National
ഗഗൻയാൻ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; യാത്രികരുടെ വിവരങ്ങൾ നാളെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിക്കും
ബഹിരാകാശ യാത്രക്കായി പരിശീലനം തുടരുന്ന നാല് യാത്രികരിൽ ഒരാളാണ് മലയാളി
തിരുവനന്തപുരം | മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിൽ മലയാളി പൈലറ്റും ഉൾപ്പെടുന്നു. ബഹിരാകാശ യാത്രക്കായി പരിശീലനം തുടരുന്ന നാല് യാത്രികരിൽ ഒരാളാണ് മലയാളി. ഇദ്ദേഹത്തിന്റെത് ഉൾപ്പെടെ യാത്രികരുടെ പേര് വിവരങ്ങൾ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് പ്രഖ്യാപിക്കും.
2025ലാണ് ഗഗൻയാൻ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച് സുരക്ഷിതായി ഭൂമിയിൽ തിരിച്ചെത്തിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. വ്യോമസേനയുടെ ഫൈറ്റർ പൈലറ്റുമാരിലെ തിരഞ്ഞെടുക്കപ്പെട്ട നാല് പേരിൽ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക.
മനുഷ്യരുമായുള്ള ബഹിരാകാശ യാത്രക്ക് മുന്നോടിയായി റോബോട്ടിനെ ഉപേയോഗിച്ചുള പരീക്ഷണ ദൗത്യം ജിഎക്സ് വരുന്ന ജൂണിൽ വിക്ഷേപിക്കും. വ്യോമമിത്ര എന്ന യന്ത്ര വനിതയെയാണ് ഈ ദൗത്യത്തിൽ ബഹിരാകാശത്ത് എത്തിക്കുക. തുടർന്ന് ജി1, ജി2 എന്നീ പരീക്ഷണ വിക്ഷേപണങ്ങൾ കൂടി കഴിഞ്ഞ ശേഷമാകും ബഹിരാകാശ യാത്രികരുമായുള്ള ഗഗൻയാൻ ദൗത്യം.