mamtha banerjee
ഹൗറയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമതാ ബാനര്‍ജിയുടെ സഹോദരന്‍; ബബൂനിനെ കുടുംബാംഗമായി പരിഗണിക്കുന്നില്ലെന്നു മമത
സിറ്റിങ് എം പി പ്രസൂണ്‍ ബാനര്‍ജിയെ വീണ്ടും ഹൗറയില്‍ മത്സരിപ്പിക്കുന്നതിനെതിരെയാണ് സഹോദരന്‍ രംഗത്തുവന്നത്.
കൊല്‍ക്കത്ത | ഹൗറയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹോദരന്‍ ബബൂന്‍ ബാനര്‍ജി (സ്വപന്‍) രംഗത്തുവന്നു. സഹോദരനെതിരെ മമതാ ബാനര്‍ജി കടുത്തഭാഷയില്‍ പ്രതികരിച്ചു. ബബൂനിനെ ഒരു കുടുംബാംഗമായി ഞാന്‍ പരിഗണിക്കുന്നില്ലെന്നും ഇന്നുമുതല്‍ ബബൂനുമായി തനിക്ക് ഒരു ബന്ധവും ഉണ്ടായിരിക്കില്ലെന്നും മമത പ്രഖ്യാപിച്ചു.
സിറ്റിങ് എം പി പ്രസൂണ്‍ ബാനര്‍ജിയെ വീണ്ടും ഹൗറയില്‍ മത്സരിപ്പിക്കുന്നതിനെതിരെയാണ് സഹോദരന്‍ രംഗത്തുവന്നത്. എല്ലാ തിരഞ്ഞെടുപ്പു സമയത്തും ബബൂന്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കാറില്ലെന്നും മമത പറഞ്ഞു. കുടുംബക്കാരെല്ലാം ടിക്കറ്റ് ചോദിക്കുമ്പോള്‍ നല്‍കാന്‍ ഇവിടെ കുടുംബ വാഴ്ചയല്ലെന്നും അത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അവര്‍ പ്രതികരിച്ചു.
ബംഗാളിലെ കായിക രംഗത്തെ അതികായനാണ് ബബൂന്‍. 2016ല്‍ ബംഗാള്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറിയായി. മോഹന്‍ ബഗാന്‍ ക്ലബ് സെക്രട്ടറി, വിവിധ തൊഴിലാളി സംഘടനകളുടെ നേതാവ് തുടങ്ങി ഒട്ടേറെ സ്ഥാനമാനങ്ങളാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ബബൂനിനെ തേടിയെത്തിയത്. 2013ല്‍ ലോക്‌സഭാ ഇലക്ഷനില്‍ മത്സരിച്ച പ്രസൂണിന് വേണ്ടി ബബൂന്‍ പ്രചാരണം നടത്തിയിരുന്നു. 2018ല്‍ മോഹന്‍ ബഗാന്‍ ക്ലബിന്റെ വാര്‍ഷിക മീറ്റിങ്ങില്‍ വെച്ചുണ്ടായ തര്‍ക്കമാണ് ഇരുവരെയും തമ്മിലകറ്റിയത്.
മമതയുടെ പരസ്യപ്രസ്താവന പുറത്തുവന്നതോടെ ബബൂന്‍ മാപ്പപേക്ഷിച്ചു രംഗത്തുവന്നിട്ടുണ്ട്. 2019ലും 21ലും എനിക്ക് സീറ്റ് നല്‍കാമെന്നു പറഞ്ഞിരുന്നു. ഇത്തവണയും സാധ്യതയുണ്ടായിരുന്നു. ഞാന്‍ അസന്തുഷ്ടനാണ്. ദീദി ജീവനോടെയിരിക്കുമ്പോള്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകാന്‍ എനിക്ക് സാധിക്കില്ലെന്നും സഹോദരന്‍ പ്രതികരിച്ചു.