Connect with us

National

കോണ്‍ഗ്രസ് ഇനി മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ 'കൈ'ക്കുമ്പിളിൽ

എതിർ സ്ഥാനാർഥി ശശി തരൂർ 1072 വോട്ടുകൾ നേടിയപ്പോൾ ഖാർഗെ 7897 വോട്ടുകളാണ് നേടിയത്.

Published

|

Last Updated

ഡല്‍ഹി | കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി മല്ലികാര്‍ജുര്‍ ഖാര്‍ഗെയെ തിരഞ്ഞെടുത്തു. 84 ശതമാനം വോട്ടുകൾ നേടിയാണ് ഖാർഗെയുടെ വിജയം. എതിർ സ്ഥാനാർഥി ശശി തരൂർ 1072 വോട്ടുകൾ നേടിയപ്പോൾ ഖാർഗെ 7897 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ 24 വർഷത്തിനിടെ ആദ്യമായാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് കോൺഗ്രസ് അമരത്ത് എത്തുന്നത്.

തുടർച്ചയായ പൊതുതെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് 2019 ൽ രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞപ്പോൾ സോണിയാ ഗാന്ധിയാണ് താത്കാലികമായി പാർട്ടിയെ നയിച്ചിരുന്നത്.  സോണിയാ ഗാന്ധിയിൽ നിന്ന് ഈ മാസം 26ന് ഖാർഗെ ചുമതലയേറ്റെടുക്കും.

ലോക്സഭയിലേയും രാജ്യസഭയിലേയും നേതൃപാടവത്തിന്റെ പരിചയ സമ്പന്നതയുമായാണ് മല്ലിഖാർജുൻ ഖാർഗെ കോൺഗ്രസ് പാർട്ടിയുടെ അമരത്തെത്തുന്നത്. കർണാടകയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് ഖാർഗെ. ഏഴ് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, പത്ത് തവണ നിയമസഭാംഗം, രണ്ട് തവണ ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഖാർഗെ 2020 മുതൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ്.

കർണ്ണാടകയിലെ ബിടാർ ജില്ലയിലെ ഭൽക്കി താലൂക്കിലെ വാർവെട്ടി എന്ന ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തിൽ മാപ്പന ഖാർഗയുടേയും സബാവയുടേയും മകനായി 1942 ജൂലൈ 21നാണ് ഖാർഗെയുടെ ജനനം. കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഖാർഗെ 1962-ൽ കോൺഗ്രസിൽ ചേർന്നു.

വിജയവാർത്ത അറിഞ്ഞ് ഗാര്‍ഖെയുടെ വീട്ടിനു മുന്നില്‍ വാദ്യഘോഷങ്ങളുമായി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.