Kerala
റഷ്യന്‍ കൂലിപ്പട്ടാളത്തിലെ മലയാളി സാന്നിധ്യം: എന്‍ ഐ എ അന്വേഷണം ആരംഭിച്ചു
ആരുവഴിയാണ് റഷ്യയിലേക്ക് പോയതെന്നും എന്തൊക്കെ രേഖകള്‍ കൈമാറി, എത്ര രൂപ നല്‍കി, റഷ്യയില്‍ ഉണ്ടായ കാര്യങ്ങള്‍ തുടങ്ങിയവയാണ് എന്‍ ഐ എ പ്രധാനമായും അന്വേഷിക്കുന്നത്
തൃശൂര്‍ | റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളി യുവാക്കള്‍ ചേര്‍ന്ന സംഭവത്തില്‍ എന്‍ ഐ എ അന്വേഷണം ആരംഭിച്ചു. കൂലിപ്പട്ടാളത്തില്‍ നിന്ന് മോചിതനായ കൊടകര സ്വദേശി സന്തോഷിന്റെ മൊഴി എന്‍ ഐ എ വീട്ടിലെത്തി രേഖപ്പെടുത്തി.
ഇലക്ട്രീഷ്യന്‍ ജോലിക്കാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് റഷ്യയിലേക്ക് കൊണ്ടുപോയതെന്നും ഇവരുടെ ലക്ഷ്യം പണം മാത്രമാണെന്നും സന്തോഷ് എന്‍ ഐ എ സംഘത്തോട് പറഞ്ഞതായാണ് വിവരം. ആരു വഴിയാണ് റഷ്യയിലേക്ക് പോയതെന്നും എന്തൊക്കെ രേഖകള്‍ കൈമാറി, എത്ര രൂപ നല്‍കി, റഷ്യയില്‍ ഉണ്ടായ കാര്യങ്ങള്‍ തുടങ്ങിയവയാണ് എന്‍ ഐ എ പ്രധാനമായും അന്വേഷിക്കുന്നത്.
തൃശൂര്‍ സ്വദേശികളായ സിബിയും സുമേഷ് ആന്റണിയും എറണാകുളം സ്വദേശി സന്ദീപും ചേര്‍ന്ന് കബളിപ്പിച്ചാണ് റഷ്യന്‍ കൂലിപ്പാട്ടാളത്തില്‍ ചേര്‍ത്തതെന്നാണ് പരാതി. പരാതിയില്‍ കൊടകര പോലീസ് കേസെടുത്തിട്ടുണ്ട്. ചാലക്കുടി സ്വദേശിയായ സുമേഷ് ആന്റണിയെയാണ് നിലവില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.