International
ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍; അടിയന്തര ലാന്‍ഡിങ് നടത്തി ചെറുവിമാനം
ആസ്‌ത്രേലിയയില്‍ ന്യൂ സൗത്ത് വെയില്‍സിലെ ന്യൂകാസിലിലാണ് സംഭവം. ഈസ്റ്റേണ്‍ എയര്‍ സര്‍വീസസ് നടത്തുന്ന ബീച്ച്ക്രാഫ്റ്റ് സൂപ്പര്‍ കിംഗ് എയര്‍ എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.
മെല്‍ബണ്‍ | ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ന്യൂകാസില്‍ ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തി ചെറുവിമാനം. വിമാനം സുരക്ഷിതമായി വീല്‍സ്-അപ്പ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയതായി ന്യൂകാസില്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഈസ്റ്റേണ്‍ എയര്‍ സര്‍വീസസ് നടത്തുന്ന ബീച്ച്ക്രാഫ്റ്റ് സൂപ്പര്‍ കിംഗ് എയര്‍ എന്ന ചെറുവിമാനമാണ് രാവിലെ 8.30ന് സിഡ്നിക്ക് വടക്കുള്ള ന്യൂകാസില്‍ വിമാനത്താവളത്തില്‍ നിന്ന് 112 മൈല്‍ വടക്ക് പോര്‍ട്ട് മക്വാരിയിലേക്ക് മൂന്ന് യാത്രക്കാരുമായി യാത്രതിരിച്ചത്. വിമാനം പറന്നുയര്‍ന്ന് 10 മിനുട്ടിനുള്ളില്‍ തന്നെ എന്‍ജിന്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ട പൈലറ്റ് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം നല്‍കുകയായിരുന്നു. അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിന് മുന്നോടിയായി ഇന്ധനം ഒഴിവാക്കുന്നതിന് വിമാനത്താവളത്തിന് ചുറ്റും നാല് മണിക്കൂര്‍ പറന്നതിന് ശേഷമാണ് റണ്‍വേയില്‍ സുരക്ഷിതമായി ഇറക്കിയത്. പോര്‍ട്ട് മക്വാരി ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ എയര്‍ സര്‍വീസസിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം.
സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തുന്നതിന് വില്യംടൗണിലെ പ്രതിരോധ കേന്ദ്രത്തില്‍ അടിയന്തര ഓപ്പറേഷന്‍ റൂം സജ്ജീകരിച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍, പോലീസ്, സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ്, ആംബുലന്‍സുകള്‍ എന്നിവയുള്‍പ്പെടെയുള്ള സംഘത്തെയും വിമാനത്താവളത്തില്‍ തയാറാക്കി നിര്‍ത്തിയിരുന്നു.