GENDER NEUTRAL UNIFORM
വസ്ത്രധാരണത്തിലെ ആൺ- പെൺ സ്വാതന്ത്ര്യം; സ്‌കൂൾ യൂനിഫോമിൽ കൈകടത്താൻ സർക്കാർ
എൽ പി സ്‌കൂളുകളിൽ നേരത്തേ തന്നെ ആരംഭിച്ച യൂനിഫോമിലെ കൈകടത്തൽ ആദ്യമായാണ് ഉയർന്ന തലത്തിലുള്ള സ്‌കൂളുകളെ ലക്ഷ്യം വെക്കുന്നത്
കോഴിക്കോട് | സ്‌കൂൾ യൂനിഫോമിൽ കൈകടത്താൻ സർക്കാർ ശ്രമം. ജൻഡർ ന്യൂട്രൽ യൂനിഫോം എന്ന പേരിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂനിഫോം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് വിവാദമാകുന്നത്. ബാലുശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ ഭാഗമായുള്ള ഹയർ സെക്കൻഡറി (മിക്‌സഡ്) ഒന്നാം വർഷ ബാച്ചിലാണ് പുതിയ രീതി നടപ്പാക്കുന്നത്.
“ആൺകുട്ടികളും പെൺകുട്ടികളും പാന്റും ഷർട്ടും ധരിക്കണമെന്ന പ്രഖ്യാപനം ഒരേ സ്വാതന്ത്ര്യം. ഒരേ സമീപനം’ എന്ന മുദ്രാവാക്യമായാണ് പദ്ധതി നടപ്പാക്കുന്നത്. ബാലുശ്ശേരി സ്‌കൂളിലെ ജൻഡർ ന്യൂട്രൽ യൂനിഫോം പ്രഖ്യാപനം നാളെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് നിർവഹിക്കുന്നത്. പി ടി എയുടെ നിർദേശ പ്രകാരമാണ് ഇത്തരത്തിലൊരു തീരുമാനം നടപ്പാക്കുന്നതെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. അതേസമയം, എൽ പി സ്‌കൂളുകളിൽ നേരത്തേ തന്നെ ആരംഭിച്ച യൂനിഫോമിലെ കൈകടത്തൽ ആദ്യമായാണ് ഉയർന്ന തലത്തിലുള്ള സ്‌കൂളുകളെ ലക്ഷ്യം വെക്കുന്നത്.
ആൺകുട്ടികൾ ധരിക്കുന്ന അതേ വസ്ത്രം പെൺകുട്ടികളും ധരിക്കേണ്ട സാഹചര്യം ബാലുശ്ശേരി സ്‌കൂളിൽ നടപ്പാക്കുന്നതിനെതിരെ രക്ഷിതാക്കളും എസ് എസ് എഫ് അടക്കമുള്ള വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
കൂടാതെ, സാമൂഹിക മാധ്യമങ്ങളിലും ഏകീകൃത യൂനിഫോമിനതിരെ ശക്തമായ പ്രതിഷേധമുയർന്നിരിക്കുകയാണ്. അതേസമയം, സ്‌കൂൾ യൂനിഫോം ഏകീകരിക്കാനുള്ള ശ്രമത്തിന് സർക്കാറിന്റെ കൈയടിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിലപാട്. എറണാകുളം ജില്ലയിലെ വളയൻചിറങ്ങര എൽ പി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ത്രീഫോർത്തും ഷർട്ടും യൂനിഫോമാക്കി നടപ്പാക്കിയതിനെ അഭിനന്ദിച്ച് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
സമൂഹത്തിൽ ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിപ്ലവകരമായ മാറ്റങ്ങൾക്ക് ഇത് കാരണമാകുമെന്നും പാഠ്യ പദ്ധതി പരിഷ്‌കരിക്കുമ്പോൾ ലിംഗ സമത്വവും ലിംഗ അവബോധവും ലിംഗ നീതിയും മുൻനിർത്തിയുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുകയുണ്ടായി. കൂടാതെ, കുട്ടികളുടെ വസ്ത്രധാരണത്തിൽ ലിംഗഭേദം പാടില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവിയും പ്രസ്താവനയിറക്കിയിരുന്നു.