Connect with us

Uae

അപൂർവ കരൾ രോഗത്തിന് നൂതന ചികിത്സ നൽകി മലയാളി ഡോക്ടർ; വൻ വിലയുള്ള മരുന്ന് യുഎഇയിൽ ഉപയോഗിക്കുന്നത് ഇതാദ്യം

ബുർജീൽ മെഡിക്കൽ സിറ്റിയിലെ മലയാളി ഡോക്ടർ നിയാസ്‌ ഖാലിദാണ്‌ ഗിവോസിറാൻ മരുന്നുപയോഗിച്ച് ചികിത്സ നടത്തിയത്.

Published

|

Last Updated

അബുദാബി | കരളില്‍ വിഷ മെറ്റബോളൈറ്റുകള്‍ രൂപപ്പെടുന്ന അപൂര്‍വ രോഗത്തിന് നൂതന ചികിത്സ യുഎഇയില്‍ ആദ്യമായി ലഭ്യമാക്കി മലയാളി ഡോക്ടര്‍ നിയാസ് ഖാലിദ്.പത്തു ലക്ഷത്തില്‍ അഞ്ചുപേരെ മാത്രം ബാധിക്കുന്ന അപൂര്‍വ അവസ്ഥയായ അക്യൂട്ട് ഇന്റര്‍മിറ്റന്റ് ഹെപ്പാറ്റിക് പോര്‍ഫിറിയ (എഐപി) ബാധിച്ച യുഎഇ സ്വദേശി മുഹമ്മദിന്റെ ചികിത്സയ്ക്കായാണ് വന്‍ വിലയുള്ള ഗിവോസിറാന്‍ മരുന്ന് ആദ്യമായി രാജ്യത്ത് ഉപയോഗിച്ചത്.

അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ (ബിഎംസി) ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഹെല്‍ത്തിന്റെ (ഡിഒഎച്ച്) പിന്തുണയോടെയാണ് ഗുരുതര ആരോഗ്യ നിലയിലുണ്ടായിരുന്ന മുഹമ്മദിന് ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ലഭ്യമാക്കിയത്.കഠിനമായ വയറുവേദന, നിരന്തരമായ ക്ഷീണം, ശരീരഭാരം കുറയല്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുമായാണ് 21 വയസുള്ള മുഹമ്മദ് ഒന്നരവര്‍ഷം മുന്‍പ് ബിഎംസിയില്‍ എത്തിയത്. ഡോ. നിയാസിന്റെ സമയോചിതമായ ഇടപെടലിലൂടെ രോഗാവസ്ഥ നിര്‍ണ്ണയിക്കപ്പെട്ടു. തുടര്‍ന്നാണ് മാസത്തില്‍ ഒരു തവണ നല്‍കേണ്ട ഇഞ്ചക്ഷന്‍ യുഎഇയില്‍ ലഭ്യമാക്കാനായി ഡിഒഎച്ച് പിന്തുണയോടെ നടപടി തുടങ്ങിയത്.

ഒരു ഡോസിന് 45 ലക്ഷം രൂപയോളം വിലമതിക്കുന്ന മരുന്ന് ഡിഒഎച്ചിന്റെ ഡിപ്പാര്‍ട്ട്മെന്റിന്റെ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ സെന്ററിന്റെ വിലയിരുത്തലിന് ശേഷമാണ് എത്തിച്ചത്. എന്‍സൈം പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന മൂലമുണ്ടാകുന്ന എഐപി രോഗാവസ്ഥയിലൂടെ കരളില്‍ രൂപപ്പെടുന്ന വിഷ മെറ്റബോളൈറ്റുകള്‍ ന്യൂറോ സൈക്യാട്രിക് ഡിസോര്‍ഡേഴ്‌സ് പോലുള്ള അവസ്ഥകള്‍ക്കാണ് ഇടയാക്കുന്നത്. വൃക്കയുടെ പ്രവര്‍ത്തനം നിലയ്ക്കല്‍, പക്ഷാഘാതം, കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കല്‍, കരളിലെ അര്‍ബുദം, എന്നിവയുള്‍പ്പെടെയുള്ള ഗുരുതര സങ്കീര്‍ണതകള്‍ക്കും ഇത് കാരണമാകും.ശരീരത്തിലെ വിഷ മെറ്റബോളിറ്റുകളുടെ അളവ് ഫലപ്രദമായി കുറച്ചാണ് ഗിവോസിറാന്‍ പ്രവര്‍ത്തിക്കുന്നത്.

ആദ്യ ഇഞ്ചക്ഷന്‍ നല്‍കിയപ്പോള്‍ തന്നെ മുഹമ്മദിന്റെ ആരോഗ്യ നിലയില്‍ മികച്ച മാറ്റമുണ്ടായി.യുഎഇയിലെ അപൂര്‍വ രോഗങ്ങളെ ചികിത്സിക്കുന്നതില്‍ മുഹമ്മദിന്റെ കേസ് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റായ പെരിന്തല്‍മണ്ണ സ്വദേശി ഡോ.നിയാസ് ഖാലിദ് പറഞ്ഞു.

‘ചില ജനിതക രോഗങ്ങള്‍ അസാധാരണമായ രീതിയിലാണ് കാണപ്പെടുക.എന്നാല്‍ മികച്ച പരിശോധനകളിലൂടെയും വൈദഗ്ധ്യത്തിലൂടെയും രോഗ നിര്‍ണ്ണയം സാധ്യമാകുമെന്നതിന് ഉദാഹരണമാണ് മുഹമ്മദിന്റെ കേസ്. ഇതിലൂടെ രാജ്യത്തെ അംഗീകൃത മരുന്നുകളുടെ പട്ടികയില്‍ ഗിവോസിറാന്‍ ഔദ്യോഗികമായി ലഭ്യമാക്കാന്‍ കഴിഞ്ഞത് കൂടുതല്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ വഴിയൊരുക്കും.തുടര്‍ച്ചയായ ആശുപത്രിവാസവും രോഗം കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയാത്തതു കൊണ്ടുള്ള ക്ലേശങ്ങളും കാരണം വലഞ്ഞ കുടുംബത്തിന് ഡോ. നിയാസ് ഖാലിദിന്റെയും ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും പിന്തുണ ഏറെ സഹായകരമായെന്ന് മുഹമ്മദിന്റെ മാതാവ് ഫാത്തിമ പറഞ്ഞു.