സി, കെ എം സി സി, ഇന്‍കാസ്, പ്രാദേശിക കൂട്ടായ്മകള്‍, അലുംനികള്‍, കെ എസ് സി, ഐ എസ് സി അടക്കം മറ്റു നിരവധി മലയാളി കൂട്ടായ്മകളും രംഗത്തിറങ്ങിയിരുന്നു.

 

Latest