Connect with us

International

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കൽ; പ്രധാന ചുമതല മലയാളി കർദിനാളിന്

ബാലറ്റ് കത്തിക്കാനുള്ള മേൽനോട്ടവും മാർ കൂവക്കാടിനെന്ന് സൂചന

Published

|

Last Updated

വത്തിക്കാൻ സിറ്റി | ആഗോള കത്തോലിക്ക സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങിയതോടെ പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങൾ വത്തിക്കാനിൽ തുടങ്ങി. മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ മലയാളി കർദിനാൾ മാർ ജോർജ് കൂവക്കാടാണ് സുപ്രധാന ചുമതലകൾ വഹിക്കുന്നത്. കർദിനാൾ സംഘത്തിലെ ഒന്പത് ഇലക്ടറൽമാർക്ക് ചുമതലകൾ നൽകുന്നതിനുള്ള നറുക്കെടുപ്പ് അദ്ദേഹമായിരിക്കും നടത്തുക.

വോട്ട് എണ്ണേണ്ട മൂന്ന് കർദിനാൾമാർ, ഇലക്ടറൽമാരിൽ നിന്ന് ബാലറ്റ് ശേഖരിക്കുന്ന മൂന്ന് കർദിനാൾമാർ, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്ന് കർദിനാൾമാർ എന്നിങ്ങനെ ഒന്പത് പേരെയാണ് മാർ ജോർജ് കൂവക്കാട് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക. വോട്ട് പരിശോധനക്ക് ശേഷം ബാലറ്റുകൾ കത്തിക്കാനുള്ള മേൽനോട്ടവും അദ്ദേഹത്തിനാണെന്നും വിവരമുണ്ട്. അതീവരഹസ്യമായി കോൺക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിന്റെ വാതിലുകൾ തുറക്കുന്നതും അടക്കുന്നതും മാർ കൂവക്കാടിന്റെ മേൽനോട്ടത്തിലാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

മാത്രമല്ല, പുതിയ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിന് കർദിനാൾ കോളജിന്റെ സെക്രട്ടറിയെയും പേപ്പൽ ലിറ്റർജിക്കൽ സെലിബ്രേഷൻസിന്റെ മാസ്റ്ററെയും തിരഞ്ഞെടുത്ത് ഹാളിലേക്ക് വിളിപ്പിക്കുന്നതും മാർ കൂവക്കാടിന്റെ മേൽനോട്ടത്തിലാകും.

2024 ഡിസംബർ ഏഴിന് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയാണ് മാർ ജോർജ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം നടത്തിയത്.

Latest