Connect with us

Kerala

ഫിന്‍ലന്‍ഡ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളിയും

കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ശമീര്‍ കണ്ടത്തിലാണ് ഈ മാസം 13ന് നടക്കുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി.

Published

|

Last Updated

കോഴിക്കോട് | ഫിന്‍ലന്‍ഡ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളിയും. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ശമീര്‍ കണ്ടത്തിലാണ് ഈ മാസം 13ന് നടക്കുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി. ഫിന്‍ലന്‍ഡിലെ ഭരണമുന്നണിയായ നാഷനല്‍ കൊ അലിയന്‍സിലെ കൊക്കുമസ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ ശമീര്‍ ഇത് രണ്ടാം തവണയാണ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 75 സീറ്റുകളുള്ള എസ്പോ മുന്‍സിപ്പാലിറ്റിയിലേക്കാണ് ശമീര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

ദേശീയ തലത്തില്‍ 309 മുന്‍സിപ്പല്‍ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 13ന് തന്നെ കൗണ്ടിയിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നാഷനല്‍ കൊ അലയന്‍സിലെ കൊക്കൂമസ് പാര്‍ട്ടി നേതാവായ പെട്രി ഓര്‍പോയാണ് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായിയായ ശമീര്‍ ഫിന്‍ലന്‍ഡിലെ വ്യവസായിയാണ്. 16 വര്‍ഷം മുമ്പ് ഫിന്‍ലന്‍ഡിലെത്തിയ ശമീര്‍ ഫിന്‍ലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റും മര്‍കസ് പൂര്‍വ വിദ്യാര്‍ഥിയും മര്‍കസ് ഗ്ലോബല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.

13ന് നടക്കുന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിലെ പോസ്റ്റല്‍ വോട്ടിംഗിന് സമാനമായ അഡ്വാന്‍സ് വോട്ടിംഗ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജോലിയും മറ്റ് കാരണങ്ങളാലും പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്കാണ് ഈ അവസരം. പാര്‍ട്ടിയില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സീറ്റു നല്‍കുന്നതാണ് ഫിന്‍ലന്‍ഡിലെ പാര്‍ട്ടികളുടെ രീതി. അതില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടും. എന്നാല്‍, ഒരേ പാര്‍ട്ടിയിലെ വ്യത്യസ്ഥ സ്ഥാനാര്‍ഥികള്‍ മത്സരിക്കുമ്പോഴുള്ള വിദ്വേഷ പ്രചാരണങ്ങളോ വെറുപ്പോ ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന് അറിയപ്പെടുന്ന ഫിന്‍ലന്‍ഡിലില്ല. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശമീര്‍ കണ്ടത്തില്‍ സിറാജിനോട് പറഞ്ഞു. ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു.

നോര്‍ഡിക്ക് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഒരു വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡ് പടിഞ്ഞാറ് സ്വീഡനുമായും കിഴക്ക് റഷ്യയുമായും വടക്ക് നോര്‍വേയുമായും തെക്ക് എസ്റ്റോണിയയുമായും അതിര്‍ത്തി പങ്കിടുന്നു.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്


---- facebook comment plugin here -----


Latest