Connect with us

Kerala

മലയാളിയുടെ സര്‍ക്കാറും കോടതികളും മലയാളത്തില്‍ സംസാരിക്കണം: വിവരാവകാശ കമ്മീഷണര്‍

ജനാധിപത്യ ഭരണ സംവിധാനങ്ങള്‍ ജനങ്ങളുടെ ഭാഷയില്‍ സംസാരിക്കണം. മലയാളം പറഞ്ഞാല്‍ കുട്ടികളെ ശിക്ഷിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെ വിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കണം.

Published

|

Last Updated

കായംകുളം | മലയാളിയുടെ സര്‍ക്കാരും മലയാളിയുടെ കോടതിയും സായിപ്പിന്റെ ഭാഷയില്‍ മൊഴിയേണ്ടെന്നും ഉത്തരവുകളും നടപടി തീര്‍പ്പുകളും മലയാളത്തില്‍ തന്നെ വേണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കീം. കായംകുളം നഗരസഭയുടെ കേരളപ്പിറവി ദിന മലയാള വാരാഘോഷ ഭാഗമായുള്ള വിവരാവകാശ സെമിനാറില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ ഭരണ സംവിധാനങ്ങള്‍ ജനങ്ങളുടെ ഭാഷയില്‍ സംസാരിക്കണം. മലയാളം പറഞ്ഞാല്‍ കുട്ടികളെ ശിക്ഷിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെ വിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കണം. വിവരാവകാശ അപേക്ഷകള്‍ക്ക് അപേക്ഷകന്റെ ഭാഷയില്‍ തന്നെ മറുപടി നല്‍കണമെന്നാണ് നിയമം. അല്ലാത്ത ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

കുടിവെള്ളത്തിന്റെ ബില്ലു മുതല്‍ ബസ് ടിക്കറ്റു വരെയും ആശുപത്രി സേവനം മുതല്‍ ചായപ്പീടിക വരെയും മിക്കവാറും എല്ലാത്തിലും മറഞ്ഞിരിക്കുന്ന ചാര്‍ജുകളും വെളിപ്പെടുത്താത്ത നികുതികളും അടയ്ക്കുന്നവരാണ് മലയാളികള്‍. ജനങ്ങള്‍ നല്‍കുന്ന പണത്തിന് തുല്യ മൂല്യമുള്ള വസ്തുക്കളും സേവനങ്ങളും ലഭിക്കുന്നില്ല. റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ ഓഫീസില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. പെട്ടിക്കടക്കാരന്‍ മുതല്‍ ഭരണസാരഥികള്‍ വരെ മോഹന വാഗ്ദാനങ്ങള്‍ പറഞ്ഞ് വശീകരിക്കുന്നു. അടുത്ത് ചെല്ലുമ്പോള്‍ പൗരന് ലഭിക്കുന്നതാകട്ടെ പലപ്പോഴും പ്രതീക്ഷിച്ചതിലും മോശം അനുഭവം. ഇതെല്ലാം യഥാവിധം നടത്തിക്കൊണ്ടുപോകേണ്ട സംവിധാനമാണ് സര്‍ക്കാര്‍. സര്‍ക്കാറിനോട് ഏത് പൗരനും എന്തെങ്കിലുമൊന്ന് ചോദിക്കാനുണ്ടാവും. ആ ചോദ്യങ്ങളോട് സര്‍ക്കാര്‍ യഥാസമയം പ്രതികരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് വിവരാവകാശ നിയമം .

ഇത് എക്‌സിക്യൂട്ടീവിന്റെ അഴിമതി കുറയ്ക്കാനും സുതാര്യത കൂട്ടാനും ഉത്തരവാദിത്വ ബോധം വളര്‍ത്താനും ചില്ലറയൊന്നുമല്ല ഉപകരിച്ചിട്ടുള്ളത്. ഈ നിയമത്തെ കൂടുതല്‍ ശക്തവും ചടുലവുമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് എന്ന പോലെ തന്നെ പൊതുജനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. അലസരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരും ജനങ്ങളില്‍ നിന്ന് പലതും മറച്ചുവെയ്ക്കാന്‍ ആഗ്രഹിക്കുന്ന അധികാരികളും ഈ നിയമത്തിന്റെ പവിത്രത ഉള്‍ക്കൊള്ളാന്‍ ഒരുക്കമല്ലെന്നതാണ് അനുഭവം.

ഈ നിയമത്തില്‍ വിവരം പുറത്ത് നല്‍കേണ്ടതില്ല എന്ന് വിവരിക്കുന്ന വകുപ്പുകള്‍ക്കാണ് ഇതിനകം ഏറെ പ്രചാരവും പ്രയോഗവും ലഭിച്ചിട്ടുള്ളത്. ജനങ്ങള്‍ എത്ര കൂടുതല്‍ ജനാധിപത്യ സര്‍ക്കാറിനോട് അടുത്തു വരുന്നുവോ അതിലധികം അവരില്‍ നിന്ന് അകലം പാലിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇത് കമ്മീഷന്റെ ജോലിഭാരം കൂട്ടുന്നു.

ഉദ്യോഗസ്ഥരുടെ പൊതുവിലും എക്‌സിക്യൂട്ടിവിന്റെ തലപ്പത്തുള്ളവരുടെ പ്രത്യേകിച്ചും ആത്മാര്‍ഥത ഇക്കാര്യത്തില്‍ കൂടുതല്‍ തെളിമയോടെ ഉണ്ടായേ മതിയാകൂ. എങ്കില്‍ മാത്രമേ ആര്‍ ടി ഐ യുടെ ജനസേവനം എന്ന ഉത്തമ താത്പര്യം സംരക്ഷിക്കാനാകൂ.

അഡ്വ. യു പ്രതിഭ എം എല്‍ എ കേരളപ്പിറവി ദിന -മലയാള വാരാഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാഹോദര്യവും മലയാളത്തിന്റെ മധുരവും എക്കാലവും സംരക്ഷിക്കണമെന്ന് പ്രതിഭ പറഞ്ഞു. മലയാളത്തിനു വേണ്ടി സ്ഥാപിച്ച സര്‍വകലാശാല പോലും ഇംഗ്ലീഷില്‍ അയച്ച കത്ത് തനിക്ക് കിട്ടിയിട്ടുണ്ടെന്ന് എം എല്‍ എ പറഞ്ഞു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി ശശികല അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ എസ് കേശുനാഥ്, മായാദേവി, യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ സി എസ് ഭാഷ, പി ടി എ പ്രസിഡന്റ് ബിജു സൂര്യാസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുനില്‍ ചന്ദ്രന്‍, നഗരസഭാ സെക്രട്ടറി എസ് സനില്‍ പ്രസംഗിച്ചു. വിവിധ വകുപ്പുകളിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരും മേധാവികളും പങ്കെടുത്തു.

 

Latest