NITI Aayog
നിതി ആയോഗ് യോഗത്തില്‍ നിന്ന് മമത ബാനര്‍ജി ഇറങ്ങിപ്പോയി
അഞ്ചു മിനിട്ട് സംസാരിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്‌തെന്നാണ് മമതയുടെ ആരോപണം

ഡല്‍ഹി | ഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ നിന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നീയിരുന്നു ഇറങ്ങിപ്പോക്ക്. അഞ്ചു മിനിട്ട് സംസാരിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്‌തെന്നാണ് മമതയുടെ ആരോപണം.
ഇന്ത്യാ സഖ്യത്തിലെ ഏഴ് മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിച്ചിരുന്നു. ബി ജെ പി മുഖ്യമന്ത്രിമാരെ 15 മിനിറ്റ് സംസാരിക്കാന്‍ അനുവദിച്ചുവെന്നും താന്‍ സംസാരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ മൈക്ക് ഓഫ് ചെയ്‌തെന്നുമാണ് ആരോപണം. അഭിപ്രായം ഉന്നയിക്കാന്‍ പോലും അവസരമുണ്ടായില്ല. വിവേചനം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മമതയുടെ ബഹിഷ്‌കരണം.
പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റില്‍ തഴഞ്ഞുവെന്നും മമത ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് താന്‍ പറഞ്ഞു. തനിക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പ്രതിപക്ഷത്ത് നിന്ന് ഞാന്‍ മാത്രമാണ് പങ്കെടുത്തത്. എന്നിട്ടും തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇത് അപമാനകരമാണെന്നും മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2047ലെ വികസിത ഭാരതം എന്ന അജണ്ടയിലാണ് നീതി ആയോഗിന്റെ സമ്മേളനം. സംസ്ഥാന മുഖ്യമന്ത്രിമാര്‍ , ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. ബജറ്റില്‍ വിവേചനം കാട്ടിയതെന്നു ചൂണ്ടിക്കാട്ടി ആദ്യം ബഹിഷ്‌കരണം പ്രഖ്യാപിച്ചത് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആയിരുന്നു. പിന്നാലെ ചേര്‍ന്ന ഇന്ത്യ സഖ്യ യോഗത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് സമ്പൂര്‍ണ ബഹിഷ്‌കരണം എന്ന ആശയം അവതരിപ്പിച്ചത്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കര്‍ണാടക ,തെലങ്കാന , ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മമതയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനു യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുടെ പൊതുവികാരം മമത യോഗത്തില്‍ അറിയിക്കും എന്നായിരുന്നു ടി എം സി യുടെ വാദം. എന്നാല്‍ സംസാരിക്കാന്‍ സമയം ലഭിക്കാതായതോടെ മമത ഇറങ്ങിപ്പോവുകയായിരുന്നു.