Connect with us

west bengal

ബി ജെ പിയുമായി വീണ്ടും കൊമ്പുകോര്‍ത്ത് മമത; പ്രതിപക്ഷ നേതാവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു

കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട ഒരു കേസില്‍ മമതാ ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ നേതാവുമായ അഭിഷേക് ബാനര്‍ജിയെ ഇ ഡി വിളിപ്പിച്ചതിന് പിന്നാലെയാണ് സുവേന്ദുവിന് ബംഗാള്‍ പോലീസ് നോട്ടീസ് നല്‍കിയത്

Published

|

Last Updated

കൊല്‍ക്കത്ത | സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച കേസില്‍ സുവേന്ദു അധികാരിക്ക് സമന്‍സ് അയച്ച് പശ്ചിമ ബംഗാള്‍ പോലീസ്. 2018 ല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച കേസിലാണ് സുവേന്ദു അധികാരിയെ വിളിപ്പിച്ചത്. തിങ്കളാഴ്ച സംസ്ഥാന ക്രിമിനല്‍ അന്വേഷണ വകുപ്പിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. മരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട ഒരു കേസില്‍ മമതാ ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ നേതാവുമായ അഭിഷേക് ബാനര്‍ജിയെ ഇ ഡി വിളിപ്പിച്ചതിന് പിന്നാലെയാണ് സുവേന്ദുവിന് ബംഗാള്‍ പോലീസ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അഭിഷേക് ബാനര്‍ജിയെ ഇ ഡി ചോദ്യം ചെയതത്. അദ്ദേഹത്തിന്റെ ഭാര്യ രുജിര ബാനര്‍ജിയേയും അതിന് ഒരാഴ്ച മുമ്പ് ഇ ഡി ചോദ്യം ചെയ്തിരുന്നു.

ബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവാണ് സുവേന്ദു അധികാരി. 2020 ല്‍ രാജിവെച്ച് ബി ജെ പിയില്‍ ചേരും വരെ മമത സര്‍ക്കാറില്‍ മന്ത്രിയും രണ്ടാമനും ആയിരുന്നു സുവേന്ദു. നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്തിയായിരുന്നു സുവേന്ദു ഇത്തവണ എം എല്‍ എ ആയത്.