Travelogue
പട്ടാണിയിലെ മലയാളി റസ്റ്റോറന്റ്
പട്ടാണി വീണ്ടും കൊതിപ്പിക്കുകയാണ്.പ്രദേശവാസികളുടെ ഹൃദയം കവർന്ന സത്കാരങ്ങൾ കഴിഞ്ഞതേയുള്ളൂ. ഇങ്ങനെയൊരു ദേശത്ത് പ്രവാസി മലയാളികൾ ഉണ്ടാകുമെന്ന് ചിന്തിച്ചതേയല്ല. അതിനിടയിലാണ് അപ്രതീക്ഷിതമായ ഒരു ഫോൺ കോൾ. പട്ടാണി ഇനിയും എന്തെല്ലാമോ കാത്തുവെച്ച പ്രതീതി.

“തങ്ങളേ, എന്തൊക്കെ വിശേഷങ്ങൾ. എന്റെ പേര് അബ്ദുല്ലത്തീഫ്. ബാബു സേട്ടെന്നാ വിളിപ്പേര്. നമ്മൾ തമ്മിൽ നാട്ടിൽ വെച്ച് പരിചയപ്പെട്ടിട്ടുണ്ട്. തങ്ങൾ ഫേസ്ബുക്കിലിട്ട വീഡിയോ കണ്ടാണ് ഞാൻ വിളിക്കുന്നത്. തങ്ങളിപ്പോ പട്ടാണിയിലാണോ. ഞാനവിടെ ഒരു റസ്റ്റോറന്റ് നടത്തുന്നുണ്ട്. എന്തായാലും അവിടം വരെയൊന്ന് വന്ന് ദുആ ചെയ്ത് തരണം’.
പട്ടാണി വീണ്ടും കൊതിപ്പിക്കുകയാണ്. പ്രദേശ വാസികളുടെ ഹൃദയം കവർന്ന സത്കാരങ്ങൾ കഴിഞ്ഞതേയുള്ളൂ. ഇങ്ങനെയൊരു ദേശത്ത് പ്രവാസി മലയാളികൾ ഉണ്ടാകുമെന്ന് ചിന്തിച്ചതേയല്ല. അതിനിടയിലാണ് അപ്രതീക്ഷിതമായ ഒരു ഫോൺ കോൾ. പട്ടാണി ഇനിയും എന്തെല്ലാമോ കാത്തുവെച്ച പ്രതീതി.
റൂമിലേക്കുള്ള മടക്കത്തിലാണ്. നൂറ് കിലോമീറ്ററിലധികമുണ്ട്. രാത്രി ചുരുൾ നിവർത്തിയിരിക്കുന്നു. അധികസമയം ഇവിടെ തങ്ങാനാകില്ല. ബാബു സേട്ടിനെ ബന്ധപ്പെട്ടു. അദ്ദേഹം ലൊക്കേഷനുകൾ അയച്ചുതന്നു. പക്ഷേ, ഡാറ്റ തീർന്നിരിക്കുന്നു. കാർ ബാറ്ററിയിലെ ചാർജും കുറവാണ്. ഹാത്യായിലെത്താനുള്ള ചാർജേയുള്ളൂ. എന്തു ചെയ്യും? അതാ, ഞങ്ങളെ യാത്രയാക്കി ശൈഖ് ഇബ്റാഹീമും സംഘവും മടങ്ങുന്നു. ധുമ്മിനോട് അവരെ പിന്തുടരാൻ പറഞ്ഞു. നല്ല വേഗത്തിലാണ് അവർ പോകുന്നത്. ധും മിതമായ വേഗത്തിൽ ഡ്രൈവ് ചെയ്യുന്നയാളും. ഭാഗ്യമെന്ന് പറയാം, അവർ യൂ ടേണെടുത്തു.
ഞങ്ങളും അപ്രകാരം ചെയ്തു. അപ്പോഴേക്കും ധുമ്മിന് ശൈഖിന്റെ നമ്പർ കൈമാറി കോൾ ചെയ്ത് നിർത്താൻ ആവശ്യപ്പെട്ടു.നെറ്റ് റീചാർജ് ചെയ്തു. ശൈഖ് ഇബ്റാഹീമിനോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞു. ഇനി റസ്റ്റോറന്റിലേക്കുള്ള വഴികൾ പരിശോധിക്കണം. തായ്‌ലാൻഡിൽ മിക്കയിടങ്ങളിലും തന്റെ റസ്റ്റോറന്റിന് ബ്രാഞ്ചുകളുണ്ടെന്ന് ബാബു സേട്ട് സംസാരത്തിനിടെ സൂചിപ്പിച്ചിരുന്നു. അവയിൽ രണ്ട് മൂന്ന് ബ്രാഞ്ചുകളുടെ ലൊക്കേഷനുകൾ അയച്ചു തന്നിട്ടുണ്ട്. അറുപത് കിലോമീറ്റർ അകലെയാണ് ആദ്യത്തേത്. രണ്ടാമത്തേതിലേക്ക് ഇരുപത്തഞ്ചും. അങ്ങോട്ടേക്ക് പോകാമെന്ന് തീരുമാനിച്ചു. ഹാത്യായിലേക്കുള്ള റൂട്ടിൽ തന്നെയാണ്. പ്രസ്തുത വിവരം അദ്ദേഹത്തെ അറിയിച്ച ഉടൻ റസ്റ്റോറന്റ് സ്റ്റാഫിന്റെ വിളി വന്നു.
നഗര മധ്യത്തിൽ, നല്ല തിരക്കുള്ള സ്ഥലത്താണ് മൻഡാരിൻ ഡിൻ സും ഹലാൽ റസ്റ്റോറന്റ്. കാറിൽ നിന്നിറങ്ങിയപ്പോഴേക്കും മാനേജർ നൂറുദ്ദീൻ നിറപുഞ്ചിരിയോടെ സ്വീകരിക്കാൻ നിൽപ്പുണ്ട്. തായ് ചെറുപ്പക്കാരനാണ്. ഞങ്ങൾ അകത്തു കയറി. സൗകര്യപ്രദമായ ഒരിടത്ത് ഇരുന്നു. പരിസര ടേബിളുകളിലെല്ലാം ആളുകളുണ്ട്. അവയിൽ ഘടിപ്പിച്ച ഇലക്ട്രിക് അടുപ്പുകളിൽ വിവിധതരം സൂപ്പുകൾ തിളയ്ക്കുന്നു. അപ്പോഴേക്കും ജീവനക്കാർ വേവിക്കാത്ത മാംസ മത്സ്യ പച്ചക്കറി വിഭവങ്ങൾ നിറച്ച പാത്രങ്ങൾ കൊണ്ടുവന്നു. ആവശ്യമായവ എടുത്ത് ഇഷ്ടപ്പെട്ട സൂപ്പുകളിലിട്ട് പാകം ചെയ്ത് കഴിക്കണം. അതിവേഗം വേവുന്ന രൂപത്തിലുള്ള കഷ്ണങ്ങളാണ്. നൂലു പോലെ നേർത്ത മാംസഭാഗങ്ങൾ.
ആടും ബീഫും അപൂർവയിനം മത്സ്യങ്ങളും. ചെറുതും വലുതുമായ ചെമ്മീനുകളും കൂണും പേരറിയാത്ത മറ്റു പല ചെടികളും. മിനുട്ടുകൾക്കകം തന്നെ അവ വെന്തു കഴിഞ്ഞിരുന്നു. സ്പൂണുകൾ കൊണ്ട് അൽപ്പാൽപ്പമായി അവ മുന്നിലുള്ള പ്ലേറ്റിലേക്ക് മാറ്റി. ചേർത്തു കഴിക്കാൻ പലതരം നിറങ്ങളിലുള്ള സോസുകളും നൂഡ്ൽസുകളും സേമിയകളും.രുചികൾ പല തരം. മധുരം, പുളി, നേരിയ എരുവ് എന്നിങ്ങനെ. നാവിൻ തുമ്പിൽ പലതരം രസമുകുളങ്ങളുടെ സംഗമം. ഞങ്ങളുടെ കൗതുകം കണ്ടിട്ടാകണം ജീവനക്കാർ വന്ന് ഓരോന്നായി പരിചയപ്പെടുത്താൻ ശ്രമിച്ചു. വിചിത്രമായ ഭക്ഷണവും ഭാഷയും. ഒടുവിൽ നൂറുദ്ദീൻ തന്നെ കൂടെ വന്നിരുന്നു. അദ്ദേഹത്തിന് അറബിയും ഇംഗ്ലീഷും അറിയാം.
പുറത്തേക്ക് യാത്ര ചെയ്യുന്നയാളാണ്. ഹോട്ട് പോട്ട് എന്നാണ് ഈ പാചകക്കൂട്ടിന്റെ പേര്. തിളയ്ക്കുന്ന പാത്രത്തിലെ സൂപ്പുകളെ ടോം യോം എന്നും മാല എന്നും വിശേഷിപ്പിക്കാം. നാടുകൾക്കനുസരിച്ച് ഇവയിലെ ചേരുവകൾ മാറും. ചൈന, ജപ്പാൻ, തായ്്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പണ്ടുകാലം മുതൽ നിലവിലുള്ള ഭക്ഷണ രീതിയാണ്.
പത്തിരുപത് ഇനങ്ങളുള്ള ഹോട്ട് പോട്ട് ഒരുവിധം കഴിച്ചു വരുമ്പോഴുണ്ട് മറ്റൊരു റാക്കുമായി അടുത്തയാൾ വരുന്നു. എന്തോ ഒരിനം മരത്തിന്റെ കട്ടിയുള്ള ഓല കൊണ്ട് നിർമിച്ച പാത്രങ്ങൾ തട്ട് തട്ടായി അതിൽ അടുക്കിവെച്ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ പള്ളികളിൽ ഉസ്താദുമാർക്ക് ചെലവ് കൊടുക്കുന്ന അട്ടിപ്പാത്രം പോലെ തോന്നിക്കും. അതിൽ ഓരോ തട്ടിലും ഓരോ വിഭവങ്ങളാണ്. മധുരമുള്ളത് ഒരു നിരയിൽ. അല്ലാത്തവ മറ്റൊരു അട്ടിയിലും. താറാവിൻ കാൽവിരലുകൾ പൊരിച്ചത് വരെയുണ്ട്. ഡിൻ സും എന്നാണ് പേര്.ലഘു ഇനങ്ങളാണ് മുഖ്യം.
വയറ് നിറഞ്ഞു, മനസ്സും. മുമ്പ് സമാന സ്വഭാവമുള്ള ഭക്ഷണങ്ങൾ കഴിച്ചിട്ടുണ്ടെങ്കിലും ഒരുപാട് കാലത്തേക്ക് ഓർത്തുവെക്കാനുള്ള ഫുഡ് ടൂറായി ഈ അനുഭവം. ബാബു സേട്ട് നാട്ടിലാണ്. മകൻ അയാസാണ് ഇപ്പോൾ തായ്്ലാൻഡിലുള്ളത്. ബാങ്കോക്കിലാണ് അദ്ദേഹം.പടച്ചവനെ സ്തുതിച്ച് ഇരുവർക്ക് വേണ്ടിയും അവരുടെ വ്യാപാര പുരോഗതിക്ക് വേണ്ടിയും ആത്മാർഥമായി പ്രാർഥിച്ചു. പുറത്തിറങ്ങിയപ്പോൾ നഗരത്തിലെ മറ്റൊരു ഭാഗത്തേക്ക് പോകാനായി നൂറുദ്ദീൻ വാഹനവുമായി നിൽക്കുന്നു. ഞങ്ങൾ അവരെ പിന്തുടർന്നു.
നിലവിൽ തിരക്ക് കാരണം റസ്റ്റോറന്റിൽ ഉപഭോക്താക്കളെ ഉൾക്കൊള്ളാനാകുന്നില്ല. മറ്റൊരിടത്തേക്ക് റസ്റ്റോറന്റ് മാറ്റിപ്പണിയുകയാണ്. അവിടേക്കാണ് പോകുന്നത്.നിർമാണം പുരോഗമിക്കുന്ന പ്രസ്തുത ഷോറൂം സന്ദർശിച്ച് ദുആ ചെയ്ത് ഞങ്ങൾ ഹാത്യായിലേക്ക് പ്രയാണം തുടർന്നു.