National
സമരം ചെയ്യുന്ന ഡോക്ടർമാരെ സന്ദർശിച്ച് മമത ബാനർജി; കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി
തീർത്തും അപ്രതീക്ഷിതമായിരുന്നു മമതയുടെ സന്ദർശനം
ന്യൂഡൽഹി | ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്ന കൊൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരെ കാണാൻ മുഖ്യമന്ത്രി മമതാ ബാനർജി എത്തി. ഡോക്ടർമാർ കുത്തിയിരിപ്പ് സമരം നടത്തുന്ന ആരോഗ്യവകുപ്പിൻ്റെ ആസ്ഥാനമായ സ്വാസ്ഥ്യഭവന് മുന്നിലെത്തിയ മുഖ്യമന്ത്രി അവരെ അഭിസംബോധന ചെയ്തു. സർക്കാർ ഡോക്ടർമാർക്ക് ഒപ്പമുണ്ടെന്നും കുറ്റക്കാർ ആരായാലും അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മമത അവർക്ക് ഉറപ്പ് നൽകി. തീർത്തും അപ്രതീക്ഷിതമായിരുന്നു മമതയുടെ സന്ദർശനം.
ശക്തമായ മുദ്രാവാക്യം വിളികൾക്കിടയിലാണ് മമത സമരക്കാരെ അഭിസംബോധന ചെയ്തത്. “ദയവായി ഞാൻ പറയുന്നത് അഞ്ച് മിനിറ്റ് കേൾക്കൂ, എന്നിട്ട് മുദ്രാവാക്യം വിളിക്കൂ. അത് നിങ്ങളുടെ ജനാധിപത്യ അവകാശമാണ്. ഞാൻ വളരെക്കാലമായി നിങ്ങളെ കാണാൻ കാത്തിരിക്കുകയാണ്. എൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശം ലംഘിച്ചാണ് ഞാൻ നിങ്ങളുടെ പ്രതിഷേധങ്ങൾക്ക് അഭിവാദ്യം അർപ്പിക്കാൻ എത്തിയത്. എൻ്റെ സ്ഥാനം എനിക്ക് വലിയ കാര്യമല്ല. പക്ഷേ നിങ്ങളുടെ ശബ്ദം പ്രധാനമാണ്. ഇന്നലെ രാത്രി മുഴുവൻ മഴ പെയ്യുന്നുണ്ടായിരുന്നു. അത് സഹിച്ചാണ് നിങ്ങൾ ഇരുന്നത്. അത് ആലോചിച്ചിട്ട് എനിക്ക് ഉറക്കം വന്നില്ല” – മമത പറഞ്ഞു.
ഒരു മാസത്തിലേറെയായി പ്രതിഷേധം തുടരുന്ന ഡോക്ടർമാരോട് ജോലിയിലേക്ക് മടങ്ങാൻ മമത അഭ്യർഥിച്ചു. ഡോക്ടർമാർ അവധിയിലായതിനാൽ രോഗികൾക്ക് കൃത്യമായി ചികിത്സ കിട്ടുന്നില്ല. അവരിൽ പലരും മരിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടി. ഡോക്ടർമാരുടെ ആവശ്യങ്ങൾക്ക് സർക്കാർ അനുഭാവപൂർവ്വം ചെവി കൊടുക്കുമെന്ന് മമത ഉറപ്പ് നൽകി.
“നിങ്ങളുടെ ആവശ്യങ്ങൾ ഞാൻ പഠിക്കും. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് ഡയറക്ടർ ജനറൽ എന്നിവരുമായി വിഷയങ്ങൾ സംസാരിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കും. തിലോത്തമയ്ക്ക് (ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സ്ത്രീക്ക് നൽകിയ പേര്) നീതി വേണം.” അവർ വ്യക്തമാക്കി.
മമത ബാനർജിയും ഏതാനും ദിവസം മുമ്പ് സമരം ചെയ്യുന്ന ഡോക്ടർമാരെ കാണാൻ ശ്രമിച്ചിരുന്നു. ഡോക്ടർമാരെ അവർ ഒരു മീറ്റിംഗിന് വിളിച്ചിരുന്നുവെങ്കിലും ആരും എത്തിയില്ല. ഇതേ തുടർന്ന്, നിങ്ങൾക്ക് തൻ്റെ സർക്കാരിൽ വിശ്വാസമില്ലെങ്കിൽ താൻ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്നും മമത വികാരഭരിതയായി പറഞ്ഞിരുന്നു.