National
ഐ എസ് എല്‍ രാജാക്കന്‍മാരെ വരവേറ്റ് മമത ബാനര്‍ജി
ബംഗാള്‍ രാജ്യത്തിന് വഴി കാണിക്കുമെന്നും ബംഗാള്‍ ഇന്ന് ചിന്തിക്കുന്ന കാര്യം ഇന്ത്യ നാളെ ചിന്തിക്കുമെന്നും മമത

കൊല്‍ക്കത്ത | ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കിരീട നേട്ടത്തിന് ശേഷം ബെംഗാളിലെത്തിയ എ ടി കെ മോഹന്‍ ബഗാന്‍ താരങ്ങള്‍ക്ക് ഊശ്മള സ്വീകരണം നല്‍കി വെസ്റ്റ് ബെംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഗോവയിലെ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഫൈനല്‍ മത്സരത്തില്‍ എഫ് ബെംഗളൂരുവിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-3ന് കീഴടക്കിയാണ് എ ടി കെ മോഹന്‍ ബഗാന്‍ കിരീടം നേടിയത്. തുടര്‍ന്ന്, ഇന്നലെ ബെംഗാളിലെത്തിയ ടീമിന് വന്‍ സ്വീകരണമാണ് ഫുട്ബോൾ പ്രേമികള്‍ നല്‍കിയത്.
ഇതിനു ശേഷം ക്ലബ്ബ് ഉടമയുടെ സ്വീകരണം ഇന്നലെ രാത്രി നടന്നു. ഇന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയത്. ഓരോ താരങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ബംഗാള്‍ രാജ്യത്തിന് വഴി കാണിക്കുമെന്നും ബംഗാള്‍ ഇന്ന് ചിന്തിക്കുന്ന കാര്യം ഇന്ത്യ നാളെ ചിന്തിക്കുമെന്നും മമത ചടങ്ങിനിടെ പറഞ്ഞു. ബെംഗാള്‍ ലോകം കീഴടക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം, ക്ലബിനെ ലോകോത്തര ടീമായി മാറ്റണമെന്നും മമത ആവശ്യപ്പെട്ടു. അതിനായി ബംഗാള്‍ സര്‍ക്കാര്‍ 50 ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു.