Connect with us

International

ഓക്‌സിജന്‍ റിലീവ് വാല്‍വില്‍ തകരാര്‍; ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു

യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും വിക്ഷേപണത്തിനായി പേടകത്തില്‍ പ്രവേശിച്ചിരുന്നു.

Published

|

Last Updated

വാഷിംഗ്ടണ്‍| സാങ്കേതിക തകരാര്‍ മൂലം ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് നാസ അറിയിച്ചു. ഇനി എന്ന് വിക്ഷേപണമുണ്ടാകുമെന്ന് അറിയിച്ചിട്ടില്ല.

യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും വിക്ഷേപണത്തിനായി പേടകത്തില്‍ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവച്ചതോടെ ഇരുവരെയും പേടകത്തില്‍ നിന്ന് തിരിച്ചിറക്കി.ബോായിങ്ങിന്റെ പുതിയ സ്‌പേസ് എയര്‍ക്രാഫ്റ്റായ സ്റ്റാര്‍ലൈനര്‍ ഇന്ന് രാവിലെ 8.04നാണ് ഫോളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും വിക്ഷേപിക്കാനിരുന്നത്.

സ്റ്റാര്‍ ലൈനര്‍ ആദ്യമായാണ് മനുഷ്യരുമായി ഒരു പരീക്ഷണ യാത്ര നടത്താനിരുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ ലൈനര്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് നാസയുമായി ചേര്‍ന്ന് ഈ പരീക്ഷണം. ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ് എന്നാണ് നാസയുടെ ഈ ദൗത്യത്തിന് പേര് നല്‍കിയിരുന്നത്.

പതിനെട്ട് വര്‍ഷം മുമ്പ് 2006 ലായിരുന്നു സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശയാത്ര. നാല്‍പതാം വയസ്സിലായിരുന്നു ഇത്. 2012-ല്‍ രണ്ടാമത്തെ യാത്രയും നടത്തി. ഇപ്പോഴിതാ 58-ാം വയസ്സില്‍ മൂന്നാമത്തെ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുകയായിരുന്നു അവര്‍.രണ്ട് ബഹിരാകാശ ദൗത്യങ്ങളിലായി സുനിത വില്യംസ് ഇതുവരെ 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. ഇന്ത്യക്കാരനായ ഡോ.ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായ സുനിത വില്യംസ് അമേരിക്കന്‍ നാവികസേനാ പരീക്ഷണ പൈലറ്റായിരുന്നു.വീണ്ടും ഒരിക്കല്‍ കൂടി ബഹിരാകാശത്ത് എത്തുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ തനിക്ക് വീട്ടിലേക്ക് മടങ്ങുന്ന തോന്നല്‍ ആണുള്ളത് എന്നാണ് സുനിത പ്രതികരിച്ചിരുന്നത്.

 

 

 

Latest