From the print
സിവിലിയൻ വേഷത്തിലും ഇന്ത്യൻ സൈന്യം വേണ്ടെന്ന് മാലദ്വീപ്
സൈനിക കരാറുകളിൽ ഒപ്പുവെച്ച് മാലദ്വീപും ചൈനയും
മാലെ/ ബീജിംഗ് | ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ ശക്തമാക്കി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സു. മെയ് പത്തിന് ശേഷം ഒരു ഇന്ത്യൻ സൈനികനും മാലദ്വീപിലുണ്ടാകില്ലെന്ന് മുഇസ്സു പ്രഖ്യാപിച്ചതായി വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. സിവിലിയൻ വേഷത്തിലോ സൈനിക വേഷത്തിലോ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെ രാജ്യത്ത് തങ്ങാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത മാസം പത്തിനകം ഇന്ത്യൻ സൈനികരെ ഭാഗികമായി പിൻവലിക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ദ്വീപ് രാഷ്ട്രത്തിലെ മൂന്ന് വ്യോമയാന പ്ലാറ്റ്ഫോമുകളിൽ ഒന്നിന്റെ ചുമതല ഏറ്റെടുക്കാൻ ഇന്ത്യൻ സിവിലിയൻ സംഘം മാലദ്വീപിലെത്തി ഒരാഴ്ച തികയുന്നതിന് മുമ്പാണ് പ്രസിഡന്റിന്റെ കടുത്ത നിലപാട് പുറത്തു വരുന്നത്.
ഇന്ത്യൻ സൈനികരെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിൽ തന്റെ സർക്കാർ നേടിയ വിജയത്തെത്തുടർന്ന് ചിലർ കിംവദന്തികൾ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പൊതുചടങ്ങിൽ സംസാരിക്കവെ മുഇസ്സു പറഞ്ഞു. ഇന്ത്യൻ സൈനികർ രാജ്യം വിടുന്നില്ലെന്നും യൂനിഫോം മാറ്റി തിരിച്ചു വരാൻ പോകുകയാണെന്നും ചിലർ പ്രചരിപ്പിക്കുന്നു. എന്നാൽ, അർഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുകയാണ്, മെയ് പത്തിന് ശേഷം യൂനിഫോമിലായാലും സിവിലിയൻ വേഷത്തിലായാലും ഒരു ഇന്ത്യൻ സൈനികനും ഈ രാജ്യത്തുണ്ടാകില്ല- മുഇസ്സു പറഞ്ഞു. ചൈനീസ് പക്ഷപാതിയായ നേതാവായാണ് മുഇസ്സു അറിയപ്പെടുന്നത്. ചൈനയിൽ നിന്ന് സൗജന്യ സൈനിക സഹായം സ്വീകരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ച ദിവസം തന്നെയാണ് മുഇസ്സു ഇന്ത്യൻ സൈനികരെ സമ്പൂർണമായി പുറത്താക്കുമെന്ന പ്രഖ്യാപനം നടത്തിയതെന്ന് വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.
മൂന്ന് ഏവിയേഷൻ പ്ലാറ്റ്ഫോമുകളിലായി പ്രവർത്തിക്കുന്ന തങ്ങളുടെ സൈനികരെ മെയ് പത്തിനകം പിൻവലിക്കുമെന്നാണ് കഴിഞ്ഞ മാസം രണ്ടിന് ഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിനു ശേഷം ഇന്ത്യ വ്യക്തമാക്കിയത്. ഈ മാസം പത്തിന് ഇതിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കാനും തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ അപഹസിച്ച് മാലദ്വീപ് മന്ത്രിമാർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടത് വൻ നയതന്ത്ര ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു. മന്ത്രിമാരെ പുറത്താക്കാൻ മുഇസ്സു സർക്കാർ തയ്യാറായെങ്കിലും ചൈനയുമായി കൂടുതൽ അടുക്കുന്ന നടപടിയിലേക്ക് അദ്ദേഹം നീങ്ങുകയായിരുന്നു.
അതേസമയം, ഇന്ത്യയുമായുള്ള ബന്ധം വഷളായി തുടരുന്നതിനിടെ, മാലദ്വീപും ചൈനയും രണ്ട് സൈനിക കരാറുകളിൽ ഒപ്പുവെച്ചു. മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മഅ്മൂനും ചൈനീസ് ഇന്റർനാഷനൽ മിലിട്ടറി കോ-ഓപറേഷൻ ഓഫീസിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ഷാംഗ് ബോക്യുനുമാണ് കരാറുകളിൽ ഒപ്പുവെച്ചത്.
മാലദ്വീപിന് സൗജന്യമായി സൈനിക സഹായം നൽകാൻ ചൈന പ്രതിജ്ഞാബദ്ധമായിരിക്കുമെന്നാണ് കരാറുകൾ വ്യക്തമാക്കുന്നത്. സ്വീകരിക്കുന്ന സഹായത്തിന്റെ സ്വഭാവമോ വ്യാപ്തിയോ വ്യക്തമായിട്ടില്ലെന്നും മാലദ്വീപ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ചൈനീസ് ഗവേഷണ കപ്പലായ സിയാംഗ് യാംഗ് ഹോംഗ്- മൂന്ന് സംബന്ധിച്ച സമാന്തര കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. കപ്പൽ മാലദ്വീപ് തീരത്ത് ഡോക്ക് ചെയ്യാൻ അനുവദിക്കുമെന്നതാണ് ഈ കരാറിന്റെ ആകെത്തുക. ഈ കരാർ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (ഇന്ത്യൻ ഓഷ്യൻ റീജ്യൻ- ഐ ഒ ആർ) സമുദ്ര ഗവേഷണത്തെ സ്വാധീനിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. മേഖലയിൽ ചൈന കൂടുതൽ സ്വാധീനമുറപ്പിക്കുന്നതിന്റെ തെളിവാണ് ഈ കരാറുകൾ.